Mamitha Baiju – Bala : ഷൂട്ടിംഗ് സെറ്റിൽ വച്ച് മമിതയെ അടിച്ചോ?; വിശദീകരണവുമായി സംവിധായകൻ ബാല
Mamitha Baiju Director Bala Slap Controversy: സൂര്യ നായകനായ വണങ്കാൻ എന്ന സിനിമയുടെ സെറ്റിൽ വച്ച് മമിത ബൈജുവിനെ അടിച്ചു എന്ന ആരോപണങ്ങളോട് പ്രതികരിച്ച് സംവിധായകൻ ബാല. മമിതയും സൂര്യയും സിനിമയിൽ നിന്ന് പിന്മാറിയിരുന്നു. ഇതടക്കമുള്ള വിവാദങ്ങളിലാണ് ബാല വ്യക്തത വരുത്തിയത്.
ഷൂട്ടിങ് സെറ്റിൽ വച്ച് മമിത ബൈജുവിനെ അടിച്ചു എന്ന ആരോപണങ്ങളോട് പ്രതികരിച്ച് സംവിധായകൻ ബാല. സൂര്യ നായകനായ വണങ്കാൻ എന്ന സിനിമയുടെ സെറ്റിൽ വച്ച് ബാല മമിതയെ അടിച്ചു എന്നായിരുന്നു ആരോപണം. സൂര്യയെയും മമിതയെയും പ്രധാന കഥാപാത്രങ്ങളാക്കി ബാല സംവിധാനം ചെയ്ത സിനിമയായിരുന്നു വണങ്കാൻ. സിനിമയുടെ കുറേ ഭാഗങ്ങൾ ചിത്രീകരിയ്ക്കുകയും ചെയ്തു. എന്നാൽ, സൂര്യയും മമിതയും പിന്മാറിയതോടെ മറ്റ് താരങ്ങളെ വച്ച് അദ്ദേഹം സിനിമ ചിത്രീകരണം പൂർത്തിയാക്കുകയായിരുന്നു.
താൻ മമിതയെ അടിച്ചില്ലെന്നാണ് ബാലയുടെ വിശദീകരണം. തൻ്റെ മകളെപ്പോലെയാണ് മമിത. അങ്ങനെയൊരാളെ താൻ അടിയ്ക്കുമോ എന്ന് ബാല ചോദിച്ചു. ഗലാട്ട തമിഴിനോടാണ് ബാലയുടെ പ്രതികരണം. പെൺകുട്ടികളെ ആരെങ്കിലും അടിയ്ക്കുമോ? ചെറിയ കുട്ടിയല്ലേ. ബോംബെയിൽ നിന്നാണ് മേക്കപ്പ് ആർട്ടിസ്റ്റ് വന്നത്. ആ സമയത്ത് മമിതയ്ക്ക് ഷൂട്ട് ഇല്ലായിരുന്നു. വെറുതെ ഇരിക്കുകയാണെന്ന് പറഞ്ഞ് അവർ മമിതയ്ക്ക് മേക്കപ്പ് ചെയ്തു. എന്നാൽ, തൻ്റെ സിനിമയിൽ ആവശ്യമില്ലാതെ അഭിനേതാക്കൾ മേക്കപ്പ് ചെയ്യുന്നത് തനിക്ക് ഇഷ്ടമല്ല. അത് മമിതയ്ക്കറിയാം. മമിത അത് മേക്കപ്പ് ആർട്ടിസ്റ്റിനോട് പറഞ്ഞില്ല. ഷോട്ടിന് റെഡിയായി വിളിച്ചപ്പോൾ മമിത മേക്കപ്പിട്ടാണ് വന്നത്. ആരാണ് മേക്കപ്പ് ചെയ്തത് എന്ന് ചോദിച്ച് താൻ അടിക്കാനായി കയ്യോങ്ങി. അടിച്ചില്ല. അതാണ് അടിച്ചെന്ന് വാർത്ത വന്നത് എന്നും അദ്ദേഹം പ്രതികരിച്ചു.
വണങ്കാനിൽ നിന്ന് സൂര്യ പിന്മാറിയതിന് പിന്നാലെയാണ് മമിതയും പിന്മാറിയത്. എന്നാൽ, വ്യക്തിപരമായ പ്രശ്നങ്ങൾ കാരണമായിരുന്നില്ല ഇത്. കഥയിൽ ചില മാറ്റങ്ങൾ വന്നതായിരുന്നു സൂര്യയുടെ പിന്മാറ്റത്തിന് കാരണം. 40 ദിവസത്തോളം മമിത അതിൽ അഭിനയിച്ചു. സൂര്യ പിന്മാറിയതോടെ ഇതൊക്കെ വീണ്ടും റീഷൂട്ട് ചെയ്യേണ്ടിവന്നു. ഈ സമയത്ത് മമിതയ്ക്ക് മറ്റ് സിനിമകളുടെ തിരക്കുകൾ വന്നു. ഇതോടെയാണ് അവർ പിന്മാറിയതെന്നും അദ്ദേഹം പറഞ്ഞു.
മുൻപ് ഒരു അഭിമുഖത്തിൽ വച്ചാണ് ബാല തന്നെ വഴക്കുപറഞ്ഞു എന്ന് മമിത വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് മമിതയെ ബാല അടിച്ചു എന്ന് വാർത്ത പരന്നത്. പിന്നാലെ, ഇക്കാര്യത്തിൽ മമിത വ്യക്തത വരുത്തി. ബാല തന്നെ അടിച്ചില്ലെന്നും ചിലർ താൻ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ചതാണെന്നും മമിത പറഞ്ഞു. കരിയറിൽ വളരെ പ്രധാന സ്ഥാനത്ത് നിൽക്കുന്ന സംവിധായകനാണ് ബാല. സിനിമയുടെ പ്രീപ്രൊഡക്‌ഷനും പ്രൊഡക്‌ഷനുമൊക്കെയായി ബാല സാറിനൊപ്പം ഒരു വര്‍ഷത്തോളം വര്‍ക്ക് ചെയ്തിട്ടുണ്ട്. മെച്ചപ്പെട്ട അഭിനേത്രിയാവാൻ അദ്ദേഹം തന്നെ സഹായിച്ചിട്ടുണ്ട്. ഒരിക്കൽ പോലും അദ്ദേഹം മാനസികമായോ ശാരീരികമായോ തന്നെ ഉപദ്രവിച്ചിട്ടില്ല. ഒരു നല്ല നടി എന്ന നിലയിൽ വളരാൻ തനിക്ക് ഒരുപാട് ഉപദേശം നൽകിയിട്ടുണ്ട്. അദ്ദേഹം ഒരു തരത്തിലും തന്നോട് അധിക്ഷേപപരമായി പെരുമാറിയിട്ടില്ലെന്നും മമിത വ്യക്തമാക്കി. തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു മമിതയുടെ പ്രതികരണം. ഇതിനെ ശരിവെക്കുന്നതാണ് ഇപ്പോൾ ബാലയുടെ പ്രതികരണം.