AMMA: ഇനി ശുദ്ധികലശമോ? അമ്മയെ നയിക്കാൻ ഇനി ആര് ?
മലയാള ചലച്ചിത്ര മേഖലയിലെ പ്രശ്‌നങ്ങളും ചൂഷണങ്ങളും പഠിക്കാന്‍ വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവന്ന് കൃത്യം ഒരാഴ്ച പിന്നിടുമ്പോൾ മലയാള സിനിമ മേഖല തന്നെ കീഴ്‌മേല്‍ മറിഞ്ഞ അവസ്ഥയാണ്.
മലയാള ചലച്ചിത്ര മേഖലയിലെ പ്രശ്‌നങ്ങളും ചൂഷണങ്ങളും പഠിക്കാന്‍ വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവന്ന് കൃത്യം ഒരാഴ്ച പിന്നിടുമ്പോൾ മലയാള സിനിമ മേഖല തന്നെ കീഴ്‌മേല്‍ മറിഞ്ഞ അവസ്ഥയാണ്. ഏറെ ഞെട്ടലുണ്ടാക്കുന്ന തരത്തിലുള്ള മൊഴികളായിരുന്നു റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. സിനിമ മേഖല തന്നെ നിയന്ത്രിക്കുന്നത് ഒരു പവർ ഗ്രൂപ്പാണെന്നും കാസ്റ്റിങ്ങ് കൗച്ച് ഉൾപ്പെടെ നടക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. വ്യാപകമായ ലൈംഗിക ചൂഷണമാണ് സിനിമ മേഖലയിൽ നടക്കുന്നതെന്നും ഇതിൽ പ്രധാന ഇരകൾ സ്ത്രീകളാണെന്നുള്ളതും ഏവരിലും ഞെട്ടലുണ്ടാക്കി.
ഇതിനു പിന്നാലെയാണ് സംവിധായകനും മുൻ ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ ആരോപണവുമായി ബംഗാളി നടി രംഗത്ത് എത്തുന്നത്. സിനിമയെ കുറിച്ച് ഡിസ്കസ് ചെയ്യാനെന്ന പേരിൽ റൂമിലേക്ക് ക്ഷണിച്ച രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടിയുടെ ആരോപണം. കൈയിൽ തൊട്ട് വളകളിൽ പിടിച്ചുവെന്നും അത് വളരെ ബുദ്ധിമുട്ടുണ്ടാക്കിയെന്നും താരം പറയുന്നു. പെട്ടന്ന് പ്രതികരിക്കാനായില്ല. ഇതോടെ രഞ്ജിത്ത് കഴുത്തിലും മുടിയിലും തലോടി. പെട്ടെന്ന് തന്നെ റൂമിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നുവെന്നാണ് നടി പറഞ്ഞത്. ആ രാത്രി പേടിയോടെയാണ് ഹോട്ടൽ മുറിയിൽ കഴിഞ്ഞത് ഒരിക്കലും ആ ദിവസം തനിക്ക് മറക്കാനാവില്ലെന്നും കേരളത്തെ കുറിച്ചോർക്കുമ്പോൾ ഇതാണ് മനസ്സിൽ വരുന്നതെന്നും താരം പറഞ്ഞിരുന്നു. ഇതിനു പിന്നാലെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയർന്നത്. ഇത് രഞ്ജിത്തിന്റെ രാജിയിലേക്ക് വഴിമാറുകയായിരുന്നു.
