Hema Committee Report : ലൈംഗികാതിക്രമക്കേസ്; സംവിധായകൻ വികെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു
Hema Committee Report VK Prakash Arrested : യുവ എഴുത്തുകാരി നൽകിയ ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ വികെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു. രണ്ട് ദിവസം നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്.
യുവ എഴുത്തുകാരിക്കെതിരായ ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ വികെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. രണ്ട് ദിവസം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് കൊല്ലത്തെ പള്ളിത്തോട്ടം പോലീസ് വികെ പ്രകാശിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ സംവിധായകന് പോലീസ് ജാമ്യം അനുവദിക്കുകയായിരുന്നു.
കഥ സിനിമയാക്കാമെന്ന് പറഞ്ഞ് കൊല്ലത്തെ ഒരു ഹോട്ടലിൽ വിളിച്ചു വരുത്തി ലൈംഗിമായി ഉപദ്രവിച്ചെന്നായിരുന്നു യുവതിയുടെ പരാതി. സംഭവം പുറത്ത് പറയാതിരിക്കാൻ തനിക്ക് അദ്ദേഹം 10000 രൂപ അയച്ചുതന്നുവെന്നും യുവതി പറഞ്ഞിരുന്നു. 365 എ വകുപ്പ് പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വി കെ പ്രകാശ് തന്നെ ഉപദ്രവിച്ചെന്ന് ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 26നാണ് യുവതി പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകിയത്. പരാതിക്ക് പിന്നാലെ പോലീസ് വ്യാഴാഴ്ച്ച കൊല്ലത്തെത്തി യുവതിയുടെ മൊഴിയെടുത്തു. പരാതിയിൽ സംവിധായകനെതിരേ ഗുരുതര ആരോപണങ്ങൾ ഉണ്ടെന്നായിരുന്നു റിപ്പോർട്ട്.
യുവതിയുടെ പരാതി പ്രകാരം രണ്ട് വർഷം മുൻപാണ് കേസിനാസ്പദമായ സംഭവമുണ്ടായതായത്. കഥ സിനിമയാക്കാമെന്ന് പറഞ്ഞ് വി കെ പ്രകാശ് കൊല്ലത്തെ ഒരു ഹോട്ടലിലേക്ക് തന്നെ വിളിപ്പിക്കുകയായിരുന്നു. കഥ കേൾക്കുന്നതിനിടെ സിനിമയിൽ അഭിനയിക്കാൻ ശ്രമിച്ചുകൂടേ എന്ന് ചോദിച്ചുകൊണ്ട് ഒരു സീൻ അഭിനയിച്ചുകാണിക്കാൻ പറഞ്ഞു. താത്പര്യമില്ലെന്ന് പറഞ്ഞിട്ടും നിർബന്ധിച്ചു. അതൊരു വൾഗർ, ഇന്റിമേറ്റ് സീനായിരുന്നു. പിന്നീട് ആ സീൻ എങ്ങനെയാണ് അഭിനയിക്കേണ്ടതെന്ന് കാണിച്ചു തരാമെന്ന് പറഞ്ഞ് അദ്ദേഹം ചുംബിക്കാനും ബെഡിലേക്ക് തള്ളിയിടാനും ശ്രമിച്ചു എന്നാണ് യുവതി വെളിപ്പെടുത്തിയത്. ഇതേ തുടർന്ന് വി കെ പ്രകാശിനെ റൂമിൽ നിന്നും പുറത്താക്കിയതിനെ തുടർന്ന് താൻ കൊച്ചിയിലേക്ക് തിരിച്ചു. നടന്ന സംഭവം പുറത്ത് പറയാതിരിക്കാൻ തനിക്ക് സംവിധായകൻ 10000 രൂപ അയച്ചു നൽകിയെന്നും പരാതിയിലുണ്ടായിരുന്നു.
പിന്നാലെ വി കെ പ്രകാശ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി ഫയൽ ചെയ്തു. യുവതിയുടെ ആരോപണം ശെരിയല്ലെന്നും പണം തട്ടിയെടുക്കാനുള്ള ശ്രമമാണിതെന്നുമായിരുന്നു ഹർജിയിലുണ്ടായിരുന്നത്. മുൻപ് ഒരു നിർമ്മാതാവ് യുവതിക്കെതിരെ പരാതി നൽകിയിട്ടുണ്ട് അതിൽ അവർക്കെതിരെ കേസെടുത്തിണ്ട്. പരാതിക്കാരി തനിക്ക് വാട്സപ്പിലൂടെ അർദ്ധനഗ്ന ചിത്രങ്ങൾ അയച്ചു തന്നിട്ടുണ്ട് എന്നും ഹർജിയിൽ വികെ പ്രകാശ് പറഞ്ഞിരുന്നു. അതിന്റെ സ്ക്രീൻഷോട്ടും ഹർജിയിലുണ്ടായിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിനും ഡിജിപിയ്ക്കും പരാതി നൽകിയിട്ടുണ്ടെന്ന് വികെ പ്രകാശ് പറയുകയും ചെയ്തു.
ഇതിനിടെ അമേരിക്കയിൽ നിന്ന് നടൻ ജയസൂര്യ കേരളത്തിൽ തിരികെയെത്തി. എന്നാൽ, ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നടി നൽകിയ പീഡന പരാതിയിൽ പ്രതികരിക്കാൻ ജയസൂര്യ തയ്യാറായില്ല. കോടതിയുടെ പരിഗണനയിലുള്ള കേസായതിനാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാവില്ലെന്ന് ജയസൂര്യ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു.
കേസ് കോടതിയുടെ പരിഗണനയിലായതിനാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാവില്ല. നിയമപരമായി മുന്നോട്ടുപോകും. അഭിഭാഷകനോട് സംസാരിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കും. നമുക്ക് വൈകാതെ കാണാം. എല്ലാം വഴിയ മനസിലാവുമെന്നും ജയസൂര്യ പ്രതികരിച്ചു. പീഡനപരാതി ഉയർന്ന സമയത്ത് അമേരിക്കയിലായിരുന്ന ജയസൂര്യ ഇപ്പോഴാണ് തിരികെ എത്തിയത്. പരാതി ഉയർന്ന സമയത്ത് താരം സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു.
2013 ല്‍ ജയസൂര്യ പ്രധാനകഥാപാത്രമായി എത്തിയ ‘പിഗ്മാന്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് പീഡനശ്രമമുണ്ടായതെന്നായിരുന്നു യുവതിയുടെ ആരോപണം. ശുചിമുറിയില്‍ പോയി വരും വഴി ജയസൂര്യ കടന്നുപിടിച്ചു എന്നായിരുന്നു നടി വെളിപ്പെടുത്തിയത്. എന്നാൽ ഇത് തനിക്ക് ഇഷ്ടപ്പെട്ടില്ലെന്ന് മനസ്സിലായപ്പോള്‍ ജയസൂര്യ മാപ്പ് പറഞ്ഞുവെന്നും യുവതി പറയുന്നു. ഇതിനു പിന്നാലെ നടി പോലീസിൽ പരാതി നൽകി. സിനിമയിലെ ലൈംഗികാതിക്രമ കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മുന്‍പാകെയാണ് നടി മൊഴി നല്‍കിയിരുന്നത്. പരാതി നൽകിയതിനു പിന്നാലെ കൂത്താട്ടുകുളത്തെ പന്നിഫാമില്‍ പ്രത്യേക അന്വേഷണ സംഘം നടിയെ കൊണ്ടുപോയി തെളിവെടുത്തു.