Actress Roma : പലർക്കും ആ ആറ്റിറ്റ്യൂഡിനോട് ക്രഷായിരുന്നു, പക്ഷെ ഗോസിപ്പുകൾ തിരിച്ചടിയായി, തിരിച്ചു വരവിനും ശ്രമിച്ചു; റോമയ്ക്ക് പിഴച്ചത് എവിടെ?
What Happened To Actress Roma's Film Career : 2021ൽ എത്തിയ വെള്ളേപ്പം എന്ന സിനിമയിലാണ് റോമയെ ഏറ്റവും ഒടുവിലായി കാണാൻ ഇടയായത്. മലയാള സിനിമയിലെ നായികമാരിലെ ബോൾഡ് ആറ്റിറ്റ്യൂഡിന് വേറെ മാനം കൊണ്ടുവന്ന നടിയായിരുന്നു റോമ.
2006ൽ ക്രിസ്മസ് റിലീസായി തിയറ്ററിൽ എത്തിയ ചിത്രമായിരുന്നു റോഷൻ ആൻഡ്രൂസ് ഒരുക്കിയ നോട്ട്ബുക്ക്. പ്ലസ് ടു കാലത്തെ പെൺകുട്ടികളുടെ സൗഹൃദവും അതിന് ആസ്പദമാക്കി മറ്റ് ചില വിഷയങ്ങളും അവതരിപ്പിച്ച സിനിമയായിരുന്നു നോട്ട്ബുക്ക്. കഥ പറച്ചിലിൻ്റെ വ്യത്യസ്തതയിലും സിനിമ മുന്നോട്ട് വെക്കുന്ന വിഷയവും നോട്ട്ബുക്കിന് അന്ന് കൂടുതൽ സ്വീകാര്യത ലഭിക്കാൻ ഇടയാക്കി. ആ ചിത്രത്തോടൊപ്പം പ്രേക്ഷകരുടെ മനസ്സിൽ കയറിയത് സേറാ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച റോമ അസ്രാണിയെയാണ് (Actress Roma Asrani).
വടക്കെ ഇന്ത്യയിലെ വ്യാപാരികളായ സിന്ധി കുടുംബത്തിൽ ജനിച്ച റോമ അപ്രതീക്ഷിതമായിട്ടായിരുന്നു മലയാള സിനിമയിലേക്കെത്തുന്നത്. നോട്ട്ബുക്കിന് ശേഷമുള്ള രണ്ട് വർഷം മലയാള സിനിമയിലെ റോമയുടെ വർഷമാണെന്ന് പറയാം. യുവാക്കളെ ആസ്പദമാക്കി ഒരുക്കുന്ന മിക്ക ചിത്രത്തിലും റോമയുടെ സാന്നിധ്യം ഉണ്ടാകും. ഒരൊറ്റ വർഷം കൊണ്ട് മലായള സിനിമയിലെ ഏറ്റവും മാർക്കേറ്റിയ നായികയായി മാറിയ റോമ, അതേവർഷം തന്നെ മാർക്കറ്റ് മൂല്യം നഷ്ടപ്പെട്ട ഒരു താരമായി മാറി. പിന്നീട് ലഭിക്കുന്ന സിനിമകുടെ എണ്ണം കുറഞ്ഞതോടെ ഇന്നത്തെ തലമുറ പറയുന്നത് പോലെ അങ്ങനെ റോമ ഫീൽഡ് ഔട്ടായി.
