Hema Committee Report: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങളെല്ലാം നല്‍കാന്‍ തയാറാണ്: സജി ചെറിയാന്‍
Saji Cheriyan abou Hema Committee Report: റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാരിന്റെ നിലപാട് എന്താണെന്നും റിപ്പോര്‍ട്ടില്‍ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ടെങ്കില്‍ അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി പറഞ്ഞു. പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ കൊഗ്നിസിബള്‍ ഒഫന്‍സ് ഉണ്ടെങ്കില്‍ നടപടി സ്വീകരിക്കണമെന്നും കോടതി പറഞ്ഞു.
തിരുവനന്തപുരം: ഹൈക്കോടതി ആവശ്യപ്പെടുന്ന മുറയ്ക്ക് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങളെല്ലാം നല്‍കാന്‍ സര്‍ക്കാര്‍ തയാറാണെന്ന് മന്ത്രി സജി ചെറിയാന്‍. കോടതി പറയുന്നതെന്തും നടപ്പാക്കുും. റിപ്പോര്‍ട്ടിന്മേല്‍ കോടതി ഇടപെടുന്നതിന് മുമ്പേ തന്നെ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം മുദ്രവെച്ച കവറില്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് കോടതിയുടെ നിര്‍ദേശം. റിപ്പോര്‍ട്ട് സെപ്റ്റംബര്‍ 10ന് കോടതിയില്‍ ഹാജരാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കൂടാതെ സംഭവത്തില്‍ കേസെടുക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം നല്‍കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാരിന്റെ നിലപാട് എന്താണെന്നും റിപ്പോര്‍ട്ടില്‍ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ടെങ്കില്‍ അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി പറഞ്ഞു. പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ കൊഗ്നിസിബള്‍ ഒഫന്‍സ് ഉണ്ടെങ്കില്‍ നടപടി സ്വീകരിക്കണമെന്നും കോടതി പറഞ്ഞു.
ആരെങ്കിലും പരാതിയുമായി മുന്നോട്ടു വന്നാല്‍ നടപടി എടുക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. വനിതാ കമ്മിഷനെയും കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്. കൊഗ്‌നിസിബിള്‍ ഒഫന്‍സ് ഉണ്ടെങ്കില്‍ അത് പോക്‌സോ കേസിലാണെങ്കില്‍ നടപടിയെടുക്കാനാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇനിയിപ്പോള്‍ മൊഴി നല്‍കിയവര്‍ക്ക് ഇക്കാര്യങ്ങള്‍ പുറത്തുപറയാന്‍ സാധിക്കാത്ത അവസ്ഥയാണെങ്കില്‍ അവരുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ട് കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കാന്‍ സാധിക്കില്ലേയെന്നും കോടതി ചോദിച്ചിരുന്നു.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെടുത്തി കോണ്‍ക്ലേവില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്. ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തിയുള്ള കോണ്‍ക്ലേവ് എന്താണ് ഉദ്ദേശിക്കുന്നതെന്നും അത് തെറ്റാണെന്ന് വിഡി സതീശന്‍ വ്യക്തമാക്കി. ഈ റിപ്പോര്‍ട്ട് നാലരവര്‍ഷം മറച്ചുവെച്ചുകൊണ്ട് മുഖ്യമന്ത്രി ഗുരുതരമായ തെറ്റ് ചെയ്തുവെന്നും ഇരകളായ സ്ത്രീകളെ ചേര്‍ത്ത് പിടിക്കാന്‍ ആരെയും കണ്ടില്ലായെന്നും അദ്ദേഹം പറഞ്ഞു.
