KR Krishna Death: ശ്രീനഗറിലെ സിനിമ ചിത്രീകരണത്തിനിടെ അണുബാധ; ഛായാഗ്രാഹക കെ.ആർ. കൃഷ്ണ അന്തരിച്ചു
Cinematographer KR Krishna Passed Away: പനി ബാധിച്ചതിനെ തുടർന്ന് ഈ മാസം 23നാണ് കൃഷ്ണയെ ആദ്യം കശ്മീരിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പിന്നീട് രോഗം ഗുരുതരമായതോടെ ശ്രീനഗർ ഗവ. മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
കൊച്ചി: നെഞ്ചിലെ അണുബാധയെ തുടർന്ന് യുവ ഛായാഗ്രാഹക കെ.ആർ. കൃഷ്ണ (30) അന്തരിച്ചു. കഴിഞ്ഞ ദിവസം ശ്രീനഗറിൽ വച്ചായിരുന്നു മരണം. നെഞ്ചിലുണ്ടായ അണുബാധയാണ് മരണ കാരണം. എറണാകുളം പെരുമ്പാവൂർ സ്വദേശിയായ കൃഷ്ണ സിനിമയിൽ ഛായാഗ്രാഹകയായി ജോലി ചെയ്ത് വരികയായിരുന്നു. പെരുമ്പാവൂരിലും കുറുപ്പംപടിയിലും ഗിന്നസ് സ്റ്റുഡിയോ നടത്തിയിരുന്ന രാജന്റെ മകളാണ്. മുടക്കുഴ കണ്ണഞ്ചേരിമുകൾ കോടമ്പ്രം വീട്ടിൽ രാജൻ- ഗിരിജ എന്നിവരാണ് മാതാപിതാക്കൾ.
തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് നെഞ്ചിൽ അണുബാധ ഉണ്ടാകുന്നത്. ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ ‘ഹിറ്റ്’ സീരീസിലെ മൂന്നാമത്തെ സിനിമയുടെ ഷൂട്ടിംഗ് ലെക്കേഷനിലായിരുന്നു കൃഷ്ണ. മലയാളി ഛായാഗ്രാഹകൻ സാനു വർഗീസാണ് ശൈലേഷ് കോലാനു ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ഇദ്ദേഹത്തിന് കീഴിലായിരുന്നു കൃഷ്ണ പ്രവർത്തിച്ചിരുന്നത്. ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായാണ് സിനിമയുടെ ഷൂട്ടിംഗ് നടന്നു കൊണ്ടിരുന്നത്. രാജസ്ഥാൻ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലെ ഷൂട്ടിംഗിന് ശേഷം ജമ്മു കശ്മീരിൽ ഷൂട്ടിംഗ് നടക്കുന്നതിനിടെയാണ് കൃഷ്ണ അസുഖബാധിതയാകുന്നത്.
പനി ബാധിച്ചതിനെ തുടർന്ന് ഈ മാസം 23നാണ് കൃഷ്ണയെ ആദ്യം കശ്മീരിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പിന്നീട് രോഗം ഗുരുതരമായതോടെ ശ്രീനഗർ ഗവ. മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ആശുപത്രിയിലെ ചികിത്സയ്ക്കിടെ ആരോഗ്യസ്ഥിതി വീണ്ടെടുത്ത കൃഷ്ണ വീട്ടുകാരോട് അടക്കം സംസാരിക്കുകയും ചെയ്തിരുന്നു. പനിയും അണുബാധയും മൂലം കൃഷ്ണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന വിവരം അറിഞ്ഞതിനെ തുടർന്ന് സഹോദരൻ ഉണ്ണി ശ്രീനഗറിലെത്തിയിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന കൃഷ്ണയെ വാർഡിലേക്ക് മാറ്റാനിരിക്കെ പെട്ടന്നുണ്ടായ ഹൃദയസ്തംഭനമാണ് മരണത്തിനിടയാക്കിയത് എന്നാണ് വിവരം.
മലയാളത്തിലെ നിരവധി സിനിമകളിൽ ഛായാഗ്രാഹക സഹായിയായി കൃഷ്ണ പ്രവർത്തിച്ചിട്ടുണ്ട്. ഇടക്കാലത്ത് സ്വതന്ത്ര ഛായാഗ്രാഹകയായും ജോലി ചെയ്തിട്ടുണ്ട്. റീലീസ് ചെയ്യാനിരിക്കുന്ന ബേസിൽ ജോസഫ് ചിത്രം ‘പൊന്മാനി’ലാണ് കൃഷ്ണ ഒടുവിൽ മലയാളത്തിൽ പ്രവർത്തിച്ചത്.
സാനു വർഗീസ് ഛായാഗ്രഹണവും ജ്യോതിഷ് ശങ്കർ സംവിധാനവും നിർവഹിച്ച ചിത്രമാണ് പൊൻമാൻ. സ്വതന്ത്ര ഛായാഗ്രാഹകയായി കോവിഡിന് മുമ്പ് ദുബായ് കേന്ദ്രീകരിച്ചും പ്രവർത്തിച്ചിരുന്നു. മലയാള സിനിമയിലെ സ്ത്രീകളുടെ സംഘടനയായ വിമൻ ഇൻ സിനിമ കലക്ടീവിന്റെ സജീവ പ്രവർത്തകയായിരുന്നു. ഇന്ന് വെെകിട്ട് കൃഷ്ണയുടെ മൃതദേഹം കൊച്ചിയിൽ എത്തിക്കും. നാളെ പുതുവത്സര ദിനമായ ജനുവരി 1-നാണ് സംസ്കാരം. സഹോദരങ്ങൾ: ഉണ്ണി, കണ്ണൻ.