IFFK: 29-ാം ചലച്ചിത്രമേളയ്ക്ക് സമാപനം; ബ്രസീലിയൻ ചിത്രം ‘മാലുവിന്’ സുവർണ ചകോരം, അവാർഡുകൾ വാരിക്കൂട്ടി മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

29th IFFK Closing Ceremony: മികച്ച സംവിധായകനുള്ള രജത ചകോരം ഇറാനിയൻ ചിത്രം 'മീ മറിയം ദ ചിൽ​ഡ്രൻ ആൻഡ് 26 അദേഴ്സി'ന്റെ സംവിധായകൻ ഫ‍ർഷാദ് ഹഷമിക്കാണ്. നാല് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാ‍ർഡ്.

IFFK: 29-ാം ചലച്ചിത്രമേളയ്ക്ക് സമാപനം; ബ്രസീലിയൻ ചിത്രം മാലുവിന് സുവർണ ചകോരം, അവാർഡുകൾ വാരിക്കൂട്ടി മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമ

29th Iffk Best Film Award

Published: 

20 Dec 2024 22:30 PM

തിരുവനന്തപുരം: 29-ാം കേരള രാജ്യന്തര ചലച്ചിത്രമേളയ്ക്ക് തിരശീല വീണു. റിയോ ഡി ജെനിറോ തെരുവിലെ മൂന്ന് തലമുറകളുടെ അരക്ഷിതാവസ്ഥയുടെ കഥ പറഞ്ഞ ബ്രസീലിയൻ ചിത്രം ‘മാലു’ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം സ്വന്തമാക്കി. 20 ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം സംവിധായകൻ പെഡ്രോ ഫ്രെയ്റിക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. 5 പുരസ്കാരങ്ങൾ സ്വന്തമാക്കി മലയാള ചലച്ചിത്രം ഫെമിനിച്ചി ഫാത്തിമ മേളയിൽ തിളങ്ങി.

ഇത്തവണത്തെ ചലച്ചിത്ര മേള സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചാണ് ശ്രദ്ധേയമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്പിരിറ്റ്‌ ഓഫ് സിനിമ പുരസ്‌കാരം ലഭിച്ചത് സംവിധായിക പായൽ കപാഡിയക്കാണ്. ആകെ പ്രദർശിപ്പിച്ച 177 സിനിമകളിൽ 40 ൽ പരം ചിത്രങ്ങളും സ്ത്രീ സംവിധായകരുടേതാണ്. മലയാള സിനിമയിലെ ആദ്യ കാല നായിക പി കെ റോസിയാണ് സിഗ്നേച്ചർ ഫിലിമിലൂടെ ആദരിക്കപ്പെട്ടത്.

സംവിധായിക പായൽ കപാഡിയയ്ക്ക് ‘സ്പിരിറ്റ് ഓഫ് സിനിമ അവാർഡ്’ മുഖ്യമന്ത്രി സമ്മാനിച്ചു. മികച്ച സംവിധായകനുള്ള രജത ചകോരം ഇറാനിയൻ ചിത്രം ‘മീ മറിയം ദ ചിൽ​ഡ്രൻ ആൻഡ് 26 അദേഴ്സി’ന്റെ സംവിധായകൻ ഫ‍ർഷാദ് ഹഷമിക്കാണ്. നാല് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാ‍ർഡ്. മികച്ച നവാ​ഗത സംവിധായകനുള്ള രജത ചകോരം ‘ദ ഹൈപ്പ‍ർബോറിയൻസി’ന്റെ സംവിധായകരായ ക്രിസ്റ്റബൽ ലിയോണും ജോക്വിൻ കൊസീനയും സ്വന്തമാക്കി. 3 ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ചിത്രത്തിന്റെ കലാസംവിധായിക നതാലിയ ​ഗെയ്സ് ഏറ്റുവാങ്ങി.

മേളയിൽ ഏറെ പ്രേക്ഷക പ്രശംസ നേടിയ മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമ അഞ്ച് പുരസ്കാരങ്ങൾ സ്വന്തമാക്കി. ഫെമിനിച്ചി ഫാത്തിമയുടെ തിരക്കഥയ്ക്ക് ഫാസിൽ മുഹമ്മദ് അന്താരാഷ്ട്ര മത്സര വിഭാ​ഗത്തിലെ ജൂറി പുരസ്കാരം നേടി. അന്താരാഷ്ട്ര മത്സര വിഭാ​ഗത്തിലെ മികച്ച ചിത്രത്തിനുള്ള ഫിപ്രസി അവാർഡ്, മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്കാരം, മേളയിലെ മികച്ച പ്രേക്ഷക പിന്തുണ നേടിയ ചിത്രം എന്നീ അവാർഡുകളും ഫെമിനിച്ചി ഫാത്തിമക്കാണ്. സിനിമ പുരസ്കാര നിർണയത്തിൽ ഫെമിനിച്ചി ഫാത്തിമയുടെ സംവിധായകൻ ഫാസിൽ മുഹമ്മദ് പ്രത്യേക പരാമ‍ർശം നേടി.

അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ സാങ്കേതിക മികവിനുള്ള ജൂറിയുടെ പ്രത്യേക പരാമ‍ർശം ഈസ്റ്റ് ഓഫ് നൂണിന്റെ സംവിധായിക ഹല എൽകൗസിക്കാണ്.അപ്പുറത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അനഘ രവിക്കും റിഥം ഓഫ് ദമാമിലെ അഭിനയത്തിന് ചിന്മയ സിദ്ധിക്കും മികച്ച പ്രകടനത്തിനുള്ള പ്രത്യേക ജൂറി പരാമ‍ർശം ലഭിച്ചു. നവാഗത സംവിധായകന്റെ മികച്ച മലയാളം സിനിമയ്ക്കുള്ള ഫിപ്രസി പുരസ്കാരം വിക്ടോറിയയുടെ സംവിധായിക ശിവരഞ്ജിനി ജെ സ്വന്തമാക്കി.

മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്കാരം ‘മീ മറിയം ദ ചിൽഡ്രൻ ആൻഡ് 26 അദേഴ്സ്’ എന്ന ഇറാനിയൻ ചിത്രം കരസ്ഥമാക്കി. നെറ്റ്പാക്ക് ജൂറി പ്രത്യേക പരാമ‍ർശം മിഥുൻ മുരളി സംവിധാനം ചെയ്ത കിസ് വാ​ഗണിനാണ്. ഇന്ത്യയിലെ മികച്ച നവാ​ഗത സംവിധായകനുള്ള എഫ്എഫ്എസ്ഐ കെ ആ‍ർ മോഹനൻ അവാ‍ർഡ് അപ്പുറത്തിന്റെ സംവിധായിക ഇന്ദുലക്ഷ്മി സ്വന്തമാക്കി. മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ 2025 ഡിസംബർ 12 മുതൽ 19 വരെ നടക്കുമെന്നും ചലച്ചിത്ര അക്കാദമി അറിയിച്ചു.

ഡയറ്റില്‍ നെല്ലിക്ക ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍
മോഡേൺ ലുക്കിലും താലിമാല അണിഞ്ഞ് കീർത്തി സുരേഷ്
ഈ ക്രിസ്മസിന് ഈന്തപ്പഴം ഗോതമ്പ് കേക്ക്
ഇന്ത്യക്കായി ഏറ്റവുമധികം രാജ്യാന്തര വിക്കറ്റുകൾ; ആർ അശ്വിൻ പട്ടികയിൽ