Kishkindha Kaandam Review : ഓരോ സീനിലും ചുരുൾ നിവരുന്ന നിഗൂഢത; കിഷ്കിന്ധാ കാണ്ഡം സമാനതകളില്ലാത്ത സിനിമാറ്റിക് എക്സ്പീരിയൻസ്
Kishkindha Kaandam Movie Review : കുരങ്ങുകളും മനുഷ്യരും ചേർന്ന് അധിവസിക്കുന്നൊരു പ്രദേശത്ത, റിസർവ് ഫോറസ്റ്റിനോട് ചേർന്നുള്ള ഒരു വീട്ടിലെ ഒരു ട്രാജഡി. അതിൽ ഉയരുന്ന ചോദ്യങ്ങൾ, അതിൻ്റെ ഉത്തരം കണ്ടെത്താനുള്ള ശ്രമങ്ങൾ. കിഷ്കിന്ധാ കാണ്ഡം ഒരു അസാധ്യ സിനിമയാണ്.
സിനിമകളിൽ വല്ലപ്പോഴും മാത്രം സംഭവിക്കുന്നൊരു അപൂർവതയുണ്ട്. ഒരു കുറവും പറയാനില്ലാത്ത, കഥയിലും മേക്കിംഗിലും അഭിനയത്തിലുമൊക്കെ അവിസ്മരണീയത സംഭവിക്കുന്നൊരു മാജിക്ക്. അത്തരം ഒരു മാജിക്കാണ് ഇപ്പോൾ തീയറ്ററുകളിലുള്ള കിഷ്കിന്ധാ കാണ്ഡം. ആസിഫ് അലി നായകനായി, ബാഹുൽ രമേശ് എഴുതി, ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത സിനിമ.
തിരക്കഥയാണ് ഒരു സിനിമയുടെ മർമ്മം. അതിൽ കിഷ്കിന്ധാ കാണ്ഡം പൂർണമായി വിജയിച്ചിട്ടുണ്ട്. ഓരോ സീനിലും ഇതൾ വിരിയുന്ന ഡ്രാമയിൽ, വളരെ ഇൻട്രീഗിങ് ആയ തിരക്കഥ. മലയാള സിനിമയെന്നല്ല, ഒരുപക്ഷേ ഇന്ത്യൻ സിനിമയിൽ തന്നെ ഇങ്ങനെയൊരു പ്രമേയം ഇതിനു മുൻപ് ഉണ്ടായിക്കാണില്ല. വളരെ സാവധാനത്തിലാണ് സിനിമാ നറേഷൻ തുടങ്ങുന്നത്. ഫോഴ്സ് ഫീഡിങ് ഇല്ല. കഥാഗതിയിൽ പ്രേക്ഷകൻ അറിയേണ്ട ഓരോ വിവരങ്ങളിങ്ങനെ ഇതൾ വിരിഞ്ഞുവരികയാണ്. ഒരു സീനോ ഷോട്ടോ പോലും അനാവശ്യമായി സിനിമയിൽ ഇല്ല.
Also Read: Thalapathy 69: ബാറ്റൺ കൈമാറുന്നതിന് മുൻപ് ഒരിക്കൽ കൂടി; ‘ദളപതി 69’ പ്രഖ്യാപനം വന്നു
സിനിമയുടെ പേരിൽ തന്നെ തുടങ്ങുന്നു വ്യത്യസ്തത. കുരങ്ങുകൾ മനുഷ്യർക്കൊപ്പം സഹവസിക്കുന്നൊരു പ്രദേശത്ത്, റിസർവ് ഫോറസ്റ്റിനോട് ചേർന്നുള്ളൊരു വീട്ടിൽ നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ ആകെ പ്ലോട്ട്. കുരങ്ങുകൾ ഈ പ്രദേശവുമായും വീടുമായും ബന്ധപ്പെട്ടിരിക്കുന്നു. കുരങ്ങുകളുടെ കഥ വിവിധ അവസരങ്ങളിൽ കഥാഗതിയെ മുന്നോട്ടുനയിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കിഷ്കിന്ധാ കാണ്ഡം എന്നതിനെക്കാൾ മികച്ച ഒരു പേര് ഈ സിനിമയ്ക്കില്ല.
