Hema Committee Report : 15 അംഗ പവർ ഗ്രൂപ്പിൽ ആരൊക്കെയെന്നറിയാം, പക്ഷേ പേര് പറയില്ല: വിനയൻ
Hema Committee Report Director Vinayan : മലയാള സിനിമയിലെ പവർ ഗ്രൂപ്പിലുള്ള അംഗങ്ങൾ ആരൊക്കെയെന്നറിയാമെന്ന് സംവിധായകൻ വിനയൻ. വർഷങ്ങൾക്ക് മുൻപ് തന്നെ ഒതുക്കാൻ ശ്രമിച്ചവർ തന്നെയാണ് ഇപ്പോഴും ഉള്ളത്. അവരുടെ പേരുകൾ പറയില്ലെന്നും വിനയൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഹേമ കമ്മറ്റി റിപ്പോർട്ടിൽ പരാമർശിച്ച 15 അംഗ പവർ ഗ്രൂപ്പിൽ ആരൊക്കെയെന്നറിയാമെന്ന് സംവിധായകൻ വിനയൻ. സിനിമാമേഖലയിൽ സ്ത്രീകൾ മാത്രമല്ല പ്രശ്നങ്ങൾ നേരിടുന്നത്. 15 വർഷങ്ങൾക്ക് മുൻപ് താൻ ഈ പവർ ഗ്രൂപ്പിനെപ്പറ്റി പറഞ്ഞതാണ്. അന്ന് തന്നെ ഒതുക്കാൻ ശ്രമിച്ചവർ തന്നെയാണ് ഇപ്പോഴും ഈ പവർ ഗ്രൂപ്പിൽ (Hema Committee Report) ഉള്ളതെന്നും വിനയൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
“മലയാള സിനിമയിൽ ഏറെ പ്രശ്നങ്ങൾ നേരിട്ട ഒരാളാണ് ഞാൻ. മാക്ടയെ തകർത്തത് ഒരു നടനാണെന്ന് റിപ്പോർട്ടിലുണ്ട്. ഈ യൂണിയനുണ്ടാക്കിയപ്പോൾ ഞാൻ ഇവരുടെ കണ്ണിലെ കരടായിരുന്നു. ഹേമ കമ്മറ്റി റിപ്പോർട്ട് ലഘൂകരിക്കാൻ സംസ്ഥാനത്തെ ഒരു മന്ത്രി പോലും പോലും ശ്രമിച്ചതാണ്. കോൺക്ലേവ് നടത്തുമ്പോൾ സർക്കാർ ഈ വിഷയങ്ങളൊക്കെ പരിഗണിക്കണം. ഈ പവർ ഗ്രൂപ്പിനെ മുന്നിൽ നിർത്തി കോൺക്ലേവ് നടത്താനാണ് തീരുമാനമെങ്കിൽ ശക്തമായി പ്രതിഷേധിക്കും. റിപ്പോർട്ട് ഇത്രയും കാലം വൈകാൻ കാരണം ഈ 15 അംഗ പബ്വർ ഗ്രൂപ്പാണ്. അവർ ആരൊക്കെയാണെന്നറിയാം. പക്ഷേ, പേര് പറയില്ല. റിപ്പോർട്ടിനെ ലഘൂകരിച്ച് കാണരുത്. ഗൗരവത്തോടെ എടുത്തില്ലെങ്കിൽ അത് സിനിമാ മേഖലയെ പിന്നോട്ട് നയിക്കും.”- വിനയൻ പറഞ്ഞു.
തൊഴിലാളികൾക്കും ന്യായത്തിനും വേണ്ടി നിന്നിട്ടുള്ള ഒരു സംഘടനയെയാണ് അവർ തകർത്തത്. ഹേമ കമ്മറ്റി റിപ്പോർട്ടിന്മേൽ ചർച്ചയും നടപടിയും വേണം. സിനിമാ സംഘടകൾ ശക്തമായ നടപടിയെടുക്കണം. മലയാള സിനിമാ മേഖലയെ തകരാൻ വിടരുതെന്നും വിനയൻ പറഞ്ഞു.
ഏത് കാര്യത്തിനാണ് മറുപടി പറയേണ്ടതെന്ന് ഇപ്പോൾ വ്യക്തമായ ധാരണയില്ല എന്ന് മുതിർന്ന നടനും അമ്മ ജനറൽ സെക്രട്ടറിയുമായ സിദ്ധിഖ് ഇന്നലെ, ഈ മാസം 19ന് പറഞ്ഞിരുന്നു. രണ്ട് മൂന്ന് ദിവസമായി തങ്ങൾ ഒരു ഷോ നടക്കുന്നതിൻ്റെ റിഹേഴ്സലിനായി എറണാകുളത്ത് കൂടിയിരിക്കുകയാണ്. അതിനാണ് ഇപ്പോൾ പ്രാധാന്യം. റിപ്പോർട്ട് വിശദമായി പഠിച്ചിട്ട് എന്താണ് പറയേണ്ടതെന്ന് തീരുമാനമെടുക്കുമെന്നും സിദ്ധിഖ് മാധ്യമങ്ങളോട് പറഞ്ഞു. ഏറെ പ്രതിസന്ധികൾക്കൊടുവിൽ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ സംസാരിക്കുകയായിരുന്നു സിദ്ധിഖ്.
