Tamil movie me too: മലയാളത്തിൽ നിന്ന് തമിഴിലേക്കും മീടൂ? സീരിയൽമേഖലയിലെ സ്ത്രീകൾ ജീവനൊടുക്കിയതായി പ്രമുഖ നടി
Exploitation in Tamil cinema industry: പല സ്ത്രീകളും ദുരനുഭവങ്ങൾ പരാതിപ്പെടാൻ മടിക്കുന്നത് അതു തെളിയിക്കാനുള്ള ബുദ്ധിമൂട്ട് കൊണ്ടാണ്. ഇത്തരം കേസുകളിൽ എങ്ങനെ തെളിവു നൽകാനാകും? സി.ബി.ഐ. ചെയ്യാറുള്ളതുപോലെ നുണപരിശോധന നടത്തണോ?
ചെന്നൈ: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ മലയാള സിനിമയിൽ തുറന്നു തങ്ങൾ നേരിട്ട ദുരനുഭവങ്ങളെപ്പറ്റി തുറന്നു പറഞ്ഞു രംഗത്തു വന്നവർ ഏറെയാണ്. ഇപ്പോൾ ഇതിന്റെ ചുവടു പിടിച്ച് മീടു വിവാദങ്ങൾ തമിഴ് സിനിമാ രംഗത്തുമെത്തുന്നു. തമിഴ് സിനിമയിലെ ലൈംഗികചൂഷണത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകളുമായി നിർമാതാവായ മുതിർന്ന നടി രംഗത്തെത്തിയിരിക്കുകയാണ്.
ലൈംഗികാതിക്രമം നേരിട്ടതിനെത്തുടർന്ന് തമിഴ് സീരിയൽ മേഖലയിൽ ഒട്ടേറെ സ്ത്രീകൾ ജീവനൊടുക്കിയതായി അവർ വ്യക്തമാക്കുന്നു. ഇതൊരു തൊഴിൽ മേഖലയായിട്ടും ഇവിടെ മാത്രം മാംസക്കച്ചവടമായി തൊഴിൽ മാറുന്നത് എന്തുകൊണ്ടാണെന്നും അവർ ചോദിച്ചു. സംവിധായകരും സാങ്കേതികപ്രവർത്തകരും സീരിയൽ നടിമാരോട് ലൈംഗികാവശ്യം ഉന്നയിക്കുന്നുണ്ടെന്നും ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് നടി തുറന്നു പറഞ്ഞത്.
പല സ്ത്രീകളും ദുരനുഭവങ്ങൾ പരാതിപ്പെടാൻ മടിക്കുന്നത് അതു തെളിയിക്കാനുള്ള ബുദ്ധിമൂട്ട് കൊണ്ടാണ്. ഇത്തരം കേസുകളിൽ എങ്ങനെ തെളിവു നൽകാനാകും? സി.ബി.ഐ. ചെയ്യാറുള്ളതുപോലെ നുണപരിശോധന നടത്തണോ? എല്ലാം സഹിക്കാൻ തയ്യാറാകുന്നവർക്ക് മെച്ചപ്പെട്ട സാമ്പത്തികനേട്ടം ഉണ്ടാക്കാവുന്ന മേഖലയാണ് സിനിമയും സീരിയലും എന്നും അവർ കൂട്ടിച്ചേർത്തു.
അവർ കരിയർ മെച്ചപ്പെടുത്തുന്നതിനായി എല്ലാം സഹിച്ചുനിൽക്കുകയാണെന്നും നടി ആരോപിച്ചു. ബാലതാരമായിരിക്കെ ഹിന്ദി സിനിമാ സെറ്റിൽ താൻ മോശം അനുഭവം നേരിട്ടെന്നും തന്റെ അമ്മ ഈ വിവരം പുറത്തു പറഞ്ഞതോടെ സിനിമയിൽ നിന്ന് തന്നെ ഒഴിവാക്കിയെന്നും അവർ തുറന്നു പറഞ്ഞു.
ഇതിനു മുമ്പ് തമിഴിലെ പ്രമുഖ ഗായികയും തന്റെ അഭിപ്രായങ്ങളും അനുഭവങ്ങളും തുറന്നു പറഞ്ഞ് രംഗത്തു വന്നതും വിവാദമായിരുന്നു. ഇവിടെ ഒന്നും നടക്കില്ലെന്നും, സിനിമാ രംഗത്ത് തുറന്നു പറച്ചിലുമായി എത്തുന്നവരെ തഴയുന്നതിനെപ്പറ്റിയും ഗായിക തുറന്നടിച്ചു.