അജയചന്ദ്രൻ കെവി എന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥനും അയാളുടെ അച്ഛൻ റിട്ടയേർഡ് ആർമി ഓഫീസർ അപ്പു പിള്ളയുമാണ് കഥയിലെ കേന്ദ്രബിന്ദുക്കൾ. അവിടേക്ക് അപർണ എന്ന യുവതിയെത്തുന്നു. അപർണയുടെ സംശയവും അന്വേഷണവുമാണ് സിനിമയുടെ മുന്നോട്ടുള്ള യാത്ര. ഈ യാത്രയുടെ ഓരോ ഘട്ടത്തിലും തെളിഞ്ഞുവരുന്ന കാഴ്ചകളുണ്ട്. കണ്ട കാഴ്ചകളിൽ കണ്ടതിനെക്കാളധികം ചിലതുണ്ടെന്ന് തുടരെ തെളിയിക്കുന്നതാണ് പിന്നീടുള്ള കഥാപറച്ചിൽ. ആദ്യ കാഴ്ചയിൽ വളരെ സ്വാഭാവികമായി തോന്നുന്ന, കാണുന്ന ചിലത് സിനിമയുടെ യാത്ര പുരോഗമിക്കവെ നട്ടെല്ലിലൂടെ ഇരച്ചുകയറുന്ന തണുപ്പിൽ, രോമം എഴുന്നേറ്റുനിൽക്കുന്ന അവിശ്വസനീയതയിൽ മറ്റൊരു കഥ പറയും. ഇതൾ വിരിയുന്ന നിഗൂഢത. ഒരു ചിത്രം വരയ്ക്കുമ്പോലെ തെളിഞ്ഞുവരുന്ന കാഴ്ച. ഒരു സീൻ കാണുമ്പോൾ നാല് സീനുകൾക്കപ്പുറം ഈ സിനിമയിലെന്ത് നടക്കുമെന്ന് പറയാനാവില്ല എന്ന് പറഞ്ഞത് സുമദത്തൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജഗദീഷാണ്. അത് വെറും വാക്കല്ല. സാവധാനം തുടങ്ങി, മെല്ലെ എസ്റ്റാബ്ലിഷ്ഡ് ആയി, പുകഞ്ഞ് പുകഞ്ഞ് കയറി ക്ലൈമാസ്കിൽ പീക്ക് സിനിമാനുഭവം സമ്മാനിക്കുന്ന കിഷ്കിന്ധാ കാണ്ഡം ഈ നറേഷൻ അല്ലെങ്കിലും നല്ലൊരു സിനിമ തന്നെ ആകുമായിരുന്നു. പക്ഷേ, ഈ നറേഷനിൽ സിനിമ ലോകോത്തരമായി.
ഒരു തരത്തിലും കഥയുടെ പൊട്ടും പൊടിയും പോലും പറയാൻ കഴിയാത്ത, പറഞ്ഞാൽ ആദ്യ സിനിമാനുഭവത്തെ ബാധിക്കാവുന്ന തരത്തിലാണ് സിനിമയുടെ എഴുത്ത്. ക്യാമറ കൈകാര്യം ചെയ്ത ബാഹുൽ രമേശ് ആദ്യമായി എഴുതുന്ന സിനിമയാണ്. ബാഹുൽ തന്നെ മുൻപ് നാല് സിനിമകളിലാണ് ഛായാഗ്രാഹകനായിട്ടുള്ളത്. ഇത് വെറും അഞ്ചാമത്തെ സിനിമ. ദിൻജിത്തിൻ്റെ രണ്ടാമത്തെ സിനിമ. സംഗീതം നിർവഹിച്ച മുജീബ് മജീദും താരതമ്യേന പുതുമുഖമാണ്. എഡിറ്റർ സൂരജ് ഇഎസിനാണ് കുറച്ചധികം സിനിമാനുഭവമുള്ളത്. ഇവരെല്ലാവരും കൂടി ചേർന്നപ്പോൾ ഉണ്ടായത് മലയാളത്തിലെ ഏറ്റവും മികച്ച സിനിമകളിലൊന്ന്. ആഗോള പ്രേക്ഷകരിലേക്ക് ധൈര്യമായി അവതരിപ്പിക്കാവുന്ന അസാധ്യ ചലച്ചിത്ര ഭാഷ്യം.