“പ്രൊഡ്യൂസർ അസോസിയേഷൻ്റെ ജനറൽ സെക്രട്ടറി ബി രാകേഷുണ്ട്. അമ്മ ജോയിൻ്റ് സെക്രട്ടറി ബാബുരാജുണ്ട്, വൈസ് പ്രസിഡൻ്റ് ജയനുണ്ട്. ഞങ്ങളെല്ലാവരും കൂടിയാലോചിച്ച്, മറ്റ് സംഘടനകളുമായും ആലോചിച്ചിട്ട് പ്രതികരിക്കും. റിപ്പോർട്ടിൻ്റെ വിശദാംശങ്ങൾ അറിഞ്ഞെങ്കിലേ അതിലെന്തെങ്കിലും പറയാൻ കഴിയൂ. ഇത് വളരെ സെൻസിറ്റീവാണ്. സൂക്ഷിച്ച് വേണം കാര്യങ്ങൾ പറയാൻ. ഇതേപ്പറ്റി അറിയാതെ എന്തെങ്കിലും പറഞ്ഞുപോയാൽ അത് ഭാവിയിൽ ദൂഷ്യമുണ്ടാക്കും. അതുകൊണ്ട് റിപ്പോർട്ടിനെപ്പറ്റി വിശദമായി പഠിച്ചതിന് ശേഷം നിങ്ങളെ കാണും. അഭിപ്രായം പറയുകയും ചെയ്യും.”- സിദ്ധിഖ് പറഞ്ഞു.
സ്ത്രീകൾക്കെതിരെ വിവേചനമുണ്ടെങ്കിൽ തീർച്ചയായും നടപടി എടുക്കേണ്ടതാണ് എന്നും സിദ്ധിഖ് പ്രതികരിച്ചു. കാസ്റ്റിംഗ് കൗച്ചൊന്നും അനുവദിക്കാനാവില്ല. ആരും അതിനെ ന്യായീകരിക്കില്ല. അതൊക്കെ ക്രിമിനൽ നടപടികളാണ്. അതിനെതിരെ നടപടികളെടുക്കണം. അതിൽ ഒരു എതിരഭിപ്രായവുമില്ല.എന്നാൽ, ഏത് തരത്തിലുള്ള വിവേചനം, ആർക്കാണ് ഉണ്ടായിട്ടുള്ളത്, ഇതേപ്പറ്റി ആരാണ് പരാതിപ്പെട്ടത്, ആർക്കെതിരെയാണ് പരാതി എന്നൊക്കെ അറിയേണ്ടതുണ്ട്. അല്ലാതെ എന്തെങ്കിലും എവിടെന്നെങ്കിലും കേട്ടിട്ട് മറുപടി പറയാനാവില്ല എന്നും സിദ്ധിഖ് പ്രതികരിച്ചു.
233 പേജുകളുള്ള റിപ്പോർട്ടിൽ മലയാള സിനിമ മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച റിപ്പോർട്ടിൽ വ്യക്തി വിവരങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. ചലച്ചിത്ര മേഖലയിലെ ദുഷ്പ്രവണതകൾ, ചൂഷണങ്ങൾ എന്നിവ അടങ്ങുന്ന വിവരങ്ങൾ റിപ്പോർട്ടിലുണ്ട്. വിട്ടു വീഴ്ചകൾക്ക് തയ്യാറാവാത്തവർക്ക് അവസരങ്ങളില്ല, തയ്യാറാവുന്നവർക്ക് പ്രത്യേക കോഡ് പേരുകൾ നൽകും. പ്രമുഖ നടൻമാർ ഉൾപ്പെടെയുള്ളവർ സ്ത്രീകളെ ചൂഷണം ചെയ്തിട്ടുണ്ട്. പലവിധത്തിലുള്ള ഇടനിലക്കാർ സിനിമാ മേഖലയിലാകെയുണ്ട്. വഴിവിട്ട കാര്യങ്ങൾക്കായി സംവിധായകരും നിർമാതാക്കളും നിർബന്ധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. 51 പേരാണ് കമ്മിറ്റിക്ക് മൊഴി നൽകിയത്.
ഏതെങ്കിലും വിധത്തിലുള്ള ദുരനുഭവം സിനിമയിലുണ്ടായാൽ പിന്നെ സിനിമയിൽ വിലക്ക് ഏർപ്പെടുത്തുന്ന തരത്തിലേക്ക് എത്തും. സിനിമാ മേഖലയിലെ മാഫിയ ഇൻ്റേണൽ കംപ്ലെയിൻസ് കമ്മിറ്റിയെ വരെ നിയന്ത്രിക്കുന്നു. ഇൻ്റിമേറ്റ് സീനിന് വേണ്ടി നഗ്നയായി അഭിനയിക്കാൻ ഒരു സംവിധായകൻ നിർബന്ധിച്ചെന്നും വിസമ്മതിച്ചതോടെ തന്നെ കൊച്ചിയിലെത്തി പേഴ്സണലി കാണണമെന്ന് പറഞ്ഞെന്നും ഒരു ജൂനിയർ ആർട്ടിസ്റ്റിൻ്റെ മൊഴി റിപ്പോർട്ടിലുണ്ട്.