Marco Telugu Release: ‘മാർക്കോ’ ഇനി തെലുങ്കിലും, റിലീസ് തീയതി പ്രഖ്യാപിച്ചു; ഡബ്ബിങ് റൈറ്റ്സ് വിറ്റുപോയത് കോടികൾക്ക്
Marco Movie Telugu Version Release: മാർക്കോയുടെ ഡബ്ബിങ് അവകാശം നേരത്തെ തന്നെ വിറ്റുപോയിരുന്നു. ചിത്രത്തിന്റെ തെലുങ്ക് ഡബ്ബിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് റെക്കോർഡ് തുകയ്ക്കാണ്.
മലയാള സിനിമ പ്രേമികളെ ഒട്ടാകെ ഞെട്ടിക്കുന്ന വയലൻസ് രംഗങ്ങളുമായി എത്തിയ ചിത്രമാണ് ‘മാർക്കോ’. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദെനി ഒരുക്കിയ ചിത്രം ഇപ്പോൾ തീയറ്ററുകളിൽ നിറഞ്ഞോടുകയാണ്. ഈ മാസം 20-ന് മലയാളം, തമിഴ്, ഹിന്ദി, കന്നഡ എന്നിങ്ങനെ നാല് ഭാഷകളിലാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. ഇപ്പോഴിതാ ‘മാർക്കോ’യുടെ തെലുങ്ക് പതിപ്പിന്റെ റിലീസ് തീയതിയും പ്രഖ്യാപിച്ചിരിക്കുകയാണ്.
സെൻസർ ബോർഡിൽ നിന്ന് ‘എ’ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടും, ഇത്രയും അക്രമാസക്തമായ രംഗങ്ങൾ ഉണ്ടായിരുന്നിട്ട് പോലും, റീലീസായി ആദ്യ നാല് ദിവസം കൊണ്ട് തന്നെ ചിത്രം നേടിയത് 35 കോടിയാണ്. ഇതോടെയാണ് ഇപ്പോൾ ചിത്രത്തിന്റെ തെലുങ്ക് റിലീസ് തീയതി കൂടി പ്രഖ്യാപിച്ചിരിക്കുന്നത്. 2025 ജനുവരി ഒന്നിനാണ് ‘മാർക്കോ’ തെലുങ്കിൽ റിലീസ് ചെയ്യുക.
മാർക്കോയുടെ ഡബ്ബിങ് അവകാശം നേരത്തെ തന്നെ വിറ്റുപോയിരുന്നു. ചിത്രത്തിന്റെ തെലുങ്ക് ഡബ്ബിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് റെക്കോർഡ് തുകയ്ക്കാണ്. ഒടിടി പ്ലേ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം തിയേറ്റർ റവന്യുവിന്റെ ഒരു ഷെയർ കൂടാതെ മൂന്ന് കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ ഡബ്ബിങ് അവകാശം വിൽക്കപ്പെട്ടത്.
അതേസമയം, ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ച പുതിയ അപ്‌ഡേറ്റ് കഴിഞ്ഞ ദിവസം ഉണ്ണി മുകുന്ദൻ തന്നെ നൽകിയിരുന്നു. എ സർട്ടിഫിക്കറ്റോട് കൂടി പ്രദർശനത്തിനെത്തിയ ചിത്രം രണ്ടു വട്ടം സെൻസർ ചെയ്യപ്പെട്ടിരുന്നുവെന്നും, തീയറ്ററിൽ പ്രദർശിപ്പിക്കുന്നതിനായി ചില ഭാഗങ്ങൾ വെട്ടി ചുരുക്കേണ്ടി വന്നിട്ടുണ്ടെന്നും നടൻ പറഞ്ഞിരുന്നു. അതിനാൽ, ഒടിടിയിൽ എത്തുന്നത് ചിത്രത്തിന്റെ അൺകട്ട് പതിപ്പായിരിക്കും എന്ന് നടൻ വ്യക്തമാക്കിയിരുന്നു. തീയറ്ററിൽ സിനിമ കാണാനെത്തിയ ഉണ്ണി മുകുന്ദനെ കാത്തിരുന്ന ഓൺലൈൻ മാധ്യമങ്ങളോടായിരുന്നു നടന്റെ പ്രതികരണം.
ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ജഗദീഷ്, സിദ്ദിഖ്, ആൻസൺ പോൾ, കബീർദുഹാൻ സിംഗ് (ടർബോ ഫെയിം) യുക്തി തരേജ, അഭിമന്യു തിലകൻ, ദിനേശ് പ്രഭാകർ, അജിത് കോശി, മാത്യു വർഗീസ്, ഇഷാൻ ഷൗക്കത്ത്, ഷാജി, സജിതാ ശ്രീജിത് രവി, ബിൻ സുബായ്, ധ്രുവ തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നു. നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദെനി ഒരുക്കിയ ‘മിഖായേൽ’ എന്ന സിനിമയുടെ സ്പിൻ ഓഫ് ചിത്രമാണ് മാർക്കോ. മിഖായേലിലെ പ്രധാന വില്ലനായി എത്തിയ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച കഥാപാത്രമാണ് ‘മാർക്കോ’. ഈ കഥാപാത്രത്തെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ‘മാർക്കോ’.
ഹനീഫ് അദെനി സംവിധാനം ചെയ്ത ഈ ചിത്രം നിർമിച്ചത് ക്യൂബ്സ് എന്റർടൈൻമെന്റ്സ് ആണ്. ചന്ദ്രു സെൽവരാജ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് നിർവഹിച്ചത് ഷമീർ മുഹമ്മദാണ്. ‘കെ.ജി.എഫ്’, ‘സലാർ’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് സംഗീതം പകർന്ന രവി ബസ്രൂർ ആണ് മാർക്കോയിലെ ഗാനങ്ങൾ ഒരുക്കിയത്. സംഘട്ടന രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി നിർവഹിച്ചത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിംഗ്സൺ ആണ്.