സമഗ്രമായ സിനിമ നയം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ വിഷയത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. സിനിമ നയത്തിന്റെ കരട് തയാറാക്കുന്നതിനായി സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണിന്റെ അധ്യക്ഷതയില്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പുതുതായി രൂപീകരിച്ച കമ്മിറ്റിയില്‍ സിനിമാ രംഗത്തെ വിവിധ മേഖലകളിലുള്ളവരുടെ പ്രാതിനിധ്യം ഉറപ്പ് വരുത്തിയിട്ടുണ്ട്. സിനിമാ നയത്തിന്റെ കരട് രേഖ ചര്‍ച്ച ചെയ്യുന്നതിനായി കോണ്‍ക്ലേവ് നടത്തും. സിനിമയിലെ പ്രൊഡക്ഷന്‍ ബോയി മുതല്‍ സംവിധായകന്‍ വരെയുളള സിനിമക്ക് മുന്നിലും അണിയറയിലും ഉളള എല്ലാവരേയും പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ ചര്‍ച്ച നടത്തിയാണ് സിനിമാ നയം രൂപീകരിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
മദ്യം, മയക്കുമരുന്ന് പോലെയുളള പ്രവര്‍ത്തികള്‍ തടയണം, ലൈംഗിക അതിക്രമങ്ങള്‍ തടയണം തുടങ്ങിയ ഗൗരവമേറിയ കാര്യങ്ങളാണ് റിപ്പോര്‍ട്ടിലെ മറ്റ് ശുപാര്‍ശകള്‍. അതിനെല്ലാം ഇപ്പോള്‍ തന്നെ ക്രമസമാധാന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ക്ക് ഫലപ്രദമായി ഇടപ്പെടാന്‍ കഴിയും, ഇടപെടുന്നുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഷൂട്ടിംഗ് സ്ഥലങ്ങളിലെല്ലാം ഇ ടോയിലറ്റുകള്‍, സുരക്ഷിതമായ ഡ്രസ് ചേഞ്ചിങ് റൂമുകള്‍, സിനിമയുമായി ബന്ധപ്പെട്ട് താമസിക്കുകയും യാത്ര ചെയ്യുകയും ചെയ്യേണ്ടിവരുന്ന സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ചകാര്യങ്ങള്‍ എന്നിവയിലെല്ലാം സര്‍ക്കാരിന് മാത്രമായി തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കുന്നതല്ല, സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കോണ്‍ക്ലേവില്‍ ഇതെല്ലാം ചര്‍ച്ച ചെയ്യപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, വിഷയത്തില്‍ പ്രതികരിച്ച് നടിയും ഡബ്‌ള്യൂസിസി അംഗവുമായി പാര്‍വതി തിരുവോത്ത് രംഗത്തെത്തി. കോണ്‍ക്ലേവ് എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസിലാകുന്നില്ലെന്ന് പാര്‍വതി പറഞ്ഞു. 2019 ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ മുതല്‍ ഡബ്ല്യൂസിസി ചോദിക്കുന്നതാണ് റിപ്പോര്‍ട്ട് എന്ന് പുറത്ത് വരുമെന്ന്, ഇരകള്‍ പരാതി കൊടുക്കട്ടെയെന്ന സര്‍ക്കാര്‍ നിലപാട് സങ്കടകരമാണെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.
ലൈംഗിക ചൂഷണം മാത്രമല്ല വിഷയം എന്നും കോണ്‍ക്ലേവ് എന്നത് കൊണ്ട് എന്താണ് എന്താണ് ഉദ്ദേശിക്കുന്നത് എന്നും പാര്‍വതി ചോദിച്ചു. ഇരകളും വേട്ടക്കാരും ഒരുമിച്ച് ഇരുന്നാണോ അത് സംഘടിപ്പിക്കേണ്ടത്. എന്താണ് തൊഴിലിടം എന്നത് സംബന്ധിച്ച് ആര്‍ക്കും വ്യക്തമായ ധാരണയില്ല, കൃത്യമായ നിയമങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട്, സര്‍ക്കാറിനേ ഇതെല്ലാം ചെയ്യാന്‍ സാധിക്കൂ.
പുരുഷന്‍മാരായ താരങ്ങള്‍ക്ക് എല്ലായ്പ്പോഴും വേതനം മുകളിലോട്ടാണ് പോകുന്നത്. എന്നാല്‍ സ്ത്രീകള്‍ക്ക് അടിസ്ഥാന വേതനം പോലും ലഭിക്കുന്നില്ല. തന്റെ അഭിപ്രായമാണ് പറയുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.