Kishkindha Kaandam OTT : ഓണം സൈലൻ്റ് വിന്നർ; പിന്നാലെ കിഷ്കിന്ധാ കാണ്ഡത്തിൻ്റെ ഒടിടി റെക്കോർഡ് തുകയ്ക്ക് വിറ്റു പോയി
Kishkindha Kaandam OTT Platform : ഓണം റിലീസായി എത്തിയ ആസിഫ് അലി ചിത്രമാണ് കിഷ്കിന്ധ കാണ്ഡം. ചിത്രത്തിൻ്റെ ആകെ ബജറ്റിൻ്റെ ഇരട്ടിയിൽ അധികം തുകയ്ക്ക് ഒടിടി, സാറ്റ്ലൈറ്റ് അവകാശങ്ങൾ വിറ്റു പോയിരിക്കുന്നത്.
ഓണം റിലീസുകളിൽ വലിയ ബഹളം ഒന്നും സൃഷ്ടിക്കാതെ എത്തി ബ്ലോക്ക്ബസ്റ്ററായി മാറിയ ചിത്രമാണ് ആസിഫ് അലിയുടെ കിഷ്കിന്ധാ കാണ്ഡം. ഓണം റിലീസുകളിൽ നിലവിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടി പ്രദർശനം തുടരുന്ന ചിത്രവും കൂടിയാണ് കിഷ്കിന്ധാ കാണ്ഡം. ബോക്സ്ഓഫീസ് റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിൻ്റെ ഗ്രോസ് കളക്ഷൻ 30 കോടിയോളമായി. അതിനിടെയാണ് ആസിഫ് അലി ചിത്രത്തിൻ്റെ ഒടിടി (Kishkindha Kaandam OTT), സാറ്റ്ലൈറ്റ് അവകാശങ്ങൾ വിറ്റു പോയിയെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. കക്ഷി അമ്മിണിപ്പിള്ള എന്ന സിനിമയ്ക്ക് ശേഷം ദിന്‍ജിത്ത് അയ്യത്താൻ ഒരുക്കിയ ചിത്രമാണ് കിഷ്കിന്ധാ കാണ്ഡം.
കിഷ്കിന്ധാ കാണ്ഡം ഒടിടി
റിക്കോർഡ് തുകയ്ക്ക് ചിത്രത്തിൻ്റെ ഒടിടി അവകാശം വിറ്റു പോയതായിട്ടാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒടിടി സംബന്ധമായി വിവരങ്ങൾ പങ്കുവെക്കുന്ന മാധ്യമമായ ഒടിടി പ്ലേയുടെ റിപ്പോർട്ട് പ്രകാരം 12 കോടിക്കാണ് കിഷ്കിന്ധാ കാണ്ഡത്തിൻ്റെ ഡിജിറ്റൽ, സാറ്റ്ലൈറ്റ് അവകാശങ്ങൾ വിറ്റുപോയിരിക്കുന്നത്. സിനിമയുടെ ആകെ ബജറ്റിൻ്റെ ഇരട്ടിയിൽ അധികമാണ് ഈ തുക. അതേസമയം ഏത് പ്ലാറ്റ്ഫോമാണ് ആസിഫ് അലി ചിത്രത്തിൻ്റെ ഒടിടി അവകാശം നേടിയിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നില്ല. എന്നാൽ മറ്റ് സോഷ്യൽ മീഡിയ റിപ്പോർട്ടുകൾ പ്രകാരം ഡിസ്നി-സ്റ്റാർ ഗ്രൂപ്പാണ് ചിത്രത്തിൻ്റെ ഒടിടി, സാറ്റ്ലൈറ്റ് അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. അതിനാൽ കിഷ്കിന്ധാ കാണ്ഡം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഒടിടിയിൽ എത്തും. ഏഷ്യനെറ്റിലാകും ടെലിവിഷൻ സംപ്രേഷണം.
ALSO READ : CID Ramachandran Retd. SI OTT : സിഐഡി രാമചന്ദ്രൻ റിട്ട. എസ്ഐ ഒടിടിയിൽ എത്തി; എവിടെ എപ്പോൾ കാണാം?
കിഷ്കിന്ധാ കാണ്ഡം ബോക്സ്ഓഫീസ്
ടൊവീനോ തോമസിൻ്റെ എആർഎം, ആൻ്റണി വർഗീസൻ്റെ കൊണ്ടൽ തുടങ്ങിയ മറ്റ് ഓണം ചിത്രങ്ങൾക്കൊപ്പം ക്ലാഷ് റിലീസായി എത്തിയ ചിത്രമാണ് കിഷ്കിന്ധാ കാണ്ഡം. തുടക്കത്തിൽ തന്നെ എആർഎം ബോക്സ്ഓഫീസ് കളക്ഷൻ വാരികൂട്ടിയപ്പോൾ ആസിഫ് അലി ചിത്രത്തിൻ്റെ കളക്ഷൻ മെല്ലെ ആരംഭിക്കുകയായിരുന്നു. ആദ്യദിനം ആസിഫ് ചിത്രം ബോക്സ്ഓഫീസിൽ നേടിയത് 45 ലക്ഷം രൂപ മാത്രമായിരുന്നു. മികച്ച അഭിപ്രായം നേടിയെടുത്തതോടെ കിഷ്കിന്ധാ കാണ്ഡം കാണാൻ നിരവധി പേർ തിയറ്ററുകളിലേക്കെത്തി. റിലീസായി ഒരാഴ്ച പിന്നിടുമ്പോൾ ചിത്രത്തിൻ്റെ ആകെ ബോക്സ്ഓഫീസ് കളക്ഷൻ 25 കോടി പിന്നിട്ടു. നിലവിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റു പോകുന്ന ചിത്രമാണ് കിഷ്കിന്ധ കാണ്ഡം.
സിനിമയുടെ അണിയറപ്രവർത്തകർ
ആസിഫിന് പുറമെ ചിത്രത്തിൽ സീനിയർ താരം വിജയരാഘവനും ദേശീയ അവാർഡ് ജേതാവ് അപർണ മുരളിയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർക്ക് പുറമെ ആശോകൻ, ജഗദീഷ്, നിഷാന്ത്, കോട്ടയം രമേഷ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിച്ചിരിക്കുന്നത്. ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ് തടത്തിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ ബാഹുൽ രമേശാണ് സിനിമയുടെ രചനയും നിർവഹിച്ചിരിക്കുന്നത്. സൂരജ് ഇ.എസാണ് എഡിറ്റർ. മുജീബ് മജീദാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. നേരത്തെ സുശിൻ ശ്യം ഈ ചിത്രത്തിന് സംഗീതം നൽകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.