Hema Committee Report : ഔട്ട്‌ഡോറില്‍ ഷൂട്ടുള്ളപ്പോൾ മരത്തിന്റെ പുറകിലോ കുറ്റിക്കാട്ടിലോ പ്രാഥമികകൃത്യത്തിനു പോവേണ്ട അവസ്ഥ..
ആർത്തവകാലത്താണ് സ്ത്രീകൾ ഏറ്റവും കൂടുതൽ കഷ്ടപ്പാടുകൾ അനുഭവിക്കുന്നത്. ഔട്ട്‌ഡോറിൽ ഷൂട്ടുള്ള സമയത്ത് വലിയ മരത്തിന്റെ പുറകിലോ കുറ്റിക്കാടിന്റെ മറവിലോ പ്രാഥമികകൃത്യത്തിനായി പോവേണ്ട അവസ്ഥയെ കുറിച്ച് പല സ്ത്രീകളും തുറന്നു പറയുന്നു.
തിരുവനന്തപുരം: സിനിമാ ലോകത്തെ പല ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തു വിട്ട ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ സ്ത്രീകൾ പ്രാഥമികകൃത്യം നിർവഹിക്കാൻ ശുചിമുറികളില്ലാതെ കഷ്ടപ്പെടുന്നതിനെപ്പറ്റിയും പരാമർശം. ശുചിമുറികൾ, വസ്ത്രം മാറാനുള്ള മുറികൾ എന്നിവ ലൊക്കേഷനുകളിൽ സൗകര്യം ചെയ്തു കൊടുക്കാത്തതിന്റെ പേരിൽ ദുരിതം അനുഭവിച്ചവരാണ് പല വനിതാ സിനിമാ പ്രവർത്തകരും. ആർത്തവകാലത്താണ് സ്ത്രീകൾ ഏറ്റവും കൂടുതൽ കഷ്ടപ്പാടുകൾ അനുഭവിക്കുന്നത്. ഔട്ട്‌ഡോറിൽ ഷൂട്ടുള്ള സമയത്ത് വലിയ മരത്തിന്റെ പുറകിലോ കുറ്റിക്കാടിന്റെ മറവിലോ പ്രാഥമികകൃത്യത്തിനായി പോവേണ്ട അവസ്ഥയെ കുറിച്ച് പല സ്ത്രീകളും തുറന്നു പറയുന്നു.
വെള്ളമില്ലാത്ത അവസ്ഥയും സാനിറ്ററി പാഡുകൾ ഡിസ്‌പോസ് ചെയ്യാനുള്ള സൗകര്യമില്ലാത്ത അവസ്ഥയും മറ്റ് ദുരിതങ്ങൾ. ലൊക്കേഷനുകളിൽ മൂത്രമൊഴിക്കാൻ സൗകര്യമില്ലാത്തതിനാൽ ബുദ്ധിമൂട്ടാത്തവർ ചുരുക്കം. ഇതിനെത്തുടർന്ന് വെള്ളം കുടി പാടേ ഉപേക്ഷിക്കുകയോ നിർത്തുകയോ ചെയ്തവരും ഉണ്ട്. മൂത്രമൊഴിക്കാതിരിക്കുന്നതും വെള്ളം കുടിക്കാതിരിക്കുന്നതും ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നറിഞ്ഞിട്ടും ഇവർ ഇങ്ങനെ ചെയ്യുന്നത് മറ്റുവഴികൾ ഇല്ലാഞ്ഞിട്ടാണ്.
ALSO READ – നഗ്നയായി അഭിനയിക്കണം, നിർബന്ധിച്ച ചുംബന രംഗം- ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തൽ
ഈ ശീലത്തിന്റെ പേരിൽ മൂത്രനാളിയിലെ അണുബാധയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും അനുഭവിക്കാത്തവർ ചുരുക്കം. കാരവാനുകൾ സ്ത്രീകൾക്കായി സൗകര്യം ചെയ്തുകൊടുക്കുന്നു എന്നാണ് നിർമ്മാതാക്കൾ വാദിക്കുന്നത്. പലപ്പോഴും നായികമാർക്ക് മാത്രമാണ് ഇതിന്റെ പ്രയോജനം ലഭിക്കാറെന്നത് മറ്റൊരു സത്യം. നടിമാർ മാത്രമല്ല, ഹെയർ സ്റ്റൈലിസ്റ്റുകളും അസിസ്റ്റന്റുമാരും ജൂനിയർ ആർട്ടിസ്റ്റുകളെല്ലാം നേരിടുന്നത് ഒരേ പ്രശ്നമാണ്. ബഹുഭൂരിപക്ഷം വരുന്ന പുരുഷൻമാർ ഈ പ്രശ്‌നം മനസ്സിലാക്കുന്നില്ല എന്നത് മറ്റൊരു വിഷയം. എന്നാണ് തിരിച്ചറിഞ്ഞ് സ്ത്രീപക്ഷത്തു നിന്ന് സംസാരിച്ച പുരുഷന്മാരും ഉണ്ട്.
പിന്തിരിപ്പൻ നിലപാട് തുറന്നു പറഞ്ഞ് പ്രമുഖ നടൻ
സിനിമയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പുറത്തു വന്നിട്ടും പിന്തിരിപ്പൻ നിലപാടുകൾ സ്വീകരിച്ചു രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖർ. പ്രമുഖ നടന്റെ പിന്തിരിപ്പൻ നിലപാട് എടുത്തുപറഞ്ഞ് ഹേമ കമ്മിറ്റി റിപ്പോർട്ട് . ഇത്രയും കാലം സിനിമയിലെ സ്ത്രീകൾ പരാതിയൊന്നുമില്ലാതെ സഹിച്ചാണ് ജീവിച്ചതെന്ന പ്രസ്താവനയാണ് ഒരു പ്രമുഖ നടൻ നൽകിയത്.