POCSO CASE: മുകേഷിനെതിരെ പീഡനപരാതി നൽകിയ നടിക്കെതിരെ പോക്‌സോ കേസ്; തമിഴ്നാട് പൊലീസിന് കൈമാറിയേക്കും
Actress Who Accused Mukesh of Misconduct Now Faces POCSO Case Allegations: പോലീസ് ആസ്ഥാനത്തു നിന്നും ഇവിടെത്തന്നെ അന്വേഷണം നടത്താൻ നിർദേശം ലഭിച്ചാൽ പോലീസ് തുടർ നടപടികൾ സ്വീകരിക്കും, മറിച്ചാണെങ്കിൽ തമിഴ്നാട് പൊലീസിന് കേസ് കൈമാറും.
കൊച്ചി: നടൻ മുകേഷിനെതിരെ പീഡന പരാതി നൽകിയ നടിക്കെതിരെ രജിസ്റ്റർ ചെയ്ത പോക്‌സോ കേസ് തമിഴ്നാട് പൊലീസിന് കൈമാറാൻ ആലോചന. സംഭവം നടന്നത് ചെന്നൈയിലാണ്. അതിനാലാണ് പോലീസ് കേസ് കൈമാറണോയെന്ന കാര്യം പരിഗണിക്കുന്നത്. പോലീസ് ആസ്‌ഥാനത്തുനിന്ന് ലഭിക്കുന്ന നിർദേശം അനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കാനാണ് റൂറൽ പോലീസിന്റെ തീരുമാനം. മുകേഷ് ഉൾപ്പടെ ഏഴുപേർക്കെതിരെ പരാതി നൽകിയ നടിക്കെതിരെയാണ് പെൺകുട്ടിയുടെ ആരോപണം.
16 വയസുള്ളപ്പോൾ ഓഡീഷൻ എന്ന പേരിൽ ചെന്നൈയിൽ കൊണ്ടുപോയി മറ്റുള്ളവർക്ക് കൈമാറാൻ ശ്രമിച്ചുവെന്നാണ് നടിക്കെതിരെ നൽകിയ പരാതി. ബന്ധുവായ പെൺകുട്ടി തന്നെയാണ് പരാതി നൽകിയിരിക്കുന്നത്. തുടർന്ന് ആലുവ സ്വദേശിയായ നടിക്കെതിരെ മൂവാറ്റുപുഴ പോലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. എന്നാൽ സംഭവം നടന്നത് ചെന്നൈയിലായതുകൊണ്ടാണ് തുടർനടപടികൾ സ്വീകരിക്കുന്നതിൽ ആശയകുഴപ്പം ഉണ്ടായത്. ഇതോടെയാണ് റൂറൽ പോലീസ്, റിപ്പോർട്ട് ആസ്ഥാനത്തേക്ക് കൈമാറിയത്.
പോലീസ് ആസ്ഥാനത്തു നിന്നും ഇവിടെത്തന്നെ അന്വേഷണം നടത്താൻ നിർദേശം ലഭിച്ചാൽ പോലീസ് തുടർ നടപടികൾ സ്വീകരിക്കും. അതല്ല, അന്വേഷണം നടത്തേണ്ടത് തമിഴ്നാട് പോലീസാണെന്ന് നിർദേശം ലഭിക്കുകയാണെങ്കിൽ കേസ് തമിഴ്നാട് പൊലീസിന് കൈമാറും. അതേസമയം, പരാതിക്കാരിയോട് കൂടുതൽ തെളിവ് ഹാജരാക്കാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ സംഭവം നടന്നത് 2014-ലായിരുന്നു. ഓഡീഷനുണ്ടെന്ന് പറഞ്ഞ് തന്നെയും അമ്മയെയും നടി ചെന്നൈയിലേക്ക് കൊണ്ടുപോയി ഒരു ഹോട്ടലിലെത്തിച്ച ശേഷം പലർക്കും കൈമാറാൻ ശ്രമിച്ചുവെന്നാണ് ബന്ധുവായ യുവതി നൽകിയ പരാതി. പെൺവാണിഭ സംഘവുമായി നടിക്ക് ബന്ധമുണ്ടെന്നും പരാതിക്കാരി ആരോപിച്ചിരുന്നു.
അതെ സമയം, ഈ നടി മുകേഷ് ഉൾപ്പടെയുള്ള നടന്മാർക്കെതിരെ പീഡനാരോപണം ഉന്നയിച്ചിരുന്നു. മുകേഷ്, ജയസൂര്യ, മണിയൻ പിള്ള രാജു, ഇടവേള ബാബു, അഡ്വ ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, വിച്ചു എന്നിവർക്കെതിരെ ആയിരുന്നു നടി ആരോപണം ഉന്നയിച്ചിരുന്നത്.