BTS Jungkook: ആരാധകരെ ഞെട്ടിച്ച് ജങ്കൂക്കിന്റെ സർപ്രൈസ് ലൈവ്; മൂന്ന് മണിക്കൂർ ലൈവ്, കണ്ടത് രണ്ടുകോടി പേര്‍
BTS Jungkook Surprise Live: ഇപ്പോഴിതാ ജങ്കൂക്കിന്റെ അപ്രതീക്ഷിത ലൈവാണ് ബിടിഎസ് ആരാധകർക്കിടയിൽ ചർച്ചാ വിഷയം.
കൊറിയൻ സംഗീത ബാൻഡായ ബിടിഎസിലെ അംഗമായ ജങ്കൂക്കിന്റെ അപ്രതീക്ഷിത ലൈവ് കണ്ട് ഞെട്ടി ആരാധകർ. നിലവിൽ ആർഎം, ജിമിൻ, ഷുഗ, തെഹ്‌യുങ് എന്നിവർക്കൊപ്പം ദക്ഷിണ കൊറിയൻ നിർബന്ധിത സൈനിക സേവനം അനുഷ്ഠിച്ചു വരികയാണ് ജങ്കൂക്ക്. അതുകൊണ്ട് തന്നെ, ജനശ്രദ്ധയിൽ നിന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി അകന്നു നിൽക്കുകയായിരുന്നു അവർ. എന്നാൽ, ഇപ്പോഴിതാ ജങ്കൂക്കിന്റെ അപ്രതീക്ഷിത ലൈവാണ് ബിടിഎസ് ആരാധകർക്കിടയിൽ ചർച്ചാ വിഷയം.
‘വീവേഴ്‌സ്’ എന്ന ആപ്പിലൂടെ ബുധനാഴ്ച രാത്രിയാണ് ജങ്കൂക്ക് ലൈവിൽ എത്തിയത്. കെപോപ്പ് താരങ്ങൾ ആരാധകരുമായി സംവദിക്കാൻ ഉപയോഗിക്കുന്ന ആപ്പ് ആണ് വീവേഴ്‌സ്. ഹൈബ് കോർപറേഷൻ കൊണ്ടുവന്ന ഈ ആപ്പിലൂടെയാണ് ആർട്ടിസ്റ്റുകളെ സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പുകൾ ഏജൻസി പുറത്തുവിടുന്നതും. ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ട ലൈവ്, ഒരു കൺസേർട്ട് (Concert) പ്രതീതിയാണ് ആരാധകർക്ക് സമ്മാനിച്ചത്. സ്വന്തം ഗാനങ്ങൾ ഉൾപ്പടെ മറ്റ് കൊറിയൻ, ഇംഗ്ലീഷ് ഗാനങ്ങളും ജങ്കൂക്ക് ലൈവിൽ ആലപിച്ചു. രണ്ട് കോടി പേരാണ് താരത്തിന്റെ ലൈവ് തത്സമയം കണ്ടത്.
‘ആരാധകർ എല്ലാവർക്കും സുഖമല്ലേ’ എന്ന് ചോദിച്ചുകൊണ്ട് ജങ്കൂക്ക് പങ്കുവെച്ച പോസ്റ്റാണ് ഇതിനെല്ലാം തുടക്കം. തൊട്ടു പിന്നാലെ, താരം ലൈവ് വരുകയായിരുന്നു. ‘ഞാൻ ആർമിയെ (ബിടിഎസ് ആരാധകർ) മിസ് ചെയ്യുന്നു’ എന്ന് പറഞ്ഞാണ് ജങ്കൂക്ക് ലൈവ് ആരംഭിച്ചത്. കൂടാതെ, തന്റെ പുതിയ വീടും, മറ്റ് സൗകര്യങ്ങളും ജങ്കൂക്ക് ലൈവിലൂടെ ആരാധകരെ കാണിക്കുകയും ചെയ്തു. തുടർന്ന്, ഏറെ കാലമായി ലൈവ് വരാതിരുന്നതിനാൽ എന്ത് ചെയ്യണമെന്ന് അറിയുന്നില്ല എന്ന് പറഞ്ഞുകൊണ്ടാണ് ജങ്കൂക്ക് പാട്ടുകൾ പാടാൻ തുടങ്ങിയത്.
ALSO READ: ‘ഇന്ത്യൻ റാപ്പർ ഹണി സിങ്ങുമായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു’; കെ-പോപ്പ് താരം ബാംബാം
കൊറിയൻ ഗേൾ ഗ്രൂപ്പായ ബ്ലാക്ക്പിങ്ക് അംഗം റോസിന്റെ APT എന്ന ഗാനം മുതൽ അമേരിക്കൻ ഗായകൻ ബ്രൂണോ മാർസിന്റെ ‘ഡൈ വിത്ത് എ സ്‌മൈൽ’ എന്ന ഗാനം വരെ ജങ്കൂക്ക് ലൈവിൽ ആലപിച്ചു. എന്നാൽ, ബിടിഎസ് ഗാനങ്ങൾ പാടാൻ ആരാധകർ ആവശ്യപ്പെട്ടപ്പോൾ “ഞാൻ ഒറ്റക്ക് ബിടിഎസ് ഗാനങ്ങൾ പാടുന്നില്ല, അംഗങ്ങൾ എല്ലാവരും വന്ന് ഒരുമിച്ച് ഗാനം ആലപിക്കും” എന്നായിരുന്നു ജങ്കൂക്കിന്റെ മറുപടി. തുടർന്ന്, താരത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ ഗോൾഡൻ എന്ന ആൽബത്തിലെ ഗാനങ്ങളും ജങ്കൂക്ക് ആരാധകർക്കായി ആലപിച്ചു. കൂടാതെ, തനിക്ക് സമ്മാനങ്ങൾ അയക്കരുതെന്നും അത് എനിക്ക് ലഭിക്കില്ലെന്നും, കത്തുകൾ അയച്ചാൽ മതിയെന്നും ജങ്കൂക്ക് ആരാധകരോട് പറഞ്ഞു.
അതേസമയം, 2023-ൽ റിലീസായ ‘ഗോൾഡൻ’ എന്ന ആൽബമാണ് ജങ്കൂക്ക് പുറത്തിറക്കിയ ആദ്യ സോളോ ആൽബം. ബിൽബോർഡ് ചാർട്ടുകളിൽ ഏറെ കാലം ഒന്നാമതായിരുന്ന ഈ ആൽബത്തിലെ സെവൻ, ത്രീഡി തുടങ്ങിയ ഗാനങ്ങൾക്ക് നിരവധി അവാർഡുകളും ലഭിച്ചിരുന്നു. സൈനിക സേവനത്തെ തുടർന്ന് ബിടിഎസ് അംഗങ്ങൾ ബാൻഡ് പ്രവർത്തനങ്ങളിൽ നിന്നും താത്കാലിക ഇടവേളയിൽ ആണെങ്കിലും, ഈ വർഷം ആകെ 64 അവാർഡുകളാണ് അവർ സ്വന്തമാക്കിയത്.