Kaviyoor Ponnamma: Kaviyoor Ponnamma: ‘ഇങ്ങനെയൊരു അമ്മയെ ഇനി മലയാള സിനിമയ്ക്ക് കിട്ടുമോ?’; കവിയൂർ പൊന്നമ്മയുടെ വിയോഗം വേദനിപ്പിക്കുന്നതെന്ന് ജയറാം
Jayaram Expressed Deep Condolences on Kaviyoor Ponnamma Demise: ഞാൻ സ്നേഹിച്ചിരുന്ന അതിലേറെ എന്നെ സ്നേഹിച്ചിരുന്ന എൻറെ പൊന്നമ്മ. ഇത് തീരാ നഷ്ടം.
കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ ദുഃഖമറിയിച്ച് നടൻ ജയറാം. മലയാള സിനിമയുടെ തീരാ നഷ്ടമാണ് ഈ വിയോഗമെന്നും, ഇനി ഇതുപോലൊരു അമ്മയെ കിട്ടുമോയെന്നും ജയറാം ചോദിച്ചു. മാതൃഭൂമി ന്യൂസിനോടാണ് താരത്തിന്റെ പ്രതികരണം.
“പൊന്നമ്മച്ചി അസുഖമായി കിടക്കുവാണെന്ന് സത്യം പറഞ്ഞാൽ എനിക്കറിയില്ലായിരുന്നു. എന്റെ മകളുടെ കല്യാണത്തിന് ക്ഷണിക്കാൻ വേണ്ടി ഞാൻ പല പ്രാവശ്യം ചേച്ചിയുടെ നമ്പറിലേക്ക് വിളിച്ചിരുന്നു. പക്ഷെ എടുത്തില്ല. പിന്നീടാണ് സുഖമില്ലാതെ കിടക്കുന്നെന്ന് അറിഞ്ഞത്. പക്ഷെ ഇത്ര ഗുരുതരാവസ്ഥയിലായിരുന്നെന്ന് അറിയുന്നത് ഇന്ന് രാവിലെയാണ്. ചേച്ചിയെ കുറിച്ചോർക്കുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് എന്റെ ആദ്യ ചിത്രമായ ‘അപരൻ’ ആണ്. 1988-ൽ പുറത്തിറങ്ങിയ ആ ചിത്രത്തിൽ എന്റെ അമ്മയുടെ വേഷം ചെയ്യേണ്ടത് പൊന്നമ്മച്ചിയായിരുന്നു. എന്നാൽ, ചിത്രീകരണം ആരംഭിക്കുന്നതിന്റെ തലേ ദിവസമാണ് ചില ബുദ്ധിമുട്ടുകൾ കാരണം തനിക്ക് വരാനാവില്ലെന്ന് പൊന്നമ്മച്ചി അറിയിക്കുന്നത്. അന്ന് അതെനിക്ക് വലിയ വിഷമമുണ്ടാക്കിയെങ്കിലും, അടുത്ത ദിവസം തന്നെ ആ വേഷം ചെയ്യാൻ സുകുമാരിച്ചേച്ചി വന്നതോടെ ആ വിഷമം മാറി. എന്നിരുന്നാലും, അന്ന് വന്നിരുന്നെങ്കിൽ എന്റെ ആദ്യ സിനിമയിലെ അമ്മ പൊന്നമ്മ ചേച്ചിയായേനെ. പക്ഷെ, അതിനു ശേഷം ‘ജാതകം’,’തൊട്ട്’ തുടങ്ങി ഒരുപാട് സിനിമകളിൽ ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചു. എന്നെ സ്നേഹിക്കുന്ന എന്റെ അമ്മയായി ഒരുപാട് വേഷങ്ങൾ ചെയ്തു. ഇനി ഒരു അമ്മ വേഷം വന്നാലും ഇതുപോലൊരു അമ്മയെ കിട്ടുമോ? കിട്ടില്ല. ഇത് തീരാ നഷ്ടമാണ്. ഒരുപാട് വിഷമം തോന്നുന്നു” ജയറാം പറഞ്ഞു.
“മലയാള സിനിമയുടെ അമ്മ. ഞാൻ സ്നേഹിച്ചിരുന്ന അതിലേറെ എന്നെ സ്നേഹിച്ചിരുന്ന എൻറെ പൊന്നമ്മ” എന്ന കുറിപ്പോടെ കവിയൂർ പൊന്നമ്മയുടെ ചിത്രം ജയറാം സമൂഹ മാധ്യമത്തിൽ പങ്കുവെച്ചു.
സെപ്റ്റംബർ 20-ന് വൈകീട്ടാണ് നടി കവിയൂർ പൊന്നമ്മ അന്തരിച്ചത്. കൊച്ചി ലിസി ആശുപത്രിയിൽ വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സിയിലായിരുന്നു നടി. മൃതദേഹം നാളെ സംസ്കരിക്കും. നാളെ രാവിലെ ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ കളമശ്ശേരി മുൻസിപ്പൽ ടൗൺഹാളിൽ നടിയുടെ മൃതദേഹം പൊതുദർശനത്തിന് വെക്കും. ശേഷം, സംസ്കാരം വൈകിട്ട് നാല് മണിക്ക് ആലുവയിലെ വീട്ടിൽ വെച്ച് നടക്കും.