Hema Committee Report : നഗ്നയായി അഭിനയിക്കണം, നിർബന്ധിച്ച ചുംബന രംഗം- ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തൽ
Justice Hema Committee Report Highlights : നഗ്നത കൂടുതൽ കാണിക്കണം എന്ന് ആവശ്യപ്പെട്ടെന്നും ലിപ്പ്ലോക്ക് സീനുകൾ വേണമെന്ന് നിർബന്ധിക്കുകയും ചെയ്തെന്ന് റിപ്പോർട്ടിൽ ഒരു നടിയുടെ മൊഴിയുണ്ട്. ഒടുവിൽ സെറ്റ് വിട്ട് പോവേണ്ടി വന്നു
തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിട്ടതിന് പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും. ഇൻ്റിമേറ്റ് സീനുകൾ, നഗ്നായായി അഭിനയിക്കുക എന്നിങ്ങനെ നിരവധി ചൂഷണങ്ങളാണ് സിനിമയിൽ നടക്കുന്നത്. ഒരു ചിത്രത്തിൻ്റെ ഷൂട്ടിൽ ഇത്തരത്തിൽ അഭിനയിക്കാൻ വിസമ്മതിച്ച ജൂനിയർ ആർിട്ടിസ്റ്റിനോട് തന്നെ പേഴ്സണലായി കാണണം എന്ന് പറഞ്ഞ സംവിധായകൻ. വളരെ കുറച്ച് ശരീര ഭാഗങ്ങൾ മാത്രമെ കാണിക്കുകയുള്ളു എന്ന് പറഞ്ഞ് തുടങ്ങിയ ഷൂട്ടിങ്ങിൽ നഗ്നത കൂടുതൽ കാണിക്കണം എന്ന് ആവശ്യപ്പെട്ടെന്നും ലിപ്പ്ലോക്ക് സീനുകൾ വേണമെന്ന് നിർബന്ധിക്കുകയും ചെയ്തെന്ന് റിപ്പോർട്ടിൽ ഒരു നടിയുടെ മൊഴിയുണ്ട്. ഒടുവിൽ നടി ഷൂട്ടിങ്ങ് അവസാനിപ്പിച്ച് സെറ്റിൽ നിന്നു തന്നെ പോവേണ്ടി വന്നു.
മറ്റൊരു മൊഴിയിൽ തലേന്ന് അതിക്രമം നേരിട്ട നടിക്ക് പിറ്റേന്ന് അഭിനയിക്കേണ്ടി വന്നത് അതേ ആളുടെ ഭാര്യയായി. ഒാരോ തവണയും അഭിനയിക്കുമ്പോഴുമുള്ള ബുദ്ധിമുട്ട് മൂലം 17 തവണ വരെ ആ സിനിമിയുടെ ഷോട്ട് എടുക്കേണ്ടി വന്നെന്നും റിപ്പോർട്ടിൽ മൊഴിയുണ്ട്. അവസരങ്ങൾ കിട്ടാൻ വഴങ്ങി കൊടുക്കണമെന്നും അതല്ലെങ്കിൽ അവരെ സിനിമയിൽ നിന്ന് തന്നെ പുറത്താക്കുമെന്നും റിപ്പോർട്ടിൽ. ഇത്തരത്തിൽ വഴങ്ങി കൊടുക്കേണ്ടി വരുന്നവർക്ക് പ്രത്യേകം കോഡുകൾ നൽകുമെന്നും റിപ്പോർട്ടിലുണ്ട്. തനിയെ ഏതെങ്കിലും ഷൂട്ടിങ്ങ് സെറ്റിൽ പോയാൽ രാത്രിയിൽ താമസ സ്ഥലത്ത് വാതിലിൽ മുട്ട് ഉറപ്പാണെന്നും മൊഴികളുണ്ട്.
ഏതെങ്കിലും തരത്തിൽ ഇത്തരത്തിൽ വഴങ്ങാത്തവർക്ക് സെറ്റിൽ ഭക്ഷണം നൽകാതിരിക്കുന്നതും, അല്ലാത്തവർക്ക് മികച്ച ഭക്ഷണം നൽകുമെന്നും റിപ്പോർട്ടിലുണ്ട്. പല സെറ്റുകളിലും മൂത്രമൊഴിക്കാൻ പോലും താരങ്ങൾക്ക് (ജൂനിയർ ആർട്ടിസ്റ്റുകൾക്ക് കൂടുതൽ) സംവിധാനമില്ലെന്നും ഇതു കൊണ്ട് പലരും വെള്ളം കുടിക്കാതെയാണ് ഷൂട്ടിങ്ങിന് എത്തുന്നതെന്നും റിപ്പോർട്ടുണ്ട്. ഇത്തരത്തിൽ അതിക്രമങ്ങൾക്കെതിരെ പ്രതികരിച്ച ചില യുവ നടൻമാർക്കും സിനിമിയിൽ വിലക്ക് നേരിടുന്നുണ്ടെന്ന് റിപ്പോർട്ടിലുണ്ട്. ആർത്തവ കാലത്താണ് നടിമാർക്ക് ഏറെ ബുദ്ധിമുട്ട അനുഭവിക്കേണ്ടി വരുന്നത്. പാഡ് മാറ്റാൻ പോലും പല സെറ്റുകളിലും സംവിധാനമോ വേണ്ട ശുചിമുറികളോ ഇല്ല.