Drishyam 3 : ‘ദൃശ്യം 3 എഴുതിയിട്ട് പോലുമില്ല; എന്ന് നടക്കുമെന്നറിയില്ല’; വെളിപ്പെടുത്തി ജീത്തു ജോസഫ്
Jeethu Joseph About Drishyam 3: താൻ ഇതുവരെ ദൃശ്യം 3 എഴുതിയിട്ടില്ലെന്ന് സംവിധായകൻ ജീത്തു ജോസഫിൻ്റെ വെളിപ്പെടുത്തൽ. സിനിമ എന്ന് നടക്കുമെന്നറിയില്ല എന്നും താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഓൺലൈൻ മാധ്യമങ്ങളോട് അദ്ദേഹം പ്രതികരിച്ചു.
ദൃശ്യം 3 എഴുതിയിട്ട് പോലുമില്ലെന്ന് സംവിധായകൻ ജീത്തു ജോസഫ്. ദൃശ്യം 3 എന്ന് ഷൂടിങ് തുടങ്ങുമെന്ന ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് ജീത്തു ജോസഫിൻ്റെ പ്രതികരണം. താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും എന്ന് നടക്കുമെന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ദൃശ്യം 3യ്ക്കായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് മോഹൻലാൽ പറഞ്ഞിരുന്നു.
“ദൃശ്യം 3 യെപ്പറ്റി ഒന്നും പറയാനില്ല. ഷൂട്ടൊന്നും തീരുമാനമായിട്ടില്ല. എഴുതിയിട്ടില്ലല്ലോ. ഞാൻ ശ്രമിക്കുന്നുണ്ടെന്നാണ് ലാലേട്ടൻ പറഞ്ഞത്. ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അത് എന്നാകും എന്നൊന്നും അറിയില്ല. നടന്നാൽ നടന്നെന്ന് പറയാം. അത്രേയുള്ളൂ. അതാണ് യാഥാർത്ഥ്യം. യാഥാർത്ഥ്യം ഞാൻ പറയാം. ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. നല്ല രീതിയിൽ എന്തെങ്കിലും ഒരു സംഭവം കിട്ടിയാൽ ചെയ്യും. മാക്സിമം ട്രൈ ചെയ്യുന്നുണ്ട്. ഒന്നാം ഭാഗം കഴിഞ്ഞപ്പോൾ രണ്ടാം ഭാഗം ഉണ്ടാവുമെന്ന് വിചാരിച്ചതല്ല. പലരും ട്രൈ ചെയ്യാൻ പറഞ്ഞപ്പോൾ സംഭവിച്ചതാണ്. രണ്ടാം ഭാഗത്തേക്കാൾ കൂടുതൽ എഫർട്ട് ഇടുന്നുണ്ട്. അറിയില്ല. ഇതേപ്പറ്റി പറയാൻ ഇത്രേയുള്ളൂ.”- ജീത്തു ജോസഫ് പറഞ്ഞു.
പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ ദൃശ്യം 3യ്ക്കായുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നറിയിച്ചത്. കഥ പുരോഗമിക്കുകയാണെന്നായിരുന്നു അദ്ദേഹം അറിയിച്ചത്. തനിക്ക് അതേപ്പറ്റി കാര്യമായ അറിവില്ല. എഴുത്ത് നടക്കുകയാണ്. ഒരു നല്ല രണ്ടാം ഭാഗം കൊണ്ടുവരിക എന്നത് വലിയ വെല്ലുവിളിയാണ്. മൂന്നാം ഭാഗം സംവിധായകന് വലിയ തലവേദനയാണ്. പക്ഷേ, അതിൻ്റെ കാര്യങ്ങൾ നടക്കുകയാണ്. എന്നെങ്കിലും അത് സംഭവിക്കും എന്നായിരുന്നു മോഹൻലാലിൻ്റെ പ്രതികരണം.
2013ലാണ് മോഹൻലാലിനെയും മീനയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് ദൃശ്യം എന്ന സിനിമ സംവിധാനം ചെയ്യുന്നത്. ഒരു കുടുംബചിത്രമെന്ന ധാരണകളെ പൊളിച്ചെഴുതിയ സിനിമയുടെ ക്ലൈമാക്സ് പ്രേക്ഷകരെ ഞെട്ടിച്ചു. ബോക്സോഫീസിൽ 50 കോടി രൂപ നേടുന്ന ആദ്യ മലയാള സിനിമയായിരുന്നു ദൃശ്യം. 150 ദിവസത്തിലധികം സിനിമ തീയറ്ററിൽ നിറഞ്ഞോടി. യുഎഇയിൽ ഏറ്റവും കൂടുതൽ ദിവസം തീയറ്ററുകളിലുണ്ടായിരുന്ന സിനിമയാണ് ദൃശ്യം. 125 ദിവസമാണ് യുഎഇയിൽ സിനിമ ഓടിയത്. ഫിലിംഫെയർ അവാർഡ്, കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം തുടങ്ങി വിവിധ അവാർഡുകൾ ദൃശ്യം വാരിക്കൂട്ടി. ചൈനീസ് അടക്കം ഏഴ് ഭാഷകളിലാണ് സിനിമ റീമേക്ക് ചെയ്തത്. കൊറിയൻ, ഇൻഡോനേഷ്യൻ, ഇംഗ്ലീഷ് ഭാഷകളിൽ സിനിമ റീമേക്ക് ചെയ്യുമെന്ന പ്രഖ്യാപനവും വന്നുകഴിഞ്ഞു. ബോക്സോഫീസിൽ വൻ വിജയമായ ദൃശ്യം മലയാള സിനിമാ ചരിത്രത്തിലെ ഒരു നാഴികക്കല്ലായാണ് കണക്കാക്കപ്പെടുന്നത്.
2021ൽ ദൃശ്യത്തിൻ്റെ രണ്ടാം ഭാഗമായ ദൃശ്യം 2 പുറത്തിറങ്ങി. ഇതും വൻ വിജയമായിരുന്നു. തീയറ്റർ റിലീസിനായി ഷൂട്ട് ചെയ്ത സിനിമയായിരുന്നു എങ്കിലും കൊവിഡ് ലോക്ക്ഡൗണിൻ്റെ പശ്ചാത്തലത്തിൽ ആമസോൺ പ്രൈമിലാണ് സിനിമ റിലീസായത്. ഇത് രാജ്യത്തും രാജ്യത്തിന് പുറത്തും മലയാള സിനിമയുടെ വിലാസം കൂടിയായി. ദൃശ്യം 2 നാല് ഭാഷകളിൽ റീമേക്ക് ചെയ്തു.