റോമയുടെ ‘ചോക്ലേറ്റ്’ കാലം
നോട്ട്ബുക്ക് ഇറങ്ങി പിന്നാലെ ദിലീപ്-ജോഷി ചിത്രത്തിൽ റോമയ്ക്ക് നായിക വേഷം ലഭിച്ചു. പക്ഷെ റോമയെ പ്രേക്ഷകർ ഏറ്റെടുത്തത് പൃഥ്വിരാജ് ചിത്രമായ ചോക്ലേറ്റിലൂടെയാണ്. ചിത്രത്തിൽ പൃഥ്വിരാജിനൊത്ത എതിരാളി എന്ന പോലെ നായികയായി റോമ ചോക്ലേറ്റിൽ വിലസി. മലയാള സിനിമയിലെ അച്ചായത്തിമാർക്ക് മറ്റൊരു മാനം റോമയുടെ കഥാപാത്രങ്ങളിലൂടെ ഉണ്ടായി. അതിന് തുടക്കം കുറിച്ചത് ചോക്ലേറ്റിലൂടെയായിരുന്നു. എന്നാൽ ചോക്ലേറ്റിൻ്റെ വിജയലഹരിയിൽ റോമയ്ക്ക് പിന്നെ മറ്റൊരു വ്യത്യസ്ത സൃഷ്ടിക്കാൻ സാധിച്ചില്ല.
അവസാനം 2008ൽ ക്രിസ്മസ് റിലീസായി എത്തിയ ലോലിപോപ്പും കൂടി ബോക്സ്ഓഫീസിൽ തകർന്നതോടെ റോമ എന്ന നടിയുടെ മലയാളത്തിലെ മാർക്കറ്റ് ഇടിഞ്ഞു. ഇതിനിടെ കന്നഡയിലും തെലുങ്കിലും ശ്രമിച്ചെങ്കിലും അവിടെ ശ്രദ്ധ നേടിയെടുക്കാൻ സാധിച്ചില്ല. അങ്ങനെ ഒരു ക്രിസ്മസിന് തെളിഞ്ഞ് മറ്റൊരു ക്രിസ്മസിന് പൊലിഞ്ഞു പോയ താരമായി മാറി റോമ. എന്നിരുന്നാലും 2010ന് ശേഷം ട്രാഫിക്, ചാപ്പകുരിശ്, ഗ്രാൻഡ്മാസ്റ്റർ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചെങ്കിലും ആ പഴയ മാർക്കറ്റ് നേടിയെടുക്കാൻ റോമയ്ക്ക് സാധിച്ചില്ല. പിന്നീട് നമസ്തെ ബാലി, സത്യ എന്നീ ചിത്രങ്ങളിലൂടെ ഒരു തിരിച്ചുവരവിന് റോമ ശ്രമിച്ചു. എന്നാൽ ബോക്സ്ഓഫീസിൽ പോലും ആ ചിത്രങ്ങൾക്ക് ഇടം ലഭിക്കാതെ വന്നതോടെ റോമയുടെ സിനിമ കരിയറിന് അവിടെ അവസാനമായി. അതിനിടെ 2021 വെള്ളേപ്പം എന്ന ചിത്രത്തിലും റോമ ഭാഗമായെങ്കിലും, അങ്ങനെ സിനിമ വന്നിട്ടുണ്ടോ എന്ന് ആരാധകർക്കും പോലും അറിയില്ല.
കരിയറിന് തിരിച്ചടിയായത് ഗോസിപ്പുകൾ?
സിനിമ കരിയർ ആരംഭിച്ച് സ്ഥിരത ലഭിച്ച വന്നപ്പോഴേക്കും റോമയുടെ പേരിൽ ചില ഗോസിപ്പുകളും വിവാദങ്ങളും ഉണ്ടായി. അവയ്ക്കെല്ലാം ക്രിമിനൽ പശ്ചാത്തലമുള്ളതാണ് ശ്രദ്ധേയം. ടോട്ടൽ ഫോർ യു തട്ടിപ്പ് കേസ് പ്രതിയായ ശബരിനാഥുമായി റോമയ്ക്ക് അടുത്ത ബന്ധമുണ്ടെന്നായിരുന്നു ആദ്യ ഗോസിപ്പ്. ശബരിനാഥ് നിർമിച്ച ആൽബത്തിൽ റോമ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. നടിക്ക് ശബരിനാഥുമായി അടുത്ത ബന്ധമുണ്ടെന്നും ഒരു ചടങ്ങിൽ വെച്ച് നടിക്ക് പ്രതി ലക്ഷങ്ങൾ വില വരുന്ന ആഭരണങ്ങൾ സമ്മാനമായി നൽകിയെന്നുമായിരുന്നു ആരോപണം. ഇതിൻ്റെ അടിസ്ഥാനത്തിൽ തട്ടിപ്പ് കേസ് അന്വേഷിച്ച അന്വേഷണ സംഘം റോമയെ ചോദ്യം ചെയ്തിരുന്നു. പിന്നീട് നടിയെ കേസിലെ സാക്ഷി പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു.
