Shah Rukh Khan : ’50 ലക്ഷം തന്നില്ലെങ്കിൽ തട്ടിക്കളയും’; സൽമാൻ ഖാന് പിന്നാലെ ഷാരൂഖ് ഖാനും വധഭീഷണി
Shah Rukh Khan Recieves Death Threat : ഷാരൂഖ് ഖാന് വധഭീഷണി. 50 ലക്ഷം രൂപ ആവശ്യപ്പെട്ട് മുംബൈ ബാന്ദ്രയിലെ പോലീസ് സ്റ്റേഷനിലേക്കാണ് വധഭീഷണി കോൾ എത്തിയത്. ഛത്തീസ്ഗഡിൽ നിന്നായിരുന്നു കോൾ.
സൽമാൻ ഖാന് പിന്നാലെ ബോളിവുഡ് നടൻ ഷാരൂഖ് ഖാനും വധഭീഷണി. 50 ലക്ഷം രൂപ നൽകിയില്ലെങ്കിൽ തട്ടിക്കളയുമെന്നായിരുന്നു ഭീഷണി. മുംബൈയിലെ ബാന്ദ്രയിലുള്ള പോലീസ് സ്റ്റേഷനിലേക്കായിരുന്നു ഭീഷണി കോൾ. ഛത്തീസ്ഗഡിൽ നിന്നാണ് കോൾ വന്നതെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത മുംബൈ പോലീസ് ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
നവംബർ അഞ്ചിന് ഉച്ചക്ക് 1.20ഓടെയാണ് ഭീഷണി കോൾ വന്നത്. 50 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഷാരൂഖ് ഖാനെ വധിക്കുമെന്നായിരുന്നു ഭീഷണി. ഛത്തീസ്ഗണ്ഡിൽ നിന്നുള്ള കോൾ ട്രേസ് ചെയ്ത പോലീസ് ഫൈസാൻ ഖാൻ എന്നയാളെ തിരിച്ചറിഞ്ഞു. ഭീഷണി സന്ദേശം വന്ന മൊബൈൽ നമ്പർ പിന്തുടർന്നാണ് ഇയാളെ കണ്ടെത്തിയത്. എന്നാൽ, തൻ്റെ ഫോൺ നവംബർ രണ്ട് മുതൽ മോഷണം പോയിരിക്കുകയാണെന്ന് ഇയാൾ മൊഴിനൽകി. ചോദ്യം ചെയ്യലിനിടെ സ്വദേശം തിരക്കിയ പോലീസുകാരോട് താൻ ഹിന്ദുസ്ഥാനിയാണെന്ന് ഇയാൾ പറഞ്ഞു എന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
Also Read : Salman Khan: സൽമാൻ ഖാനെതിരെ വീണ്ടും വധഭീഷണി; ആവശ്യപ്പെട്ടത് രണ്ട് കോടി, പോലീസ് അന്വേഷണം ആരംഭിച്ചു
കഴിഞ്ഞ വർഷം ഒക്ടോബറിലും ഷാരൂഖ് ഖാന് നേരെ വധഭീഷണി ഉയർന്നിരുന്നു. പഠാൻ, ജവാൻ എന്നീ രണ്ട് സിനിമകൾ ബ്ലോക്ക്ബസ്റ്ററുകളായതിന് പിന്നാലെയായിരുന്നു ഭീഷണി. ഇതോടെ ഷാരൂഖ് ഖാനുള്ള സുരക്ഷ വർധിപ്പിച്ചിരുന്നു.
കുപ്രസിദ്ധ ഗൂണ്ടാ തലവനായ ലോറൻസ് ബിഷ്ണോയ് സംഘത്തിൽ നിന്നവകാശപ്പെട്ട് ഇടക്കിടെ സൽമാൻ ഖാനെതിരെ വധഭീഷണി ഉയരാറുണ്ട്. ഇക്കഴിഞ്ഞ ഒക്ടോബർ 30 നാണ് അവസാനമായി സൽമാൻ ഖാനെതിരെ വധഭീഷണി ഉയർന്നത്. രണ്ട് കോടി രൂപ ആവശ്യപ്പെട്ടായിരുന്നു വധഭീഷണി. അജ്ഞാത കേന്ദ്രത്തിൽ നിന്ന് മുംബൈ ട്രാഫിക് പോലീസ് കേന്ദ്രത്തിലേക്ക് വന്ന ഭീഷണിയുമായി ബന്ധപ്പെട്ട് ഒരു അജ്ഞാതനെതിരെ പോലീസ് കേസെടുത്തിരുന്നു.
അതിന് മുൻപ് സൽമാൻ ഖാനെതിരെയും, കൊല്ലപ്പെട്ട മുൻ മന്ത്രി ബാബ സിദ്ധിഖിയുടെ മകൻ സീഷൻ സിദ്ധിഖിക്കുമെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ 20 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗുർഫാൻ ഖാൻ എന്ന പേരിൽ അറിയപ്പെടുന്ന മുഹമ്മദ് തയ്യബ് എന്ന യുവാവിനെയാണ് പോലീസ് പിടികൂടിയത്. ഈ സംഭവത്തിന് മുൻപപ് വന്ന ഒരു ഭീഷണി സന്ദേശവുമായി ബന്ധപ്പെട്ട് പച്ചക്കറി വില്പനക്കാരനായ 24-കാരനെയും പോലീസ് പിടികൂടി. അന്നത്തെ ഭീഷണി അഞ്ച് കോടി രൂപ ആവശ്യപ്പെട്ടായിരുന്നു.