Meena Ganesh: സിനിമ, സീരിയൽ നടി മീന ഗണേഷ് അന്തരിച്ചു
Actress Meena Ganesh Dies: നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള മീനയുടെ നന്ദനം, കരുമാടികുട്ടന്‍ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു.
പാലക്കാട്: സിനിമാ സീരിയൽ നടി മീന ഗണേഷ് അന്തരിച്ചു. 81 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. ഷൊര്‍ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 100 ലേറെ സിനിമകളിലും നിരവധി നാടകങ്ങളിലും ഇവർ അഭിനയിച്ചിട്ടുണ്ട്.
അമ്മ വേഷങ്ങളിലൂടെ മലയാളി സിനിമ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് മീന ഗണേഷ്. 1976 മുതൽ സിനിമ-സീരിയൽ രംഗത്ത് സജീവമായിരുന്നു ഇവർ. നാടകങ്ങളിലൂടെ തന്റെ പത്തൊന്‍പതാമത്തെ വയസിലാണ് മീന ഗണേഷ് അഭിനയ രംഗത്ത് എത്തുന്നത്. എസ്എൽ പുരം സൂര്യ സോമ, കായംകുളം കേരള തിയറ്റേഴ്സ്, തൃശൂർ ചിന്മയി തുടങ്ങി കേരളത്തിലെ വിവിധ നാടക സമിതികളുടെ നാടകത്തില്‍ മീന അഭിനയിച്ചിട്ടുണ്ട്. മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചുകൊണ്ട് നടി നിരവധി പുരസ്കാരങ്ങളും നേടിയിരുന്നു.
കോമഡി കഥാപാത്രങ്ങൾ മാത്രമല്ല തനിക്ക് വില്ലൻ വേഷങ്ങളും വഴങ്ങുമെന്ന് തെളിയിച്ച നടി കൂടിയാണ് മീന. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, നന്ദനം, മിഴി രണ്ടിലും, മീശ മാധവന്‍ തുടങ്ങി നിരവധി ഹിറ്റ് സിനിമകളിൽ മീന നല്ല വേഷങ്ങൾ അവതരിപ്പിച്ചു. നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള മീനയുടെ നന്ദനം, കരുമാടികുട്ടന്‍ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. പിഎ ബക്കറിന്‍റെ സംവിധാനത്തിൽ ഒരുങ്ങിയ മണി മുഴക്കം ആയിരുന്നു ആദ്യ ചിത്രം.
എന്നാൽ, കുറച്ച് വർഷങ്ങളായി മീന അഭിനയ രംഗത്ത് നിന്ന് ഇടവേളയെടുത്തിട്ട്. അഞ്ച് വര്‍ഷം മുന്‍പ് ഇവർക്ക് പക്ഷാഘാതം വന്നിരുന്നു. അങ്ങനെ, കാലിന് വയ്യാതെ വന്നതോടെയാണ് അഭിനയരംഗത്ത് നിന്ന് ഇവർ താൽക്കാലികമായി ഇടവേളയെടുത്തത്.
ഭർത്താവ് എൻഎൻ ഗണേഷിന്റെ മരണത്തോടെ മീന ഗണേഷ് തനിച്ചായിരുന്നു. സംവിധായകന്‍ മനോജ് ഗണേഷ്, സംഗീത എന്നിവര്‍ മക്കളാണ്. സംസ്കാരം ഇന്ന് വൈകീട്ട് ഷൊർണൂർ ശാന്തി തീരത്ത് വെച്ച് നടക്കും.