പിന്നീട് റോമയുടെ പേര് മറ്റൊരു കേസുമായിട്ടാണ് ബന്ധപ്പെട്ടാണ് കേട്ടത്. പോൾ മുത്തൂറ്റ് വധക്കേസിൽ നടിയുടെ പേര് കൂട്ടിച്ചേർത്ത് ചില അഭ്യൂഹങ്ങൾ ഉടലെടുത്തു. ഒരു അജ്ഞാത സ്ത്രീ പോൾ മുത്തൂറ്റിനൊപ്പമുണ്ടായിരുന്നുയെന്നാണ് പോലീസിൻ്റെ അന്വേഷണം നടക്കുന്ന സമയത്ത് റിപ്പോർട്ടുകൾ പുറത്ത് വന്നത്. പിന്നീട് സിബിഐ അന്വേഷണത്തിൽ അത് സിനിമ മേഖലയിൽ നിന്നുള്ളവരല്ലെന്നും കണ്ടെത്തിയിരുന്നു. ഇതിലൊന്നും നടിക്ക് വലിയ പങ്കില്ലെന്ന് റിപ്പോർട്ട് പുറത്ത് വന്നപ്പോഴേക്കും റോമയുടെ കരിയർ ഏകദേശം അവസാനിച്ചു കഴിഞ്ഞു. ‘ഉയർന്ന പദവിയിലേക്ക് എത്തുന്ന ആർക്കും ഇത്തരം ഗോസിപ്പുകൾ കേൾക്കേണ്ടി വരും’ എന്നായിരൂന്നു 2009ൽ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ റോമ ഈ ഗോസിപ്പുകൾക്കെല്ലാം മറുപടിയായി പറഞ്ഞത്. എന്നാൽ അപ്പോഴും മലയാള സിനിമയിലെ റോമ യുഗത്തിന് അവസാനമായി.
റോമ ബിസിനെസിലേക്ക് തിരിഞ്ഞോ?
അതിനിടെ സിനിമയിൽ നിന്നും വിട്ടുമാറി റോമ ഇപ്പോൾ ബിസിനെസിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നുള്ള ചില അഭ്യുഹങ്ങൾ പുറത്ത് വന്നിരുന്നു. ഒരു സിനിമ ഗ്രൂപ്പിലെ ചർച്ചയിലാണ് വജ്ര ബിസിനെസുമായി നടി ഇപ്പോൾ ദക്ഷിണാഫ്രിക്കയിലാണെന്നുള്ള അഭ്യുഹമുണ്ടായത്. 2022ൽ നടിക്ക് യുഎഇ ഗോൾഡൻ വിസ ലഭിച്ചിരുന്നു. ഇതോടെ നടി ബെംഗളൂരുവിൽ നിന്നും താമസം യു.എ.ഇയിലേക്ക് മാറ്റിയെന്നു അവിടെ കേന്ദ്രീകരിച്ച് ബിസിനെസ് നടത്തുകയാണ് മറ്റ് ചിലർ പറയുന്നത്. എന്നാൽ ഇക്കാര്യങ്ങൾ കുറിച്ച് റോമ എവിടെ വ്യക്തമാക്കിട്ടില്ല. അതിനിടെ നടി ടീച്ചറായി പഠിപ്പിക്കാനും തുടങ്ങിയെന്നും റെഡ്ഡിറ്റിലെ ഒരു ചർച്ചയ്ക്ക് ചിലർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ അത് നടി സിനിമയ്ക്ക് വരുന്നതിന് മുമ്പുള്ള വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.