All We Imagine As Light : ബറാക്ക് ഒബാമയുടെ ഇഷ്ടചിത്രം ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’; മലയാളികളുടെ അഭിനയപാടവത്തിന് പ്രശംസയേറുന്നു

Barack Obama All We Imagine As Light : മലയാളി നടിമാരായ കനി കുസൃതിയും ദിവ്യപ്രഭയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്' എന്ന സിനിമയെ തൻ്റെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നായി തിരഞ്ഞെടുത്ത് ബറാക്ക് ഒബാമ. തൻ്റെ എക്സ് ഹാൻഡിലിലൂടെയാണ് പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രത്തെ അമേരിക്കയുടെ മുൻ പ്രസിഡൻ്റ് തിരഞ്ഞെടുത്തത്.

All We Imagine As Light : ബറാക്ക് ഒബാമയുടെ ഇഷ്ടചിത്രം ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്; മലയാളികളുടെ അഭിനയപാടവത്തിന് പ്രശംസയേറുന്നു

ബറാക്ക് ഒബാമ, ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്

Updated On: 

21 Dec 2024 12:32 PM

അമേരിക്കൻ മുൻ പ്രസിഡൻ്റ് ബറാക്ക് ഒബാമയുടെ ഇഷ്ടചിത്രങ്ങളിൽ ഇന്ത്യൻ സിനിമയായ ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റും’. പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രത്തിൽ മലയാളി താരങ്ങളായ കനി കുസൃതിയും ദിവ്യപ്രഭയുമാണ് പ്രധാന വേഷങ്ങളിലെത്തിയത്. അസീസ് നെടുമങ്ങാട്, ഹൃദു ഹാറൂൺ തുടങ്ങിയവരും സിനിമയിൽ അഭിനയിച്ചിരുന്നു.

തൻ്റെ എക്സ് ഹാൻഡിലിലൂടെയാണ് ബറാക്ക് ഒബാമ ഇഷ്ടചിത്രങ്ങളുടെ പട്ടിക പുറത്തുവിട്ടത്. ഇതിൽ ഒന്നാമതാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്. കോൺക്ലേവ്, ദി പിയാനോ ലെസൺ, ദി പ്രോമിസിങ് ലാൻഡ്, ദി സീഡ് ഓഫ് ദി സേക്രഡ് ഫിഗ്, ഡ്യൂൺ 2, ഐഎഫ്എഫ്കെയിലടക്കം പ്രദർശിപ്പിച്ച അനോറ, ദീദി, ഷുഗർകെയിൻ, എ കംപ്ലീറ്റ് അൺനോൺ എന്നിങ്ങനെയാണ് പട്ടികയിലെ മറ്റ് സിനിമകൾ.

കാൻ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ച ചിത്രം ഗ്രാൻഡ് പ്രീ പുരസ്കാരം നേടിയിരുന്നു. ഈ പുരസ്കാരനേട്ടത്തിലെത്തുന്ന ആദ്യ സിനിമയെന്ന ബഹുമതിയും ഇതോടെ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് സ്വന്തമാക്കി. ബാർബി എന്ന സിനിമയുടെ സംവിധായിക ഗ്രെറ്റ ഗെർവിക് അധ്യക്ഷയായ ജൂറിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. നീണ്ട 30 വർഷങ്ങൾക്ക് ശേഷം കാൻ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഇന്ത്യൻ സിനിമയായിരുന്നു ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്. ഫ്രാൻസിലെയും ഇറ്റലിയിലെയും വിവിധ ചലച്ചിത്ര മേളകളിലും തീയറ്ററുകളിലും പ്രദർശിപ്പിച്ച് ശ്രദ്ധിക്കപ്പെട്ടതിന് ശേഷമാണ് സിനിമ ഇന്ത്യയിൽ റിലീസായത്. ഈ വർഷം നവംബർ 29നാണ് സിനിമ തീയറ്ററുകളിലെത്തിയത്. ടെല്ലുരൈഡ് ഫിലിം ഫെസ്റ്റിവൽ, ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവൽ, സാൻ സെബാസ്റ്റ്യൻ ഫിലിം ഫെസ്റ്റിവൽ തുടങ്ങി വിവിധ ചലച്ചിത്രോത്സവങ്ങളിൽ ചിത്രം പ്രദർശിപ്പിച്ചു.

Also Read : IFFK: 29-ാം ചലച്ചിത്രമേളയ്ക്ക് സമാപനം; ബ്രസീലിയൻ ചിത്രം ‘മാലുവിന്’ സുവർണ ചകോരം, അവാർഡുകൾ വാരിക്കൂട്ടി മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

ഫ്രാൻസ്, ഇന്ത്യ, നെതർലൻഡ്സ്, ഇറ്റലി, ലക്സംബർഗ് എന്നീ രാജ്യങ്ങളിലെ കമ്പനികൾ തമ്മിലുള്ള കോ പ്രൊഡക്ഷനായിരുന്നു സിനിമ. മലയാളം, ഹിന്ദി, മറാഠി ഭാഷകളിലാണ് സിനിമയിലെ സംഭാഷണങ്ങൾ. ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളിൽ മികച്ച വിദേശചിത്രത്തിനും മികച്ച സംവിധായികയ്ക്കുമുള്ള നാമനിർദ്ദേശങ്ങൾ ലഭിച്ചിരുന്നു. ഫ്രഞ്ച് കമ്പനിയായ പെറ്റീറ്റ് കേയോസിൻ്റെ കീഴിൽ തോമസ് ഹക്കീം, ജൂലിയൻ ഗ്രാഫ് എന്നിവരാണ് സിനിമ നിർമ്മിച്ചത്. ഇന്ത്യൻ കമ്പനികളായ ചോക്ക് ആൻഡ് ചീസ്, അനദർ ബർത്ത്, നെതർലൻഡ് കമ്പനിയായ ബിഎഎൽഡിആർ ഫിലിം, ലക്സംബർഗിലെ ലേ ഫിലിംസ് ഫൗവേ, ഇറ്റലിയുടെ പൾപ ഫിലിംസ്, ഫ്രാൻസിലെ ആർടെ ഫ്രാൻസ് സിനിമ എന്നീ കമ്പനികളും നിർമ്മാണത്തിൽ പങ്കാളിയായി. മുംബൈയിലും രത്നഗിരിയിലുമായാണ് സിനിമയുടെ ഷൂട്ടിംഗ് നടന്നത്. ആകെ 40 ദിവസമായിരുന്നു ഷൂട്ട്.

‘പ്രഭയായ് നിനച്ചതെല്ലാം’ എന്ന പേരിൽ മലയാളത്തിലും സിനിമ റിലീസായി. മുംബൈയില്‍ നഴ്‌സുമാരായി ജോലി ചെയ്യുന്ന പ്രഭ, അനു എന്നീ കഥാപാത്രങ്ങളുടെ കഥയാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്. ദിവ്യപ്രഭയും കനി കുസൃതിയുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Related Stories
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ
രാത്രി കട്ടന്‍ ചായ കുടിക്കാറുണ്ടോ? അതത്ര നല്ല ശീലമല്ല
ഡയറ്റില്‍ നെല്ലിക്ക ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