എന്നാൽ ഈ സമയം തന്നെ താരസംഘടനയിലും ഒരു പൊട്ടിത്തെറിയുണ്ടായി. അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖായിരുന്നു അടുത്ത പ്രതിപട്ടികയിൽ ഇടം പിടിച്ചത്. സിനിമയെക്കുറിച്ച് സംസാരിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നായിരുന്നു യുവനടിയുടെ ആരോപണം. 2016ല്‍ തിരുവനന്തപുരത്തെ ഹോട്ടലില്‍വച്ചായിരുന്നു അതിക്രമം. പീഡനവിവരം തുറന്നുപറഞ്ഞതിനാല്‍ സിനിമയില്‍നിന്ന് ഒഴിവാക്കപ്പെട്ടെന്നുമായിരുന്നു നടിയുടെ വെളിപ്പെടിത്തല്‍. ഇത് ചെറിയ കോളിളക്കമൊന്നുമല്ല അമ്മയ്ക്കുള്ളിൽ ഉണ്ടാക്കിയത്. ‘അമ്മ’ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കാൻ സംഘടനയ്ക്കുള്ളിൽ നിന്ന് തന്നെ താരത്തിനു സമ്മർദ്ദമുണ്ടായി. ഇതിനു പിന്നാലെയായിരുന്നു സിദ്ദിഖിന്റെ രാജി. തനിക്കെതിരെയുണ്ടായ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുന്നത് ധാര്‍മികമായി ശരിയല്ലെന്ന് തോന്നിയതുകൊണ്ടാണ് രാജി എന്നായിരുന്നു സിദ്ദിഖ് പറഞ്ഞത്. അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് അടുത്തത് ആരാണെന്ന ചോദ്യത്തിനു ഉത്തരം ബാബുരാജ് എന്നായിരുന്നു. എന്നാൽ പേര് വന്ന് നിമിഷങ്ങൾക്കുള്ളിലാണ് ബാബുരാജിനെതിരെ ആരോപണം ഉയരുന്നത്. ഇത് പിന്നീട് ‘അമ്മ’യില്‍ പൊട്ടിത്തെറിക്ക് വഴിവച്ചു.
Also read-Mohanlal: നാണംക്കെട്ട പടിയിറക്കം; അമ്മ പ്രസിഡന്റ് സ്ഥാനം രാജിവെച്ച് മോഹന്‍ലാല്‍
മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവർക്കെതിയും ആരോപണം ഉയർന്നു. എന്നാൽ ഇത്ര ദിവസം കഴിഞ്ഞിട്ടും അമ്മയ്ക്കുള്ളിൽ നിന്ന് യാതൊരു തരത്തിലുള്ള പ്രതികരണവും ഉണ്ടായിട്ടില്ലെന്നത് മലയാള ചലച്ചിത്ര മേഖലയ്ക്ക് തന്നെ മോശമായി. എന്നാൽ ചൊവാഴ്ച ഉച്ചയോടെ ‘അമ്മ’ ഭരണസമിതി പിരിച്ചുവിട്ടെന്നത് ഏവരിലും ഞെട്ടലുണ്ടാക്കി. സാധാരണ ജീവനക്കാര്‍ ഉണ്ടാവുന്ന മുന്‍വശമടക്കം പൂട്ടിയാണ് ആസ്ഥാനത്തിന് ഷട്ടറിട്ട നിലയിലാണ്. ഇതിനു പിന്നാലെ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നതിങ്ങനെ.
‘ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളില്‍ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്വം മുന്‍നിര്‍ത്തി രാജി വെയ്ക്കുന്നു. രണ്ട് മാസത്തിനുള്ളില്‍ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കും. ‘അമ്മ’ ഒന്നാം തീയതി നല്കുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നല്‍കിപ്പോരുന്ന സഹായവും ‘അമ്മ’യുടെ സമാദരണീയരായ അംഗങ്ങള്‍ക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും.
‘അമ്മ’യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങള്‍. എല്ലാവര്‍ക്കും നന്ദി, വിമര്‍ശിച്ചതിനും തിരുത്തിയതിനും’, രാജിവെച്ചുകൊണ്ടുള്ള മോഹന്‍ലാലിന്റെ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
ഇതോടെ അമ്മക്ക് നാഥാനില്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസം നടൻ പൃഥ്വിരാജ് പറഞ്ഞതുപോലെ ശുദ്ധികലശമുണ്ടാകുമോ. അമ്മയെ നയിക്കാൻ പുതിയ ഭാരവാഹികൾ എത്തുമോ എന്നുള്ളത് കണ്ട് തന്നെ അറിയണം.