Hema Committee Report: യുവാവിന്റെ പരാതി; രഞ്ജിത്തിനെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് കേസ്
Hema Committee Report: യുവാവിന്റെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ കേസെടുത്ത് പൊലീസ്. തനിക്ക് നീതിവേണമെന്നും വിഷയത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്നും പൊലീസിന് മൊഴി നൽകിയതിന് ശേഷം യുവാവ് പറഞ്ഞു.
തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിനെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. പ്രകൃതി വിരുദ്ധ പീഡന കുറ്റവും ഐടി ആക്ടും ചുമത്തിയാണ് രഞ്ജിത്തിനെതിരെ കോഴിക്കോട് കസബ പൊലീസ് കേസെടുത്തിരിക്കുന്നത്. മാങ്കാവ് സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് നടപടി. നേരത്തെ ബംഗാളി നടിയുടെ പരാതിയിൽ രഞ്ജിത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു. പിന്നാലെയാണ് രഞ്ജിത്തിനെതിരെ പൊലീസ് വീണ്ടും കേസെടുത്തിരിക്കുന്നത്.
2012-ൽ ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് രഞ്ജിത്ത് ലെെംഗികമായി ചൂഷണം ചെയ്തെന്നാണ് യുവാവിന്റെ പരാതി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മേഖലയിലെ പരാതികൾ അന്വേഷിക്കാൻ സർക്കാർ രൂപീകരിച്ച പ്രത്യേക പൊലീസ് സംഘത്തിന് യുവാവ് മൊഴി നൽകിയിരുന്നു. ഐശ്വര്യ ഡൊഗ്രേ ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിനാണ് യുവാവ് മൊഴി നൽകിയത്.
രഞ്ജിത്തിനെതിരായ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നെന്നും കൈയിലുള്ള തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറുമെന്നും യുവാവ് അറിയിച്ചു. കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ട് തനിക്ക് സമ്മർദ്ദവും ഭീഷണിയും ഉണ്ട്. സ്വാധീനിക്കാൻ പലരും ശ്രമിക്കുന്നു. തനിക്ക് നീതിവേണമെന്നും വിഷയത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്നും മൊഴി നൽകിയതിന് ശേഷം യുവാവ് പറഞ്ഞു.
മമ്മൂട്ടി നായകനായ ബാവുട്ടിയുടെ നാമത്തിൽ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരാതിക്കാരൻ രഞ്ജിത്തിനെ കണ്ടത്. തനിക്ക് സിനിമയോടുള്ള താത്പര്യം അറിയിച്ചപ്പോൾ ടിഷ്യൂ പേപ്പറിൽ രഞ്ജിത്ത് ടിഷ്യൂ പേപ്പറിൽ ഫോൺ നമ്പർ എഴുതി നൽകുക മെസ്സേജ് അയക്കാൻ നിർദേശിച്ചു.
മെസേജ് അയച്ചതിന് പിന്നാലെ ബെംഗളൂരിൽ വച്ച് കാണാമെന്ന് രഞ്ജിത്ത് പറഞ്ഞു. രഞ്ജിത്തുള്ള ബെംഗളൂരുവിലെ ഹോട്ടലിൽ എത്തിയപ്പോൾ സന്ദർശക സമയം കഴിഞ്ഞെന്ന് റിസപ്ഷനിസ്റ്റ് അറിയിച്ചു. ഇക്കാര്യം രഞ്ജിത്തിനെ അറിയിച്ചതോടെ പിൻവാതിലിലൂടെ മുറിയിലേക്ക് കടക്കാൻ നിർദ്ദേശിച്ചതായും പരാതിക്കാരൻ പറഞ്ഞു.
മദ്യപിച്ചിട്ടുണ്ടായിരുന്ന രഞ്ജിത്ത് തനിക്ക് മദ്യം വാഗ്ദാനം ചെയ്തു. ആ ഓഫർ താൻ ആദ്യം നിരസിച്ചെങ്കിലും പിന്നീട് സ്വീകരിച്ചു. അതിന് ശേഷം രഞ്ജിത്തിൻ്റെ സ്വഭാവം മാറിയെന്നും, വിവസ്ത്രനായി തന്നെ കാണാൻ താത്പര്യം പ്രകടിപ്പിച്ചെന്നും വസ്ത്രം മാറ്റാൻ ആവശ്യപ്പെട്ടെന്നും, കണ്ണിൽ കാജൽ ധരിക്കാൻ ആവശ്യപ്പെട്ടുവെന്നും പരാതിക്കാരൻ പറയുന്നു. ഈ ഹോട്ടലിൽ താമസിച്ചിരുന്ന തൻ്റെ ‘നടി’യായ കാമുകിയെ കാണിക്കണമെന്ന് പറഞ്ഞാണ് രഞ്ജിത്ത് തൻ്റെ നഗ്നചിത്രങ്ങൾ പകർത്തിയതെന്നും ഇയാൾ അവകാശപ്പെട്ടു.
രഞ്ജിത്തിൽ നിന്ന് മോശം അനുഭവം ഉണ്ടായെന്ന് ബംഗാളി നടി വെളിപ്പെടുത്തിയതിന് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയർമാന്റെ സ്ഥാനം അദ്ദേഹം രാജിവച്ചിരുന്നു. രാജി വയ്ക്കേണ്ടത് അനിവാര്യമാണെന്ന് എൽഡിഎഫ് നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് രഞ്ജിത്ത് രാജി വെക്കാൻ നിർബന്ധിതനായത്.