I Am Kathalan Review : കാതലൻ ബോക്സ്ഓഫീസ് ഹാക്ക് ചെയ്യുമോ? പ്രതികരണങ്ങൾ ഇങ്ങനെ
I Am Kathalan Movie Review : നസ്ലനെ നായകനാക്കി കൊണ്ട് തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ സിനിമകളുടെ സംവിധായകൻ ഗിരീഷ് എഡി ഒരുക്കിയ ചിത്രമാണ് ഐ ആം കാതലൻ.
പ്രേമലു എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നസ്ലൻ-ഗിരീഷ് എഡി കൂട്ടുകെട്ടിൽ ഇന്ന് നവംബർ ഏഴാം തീയതി തിയറ്ററുകളിൽ എത്തിയ ചിത്രമാണ് ഐ ആം കാതലൻ. പ്രേമലുവിന് മുമ്പ് ഗിരീഷ് എഡി ചിത്രീകരിച്ച ചിത്രമാണ് ഐ ആം കാതലൻ. ടീൻ കോമഡിക്കൊപ്പം അൽപ്പം ത്രില്ലർ പരിവേഷത്തിലൂടെയാണ് സിനിമ അവതരിപ്പിക്കുന്നതെന്നാണ് ട്രെയിലറിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. ഡോ. പോൾസ് എൻ്റെർടെയ്മെൻ്റ്, ശ്രീ ഗോകുലം മൂവീസ്, ഹീറ്റ്മേക്കേഴ്സ് എൻ്റർടെയ്മെൻ്റ് എന്നീ ബാനറുകളിൽ ഗോകുലം ഗോപാലനും, ഡോ. പോൾ വർഗീസും, കൃഷ്ണമൂർത്തിയും ചേർന്നാണ് ഈ ഗിരീഷ് എഡിയുടെ ഈ ടീൻ കോമഡി ചിത്രം നിർമിച്ചിരിക്കുന്നത്. നടൻ സജിൻ ചെറുകായിലാണ് രചയിതാവ്. വലിയ ആരവങ്ങൾ ഒന്നുമില്ലാതെ ഇന്ന് തിയറ്ററുകളിൽ എത്തിയ ഐ ആം കാതലൻ്റെ (I Am Kathalan Movie Review) പ്രേക്ഷക പ്രതികരണം എങ്ങനെയെന്ന് പരിശോധിക്കാം.
സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്ന പല റിപ്പോർട്ടുകൾ പ്രകാരം തമാശയ്ക്കൊപ്പം അൽപ്പം ത്രില്ലറും ചേർത്ത് മോശമല്ലാത്ത തിയറ്റർ അനുഭവം നൽകുന്ന ചിത്രമാണ് ഐ ആം കതലൻ. ഹാക്കിങ് തുടങ്ങിയവ വളരെ ലളിതമായി പ്രേക്ഷകർക്ക് മനസ്സിലാക്കാൻ സാധിക്കും വിധത്തിലാണ് സംവിധാകൻ അവതരിപ്പിച്ചിരിക്കുന്നത്. ചെറിയ ട്വിസ്റ്റും ഇടവേളകളിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളും ഒട്ടും മുശിപ്പിക്കാതെ പ്രേക്ഷകൻ സിനിമ ആസ്വദിക്കാൻ സഹായിക്കുന്നുണ്ട്. അധികം മെലോഡ്രാമയില്ലാതെ വളരെ വേഗത്തിൽ കഥ പറഞ്ഞു പോകുകയാണ് സംവിധായകൻ എന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്.
ALSO READ : L360 Updates: കാത്തിരിപ്പിന് വിരാമം! മോഹൻലാൽ-ശോഭന ചിത്രം ‘എൽ360’ ടൈറ്റിൽ പ്രഖ്യാപനം നാളെ
എന്നാൽ ഈ ചിത്രം ഗിരീഷ് എഡിയുടെ ഏറ്റവും മികച്ച ചിത്രമെന്ന് പറയാൻ സാധിക്കില്ല. ശരാശരിക്ക് മുകളിൽ മാത്രം നിൽക്കുന്ന ഒരു ചിത്രമാണെന്ന് മറ്റ് ചിലർ അഭിപ്രായപ്പെടുന്നുണ്ട്. ഒരു ഷോർട്ട് ഫിലിമിനുള്ള ഉള്ളടക്കമേ സിനിമയ്ക്കുള്ളൂ എന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. അതേസമയം തിയറ്ററിൽ പ്രേമലു പോലെ തരംഗം സൃഷ്ടിച്ചേക്കില്ലയെന്നും ഒടിടിയിൽ നിറഞ്ഞ കൈയ്യടി ലഭിക്കാൻ സാധ്യതയുണ്ടെന്നും മറ്റ് ചിലർ.
നസ്ലന് പുറമെ അനിഷ്മ അനിൽകുമാർ, ദിലീഷ് പോത്തൻ, ലിജോമോൾ ജോസ്, സജിൻ ചെറുകായിൽ, വിനീത് വാസുദേവൻ, വിനീത് വിശ്വം, അർഷാദ് അലി, കിരൺ ജോസി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ശരൺ വേലായുധനാണ് ഛായാഗ്രാഹകൻ. സിദ്ധാർഥാ പ്രദീപാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ആകാശ് ജോസഫ് വർഗീസാണ് എഡിറ്റർ.