Babitha Basheer: മിനി സ്‌ക്രീനിൽ നിന്നും ബിഗ് സ്‌ക്രീനിലെത്തി; ‘ഫെമിനിച്ചി ഫാത്തിമ’യിലൂടെ ഹിറ്റായി ബബിത ബഷീർ
Feminichi Fathima Fame Babitha Basheer: 'ട്യൂഷൻ വീട്' എന്ന വെബ് സീരീസിലൂടെയാണ് ബബിത ബഷീർ ആദ്യം ശ്രദ്ധിക്കപ്പെട്ടത്. ഒരു തനി നാടൻ ട്യൂഷൻ ടീച്ചറിന്റെ വേഷത്തിലാണ് വെബ്‌സീരിസിൽ നടി എത്തിയത്.
യുവതലമുറയ്ക്കിടയിൽ ‘ഫെമിനിച്ചി ഫാത്തിമ’ എന്ന ചിത്രം ചർച്ചയാവുകയാണ്. ചിത്രത്തിൽ മലബാറിലെ യുവതലമുറയിലെ പെൺകുട്ടികളുടെ പ്രതിനിധിയായി ഷാന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബബിത ബഷീർ ഇതിനകം പ്രേക്ഷകരുടെ കയ്യടി നേടിക്കഴിഞ്ഞു. ഒരൊറ്റ സീനിലൂടെ പ്രേക്ഷകരെ ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത് ബബിതയെ മലയാളി സിനിമ പ്രേമികൾ ഏറ്റെടുത്തിരിക്കുകയാണ്. യാഥാസ്ഥിത കുടുംബങ്ങളിലെ പെൺകുട്ടിയുടെ നേർ ചിത്രമാണ് സിനിമയിലൂടെ ബബിത അവതരിപ്പിച്ചത്.
ഐ.എഫ്.എഫ്.കെയിൽ ഏറെ നിരൂപക പ്രശംസ നേടിയ ‘ഫെമിനിച്ചി ഫാത്തിമ’ അഞ്ച് അവാർഡുകളാണ് സ്വന്തമാക്കിയത്. അതേസമയം, ‘ട്യൂഷൻ വീട്’ എന്ന വെബ് സീരീസിലൂടെയാണ് ബബിത ആദ്യം ശ്രദ്ധിക്കപ്പെട്ടത്. ഒരു തനി നാടൻ ട്യൂഷൻ ടീച്ചറിന്റെ വേഷത്തിലാണ് വെബ്‌സീരിസിൽ ബബിത എത്തിയത്. നമ്മുടെയൊക്കെ അയല്പക്കങ്ങളിൽ കാണുന്ന ഒരു സാധാരണക്കാരിയായ യുവതിയുടെ നേർ ചിത്രമാണ് സിനിമയിലൂടെ നടി നൽകിയത്. ട്യൂഷൻ വീട്ടിൽ കുട്ടികളുടെ കുറുമ്പുകൾക്കൊപ്പം ചേർന്ന് നിൽക്കുമ്പോഴും നിശബ്ദമായൊരു പ്രണയം മനസിൽ സൂക്ഷിക്കുന്ന കഥാപാത്രത്തെയാണ് ബബിത സീരിസിൽ അവതരിപ്പിച്ചത്.
‘മന്ദാകിനി’, ‘ജാക്സൻ ബസാർ’, ‘കായ്പോള’, ‘പത്മ’, ‘സന്തോഷം’, ‘ഓ മൈ ഡാർലിങ്’, ‘ഇന്ദിര’, ‘ഓർമ്മയിൽ ഒരു ശിശിരം’ തുടങ്ങിയ സിനിമകളിലും ബബിത ബഷീർ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നിരവധി വെബ് സീരീസുകളിലും, പരസ്യചിത്രങ്ങളിലും വേഷമിട്ട ബബിത അവതരണത്തിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കേരളത്തിലെ പ്രധാന സ്വകാര്യ ചാനലുകളിലും, വിദ്യാഭ്യാസ വകുപ്പിന്റെ വിക്ടേഴ്സ് ചാനലിലും ബബിത ബഷീർ അവതാരകയായി പ്രവർത്തിച്ചിട്ടുണ്ട്.
ഓൺലൈൻ ചാനലുകളിൽ സെലിബ്രിറ്റി ഇന്റെർവ്യൂവറായി പരിചയ സമ്പത്തുള്ള വ്യക്തിയാണ് ബബിത. താരം മലബാർ ഗോൾഡ്, മൈജി, ചെമ്മന്നൂർ, തുടങ്ങി പ്രമുഖ ബ്രാന്റുകളുടെ സ്ഥിരം അവതാരിക കൂടിയാണ്. നാടൻ വേഷങ്ങളും, മോഡേൺ ലുക്കും ഒരു പോലെ കൈകാര്യം ചെയ്യാൻ കഴിയും എന്നത് തന്നെയാണ് ബബിതയുടെ സവിഷേത. ഫെമിനിച്ചി ഫാത്തിമയിലൂടെ കൂടുതൽ നല്ല വേഷങ്ങൾ തന്നെ തേടി എത്തുമെന്ന പ്രതീക്ഷയിലാണ് ഈ യുവനടി.