ആസിഫ് അലി എന്ന നടൻ്റെ വളർച്ച വളരെ ഓർഗാനിക്കായിരുന്നു. ഋതുവിൽ അരങ്ങേറി അവിടെനിന്ന് അയാൾ ഒരു നാച്ചുറൽ പെർഫോമറായി മാറുന്നത് കാണാൻ സുഖമുണ്ടായിരുന്നു. ഇന്ന് മലയാളത്തിലെ യുവനടന്മാരിൽ ഏറ്റവും ഫ്ലക്സിബിളായ നടനാണ് ആസിഫ് അലി. അയാളുടെ സിനിമകൾക്ക് നല്ല അഭിപ്രായം ലഭിക്കുന്നതും അയാൾ നല്ല പ്രകടനം നടത്തുന്നതും കാണാനും അറിയാനും രസമാണ്. അങ്ങനെയൊരു പ്രകടനമാണ് അജയചന്ദ്രൻ ഈ സിനിമയിൽ നടത്തുന്നത്. ക്ലൈമാക്സിനോടടുക്കവേ ഒരു ഫ്ലാഷ്ബാക്കിൽ ആസിഫിൻ്റെ മുഖത്ത് മിന്നിമറയുന്നൊരു ഭാവമുണ്ട്. ഒന്നോ രണ്ടോ സെക്കൻഡ് നീളുന്ന ആ ഭാവം ഒരു നടൻ ക്യാമറയ്ക്ക് മുന്നിൽ നിന്ന് ആക്ഷൻ പറയുമ്പോൾ ചെയ്യണമെങ്കിൽ ആ നടൻ ഒരസാധ്യ നടനാണ്. ഒരല്പം നിഗൂഢതയും വിഷാദവുമൊക്കെയുള്ള അജയചന്ദ്രൻ ആസിഫിൻ്റെ കരിയറിലെ മറ്റൊരു നാഴികക്കല്ലാണ്.
Also Read : Stree 2: ബോളിവുഡ് ചിത്രം ‘സ്ത്രീ 2’ 1000 കോടി ക്ലബ്ബിലേക്ക്; കൽക്കിയെ മറികടക്കുമോ?
വിജയരാഘവനെന്ന നടൻ മലയാള സിനിമയിൽ നിറഞ്ഞുനിൽക്കാൻ തുടങ്ങിയിട്ട് 50 വർഷത്തിലധികമായി. അയാൾ ചെയ്യാത്ത റോളുകളില്ല. 72ആം വയസിൽ വിജയരാഘവൻ അപ്പു പിള്ള എന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ ഇതുവരെ അയാൾ ചെയ്തിട്ടില്ലാത്തൊരു വേഷത്തിൻ്റെ ഫ്രഷ്നസ് കിട്ടിയെന്നത് എഴുത്തുകാരൻ്റെയും സംവിധായകൻ്റെയും ക്രാഫ്റ്റാണ്. ആസിഫിനെക്കാൾ സിനിമയിൽ നിറഞ്ഞുനിന്നത് വിജയരാഘവനാണ്. അപ്പു പിള്ളയെന്ന കാർക്കശ്യക്കാരനും മുരടനുമായ, നിഗൂഢതയുള്ള അച്ഛൻ വിജയരാഘവനെന്ന അനശ്വര നടൻ്റെ ഫിലിമോഗ്രാഫിയിലെ ഒരു പ്രധാന കഥാപാത്രമായിരിക്കും.
അജയചന്ദ്രനും അപ്പു പിള്ളയുമാണ് പ്രധാന കഥാപാത്രങ്ങളെങ്കിലും അപർണയാണ് സിനിമയെ മുന്നോട്ടുനയിക്കുന്നത്. അപർണയുടെ സംശയങ്ങളും ചോദ്യങ്ങളുമാണ് പുതിയ സംശയങ്ങളും ചോദ്യങ്ങളുമുണ്ടാക്കുന്നത്. അതാണ് സിനിമയുടെ നറേഷനെ നയിക്കുന്നത്. അപർണയായി അപർണ ബാലമുരളിയും വളരെ മികച്ച രീതിയിൽ അഭിനയിച്ചു. ജഗദീഷ്, അശോകൻ തുടങ്ങിയവരും ലഭിച്ച വേഷങ്ങൾ മികച്ചതാക്കി.