Rifle Club Movie Star Cast : അനുരാഗ് കശ്യപ് മുതൽ വാണി വിശ്വനാഥ് വരെ; സൂപ്പർ താരങ്ങളുടെ നീണ്ട നിരയുമായി റൈഫിൾ ക്ലബ്
Ashiq Abu Directorial Rifle Club Movie Star Cast : ആഷിഖ് അബു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം റൈഫിൾ ക്ലബ് ഈ മാസം 14ന് തീയറ്ററുകളിലെത്തുകയാണ്. ശ്യാം പുഷ്കരൻ തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ ഒരുപിടി സൂപ്പർ താരങ്ങളാണ് അണിനിരക്കുന്നത്.
ഹിറ്റ് ജോഡികളായ ശ്യാം പുഷ്കരൻ – ആഷിഖ് അബു കൂട്ടുകെട്ട് ഒരുമിക്കുന്ന റൈഫിൾ ക്ലബ് സിനിമ അണിയറയിലൊരുങ്ങുകയാണ്. ഡിസംബർ 19ന് ക്രിസ്മസ് ചിത്രമായാണ് സിനിമ തീയറ്ററുകളിലെത്തുക. ചിത്രത്തിൻ്റെ ട്രെയിലറും ടീസറുമൊക്കെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന റൈഫിൾ ക്ലബിൽ ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ് മുതൽ സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയ പഴയകാല ആക്ഷൻ നായിക വാണി വിശ്വനാഥ് വരെ ഒരു പിടി സൂപ്പർ താരങ്ങളാണ് അണിനിരക്കുന്നത്.
അനുരാഗ് കശ്യപിനും വാണി വിശ്വനാഥിനുമൊപ്പം വിജയരാഘവൻ, ദിലീഷ് പോത്തൻ, സുരഭി ലക്ഷ്മി, ദർശന രാജേന്ദ്രൻ, സുരേഷ് കൃഷ്ണ, വിനീത് കുമാർ, ഉണ്ണിമായ പ്രസാദ്, വിഷ്ണു അഗസ്ത്യ, റാപ്പർ ഹനുമാൻകൈൻഡ് തുടങ്ങി ഒരു നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്. ദയാനന്ദ് ബാരെ എന്ന കഥാപാത്രമായാണ് അനുരാഗ് കശ്യപ് സിനിമയിൽ അഭിനയിക്കുക. കുഴിവേലി ലോനപ്പൻ എന്ന പേരിൽ വിജയരാഘവനെത്തുമ്പോൾ സെക്രട്ടറി അവറാൻ എന്ന കഥാപാത്രത്തെ ദിലീഷ് പോത്തൻ അവതരിപ്പിക്കുന്നു. സുരഭി ലക്ഷ്മി സൂസൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കും. കുഞ്ഞുമോളായി ദർശന രാജേന്ദ്രനും ഡോ. ലാസറായി സുരേഷ് കൃഷ്ണയും വെള്ളിത്തിരയിലെത്തും. ഷാജഹാൻ എന്ന കഥാപാത്രത്തെയാണ് വിനീത് കുമാർ അവതരിപ്പിക്കുക. ഉണ്ണിമായ പ്രസാദ് സിസിലി എന്ന കഥാപാത്രമാണ്. ഗോഡ്ജോ എന്ന കഥാപാത്രത്തെ വിഷ്ണു അഗസ്ത്യയും ഭീര എന്ന കഥാപാത്രത്തെ ഹനുമാൻകൈൻഡും അവതരിപ്പിക്കും. ഇവർക്കൊപ്പം റംസാൻ മുഹമ്മദ്, സംവിധായകൻ സെന്ന ഹെഗ്ഡെ, സംവിധായകൻ റാഫി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്ഡെ, പൊന്നമ്മ ബാബു, രാമു, നിയാസ് മുസലിയാർ, കിരൺ പീതാംബരൻ, നവനി ദേവാനന്ദ്, പരിമാൾ ഷെയ്സ്, സജീവ് കുമാർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കും. അനുരാഗ് കശ്യപിൻ്റെ ആദ്യ മലയാള സിനിമയാണ് റൈഫിൾ ക്ലബ്. അതോടൊപ്പം ഹനുമാൻകൈൻഡിൻ്റെ ആദ്യ സിനിമ കൂടിയാണ് ഇത്.
ശ്യാം പുഷ്കരൻ, ദിലീഷ് കരുണാകരൻ, സുഹാസ് എന്നിവർ ചേർന്നാണ് റൈഫിൾ ക്ലബിൻ്റെ തിരക്കഥയൊരുക്കുന്നത്. ആഷിഖ് അബുവിനൊപ്പം വിൻസൻ്റ് വടക്കൻ, വിശാൽ വിൻസൻ്റ് ടോണി എന്നിവരാണ് നിർമ്മാണം. ഒപിഎം സിനിമാസ്, ട്രൂ സ്റ്റോറീസ് എന്നീ ബാനറുകളിലാണ് സിനിമ ഒരുങ്ങുന്നത്. സംവിധായകൻ ആഷിഖ് അബു തന്നെയാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണവും നിർവഹിക്കുന്നത്. വി സാജനാണ് എഡിറ്റ്. റെക്സ് വിജയൻ സംഗീതം കൈകാര്യം ചെയ്യും.
2024 മാർച്ച് 20നാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. കോട്ടയം ജില്ലയിലെ മുണ്ടക്കയത്താരംഭിച്ച ചിത്രീകരണം പിന്നീട് ആന്ധ്രാപ്രദേശിലും തൃശൂരിലും നടന്നു. നവംബറിൽ സിനിമയുടെ ചിത്രീകരണം അവസാനിച്ചു. വളരെ രഹസ്യ സ്വഭാവത്തിലാണ് സിനിമയുടെ അണിയറപ്രവർത്തനങ്ങൾ നടന്നത്. ലൊക്കേഷൻ്റെയോ ചിത്രീകരണത്തിൻ്റെയോ കൂടുതൽ ദൃശ്യങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല. ഡിസംബർ നാലിനാണ് സിനിമയുടെ ട്രെയിലർ റിലീസായത്. തിങ്ക് മ്യൂസിക് ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന ട്രെയിലർ ശ്രദ്ധിക്കപ്പെട്ടിരുന്നു. കില്ലർ ഓൺ ദ ലൂസ്, ഗന്ധർവ ഗാനം എന്നിങ്ങനെ രണ്ട് പാട്ടുകളും യൂട്യൂബിലെത്തി. ഇവയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.