Amaran Movie Case: ‘തുടര്‍ച്ചയായി കോളുകളെത്തുന്നു, ഉറങ്ങാൻ പറ്റുന്നില്ല’; ‘അമരൻ’ സിനിമയിൽ തന്റെ നമ്പർ ഉപയോഗിച്ചതിന് നിർമാതാക്കൾക്കെതിരെ വിദ്യാർത്ഥി
Amaran Movie Case: ഇതോടെ തനിക്ക് സമാധാനം നഷ്ടമായെന്നും തുടര്‍ച്ചയായി കോളുകളെത്തിയതോടെ ഉറങ്ങാനും പഠിക്കാനും പറ്റുന്നില്ല. മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഇതിനു തനിക്ക് 1.1 കോടി നഷ്ടപരിഹാരം വേണമെന്നാണ് വാഗീശൻ മുന്നോട്ട് വെക്കുന്ന ആവശ്യം.
ബോക്സോഫീസ് ഇളക്കി മറിച്ച് ചരിത്രം കുറിക്കുകയാണ് ശിവ കാർത്തികേയൻ- സായ് പല്ലവി ചിത്രം അമരൻ. മികച്ച പ്രേക്ഷകപ്രതികരണങ്ങളോടെ ചിത്രം തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ് . രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത ചിത്രം ഇതുവരെ 300 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ്. എന്നാൽ അതിനിടെയിൽ ‘അമരൻ ’ന്റെ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ് ചെന്നൈയിലെ വിദ്യാർത്ഥി.
ചെന്നൈയിലെ എഞ്ചിനിയറിങ് വിദ്യാർത്ഥിയാണ് ‘അമരൻ ’ന്റെ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ചത്. തന്റെ ഫോൺ നമ്പർ ചിത്രത്തിൽ ഉപയോഗിച്ചെന്ന് കാട്ടിയാണ് എഞ്ചിനിയറിങ്ങ് വിദ്യാർത്ഥിയായ വി വി വാഗീശൻ നോട്ടീസ് അയച്ചത്. തന്റെ നമ്പർ സായിപല്ലവി അവതരിപ്പിച്ച കഥാപാത്രം ഇന്ദു റെബേക്ക വര്‍ഗീസിന്റേതായാണ് സിനിമയിൽ കാണിക്കുന്നത്. സിനിമ പുറത്തിറങ്ങിയ ശേഷം ഈ നമ്പറിലേക്ക് ഇടതടവില്ലാതെ കോളുകളെത്തുന്നുവെന്നാണ് വിദ്യാർത്ഥിയുടെ ആരോപണം. ഇതോടെ തനിക്ക് സമാധാനം നഷ്ടമായെന്ന് വാഗീശൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. തുടര്‍ച്ചയായി കോളുകളെത്തിയതോടെ ഉറങ്ങാനും പഠിക്കാനും പറ്റുന്നില്ല. മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും പരാതിയിൽ പറയുന്നു.
ഇതിനു തനിക്ക് 1.1 കോടി നഷ്ടപരിഹാരം വേണമെന്നാണ് വാഗീശൻ മുന്നോട്ട് വെക്കുന്ന ആവശ്യം. തന്റെ ഫോൺ നമ്പർ മാറ്റില്ലെന്നും വാഗീശൻ വ്യക്തമാക്കി. ദീപാവലി ആഘോഷത്തിനിടെയാണ് അപരിചിതമായ നമ്പരുകളിൽ നിന്ന് കോളുകൾ വരുന്നത് വിദ്യാർത്ഥിയുടെ ശ്രദ്ധയിൽപ്പെട്ടത്. ആദ്യം കോൾ എടുത്ത് ഇത് സായ് പല്ലവിയുടെ നമ്പർ ആണോ എന്ന് ചോദിച്ചപ്പോൾ അല്ലെന്ന് മറുപടി നൽകിയെങ്കിലും പിന്നാലെ കോളുകളുടെ എണ്ണം വർധിച്ചെന്നും ഇത് കാരണം സൈലന്റ് മോഡിൽ ആക്കിയെന്നും വാഗീശൻ പറയുന്നു . വാട്സ്അപ്പിലും ഇതേരീതിയിലുള്ള സന്ദേശങ്ങൾ എത്തിയതോടെയാണ് തന്റെ മൊബൈൽ നമ്പർ സിനിമയിൽ കാണിച്ചിട്ടുണ്ടെന്ന് വിദ്യാർത്ഥിക്ക് മനസ്സിലായത്.
അതേസമയം ശിവകാര്‍ത്തികേയന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുയാണ് അമരൻ. മേജർ മുകുന്ദ് വരദരാജന്റെ ജീവിതകഥ പറഞ്ഞ ചിത്രം ദീപാവലി റിലീസായി ഒക്ടോബർ 31നാണ് തീയേറ്ററുകളിൽ എത്തിയത്. ചിത്രത്തിൽ മേജര്‍ മുകുന്ദ് ആയാണ് ശിവകാര്‍ത്തികേയന്‍ വേഷമിട്ടിരിക്കുന്നത്. നായികയായി സായ് പല്ലവിയാണ് എത്തിയത്. പത്ത് ദിവസം കൊണ്ട് ചിത്രം ആഗോളതലത്തിൽ 200 കോടി കളക്ഷൻ നേടിയിരുന്നു. തമിഴിൽ ഈ വർഷം പുറത്തിറങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിൽ അമരനും ഇടം നേടി കഴിഞ്ഞു. ചിത്രം റിലീസായി 22 ദിവസം ആകുമ്പോഴേക്കും ചിത്രം 300 കോടി ക്ലബ്ബിൽ എത്തിയിരിക്കുകയാണ്.
മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം ഒടിടി സ്ട്രീമിംഗ് നെറ്റ്ഫ്ളിക്സ് വൈകിപ്പിച്ചിരുന്നു. ഇതോടെ ചിത്രം എപ്പോൾ ഒടിടിയിൽ എത്തുമെന്ന കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. ഇപ്പോഴിതാ, ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പുറത്തു വന്നിരിക്കുകയാണ്. ഡിസംബർ 5ന് ചിത്രം നെറ്റ്ഫ്ളിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും.