Parvathy Thiruvothu: ‘അത് വിട് പാര്‍വതി, നമ്മള്‍ ഒരു കുടുംബമല്ലേ’; പ്രശ്‌നങ്ങളെ കുറിച്ച് പറയുമ്പോള്‍ ‘അമ്മ’ സംഘടന പ്രതികരിച്ചത് ഇങ്ങനെ
Parvathy Thiruvothu About AMMA: അനീതിയെ കുറിച്ച് പറയുന്നത് ആളുകള്‍ വിശ്വസിച്ച് തുടങ്ങാന്‍ തന്നെ ഏഴ് വര്‍ഷത്തോളമെടുത്തു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ഡബ്ല്യൂസിസി അംഗങ്ങളുടെ നിലപാട് ശരിയാണെന്ന് പലരും അഭിപ്രായപ്പെട്ടു. ഇത് കേട്ടപ്പോള്‍ ആശ്വാസം തോന്നി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ സങ്കടം കലര്‍ന്ന സന്തോഷമായിരുന്നു ഉണ്ടായിരുന്നതെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.
അമ്മ സംഘടനയിലുണ്ടായിരുന്ന സമയത്ത് പ്രശ്‌നങ്ങള്‍ ഉന്നയിച്ചപ്പോള്‍ ആഘോഷങ്ങള്‍ ഒക്കെ നടത്തി മുന്നോട്ട് പോയാല്‍ പോരെ എന്ന മറുപടിയായിരുന്നു ലഭിച്ചിരുന്നതെന്ന് നടി പാര്‍വതി തിരുവോത്ത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം സിനിമിലെ പുരുഷ വിഗ്രഹങ്ങള്‍ ഉടഞ്ഞപ്പോള്‍ തനിക്ക് വേദന തോന്നിയിരുന്നുവെന്നും പാര്‍വതി. മാനന്തവാടിയില്‍ നടക്കുന്ന വയനാട് ലിറ്റററി ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അവര്‍.
അനീതിയെ കുറിച്ച് പറയുന്നത് ആളുകള്‍ വിശ്വസിച്ച് തുടങ്ങാന്‍ തന്നെ ഏഴ് വര്‍ഷത്തോളമെടുത്തു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ഡബ്ല്യൂസിസി അംഗങ്ങളുടെ നിലപാട് ശരിയാണെന്ന് പലരും അഭിപ്രായപ്പെട്ടു. ഇത് കേട്ടപ്പോള്‍ ആശ്വാസം തോന്നി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ സങ്കടം കലര്‍ന്ന സന്തോഷമായിരുന്നു ഉണ്ടായിരുന്നതെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.
“അതിജീവിതയുടെ ഒരേയൊരു തീരുമാനത്തിന് ശേഷമാണ് എല്ലാവരുടെയും ജീവിതം മാറിയത്. അവിടെ നിന്നാണ് ചരിത്രമെഴുതി തുടങ്ങുന്നത്. ഞാനും ഒരു അതിജീവിതയാണ്. ആ കാര്യം ഹേമ കമ്മിറ്റിക്ക് മുമ്പാകെ പറഞ്ഞിട്ടുമുണ്ട്. എ എം എം എ ആണ്, അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്. ഒരു ക്ലബ്ബ് അല്ല കുടുംബമല്ല. ഓരോ തവണയും ഞാന്‍ അസോസിയേഷനില്‍ ഉണ്ടായിരുന്ന സമയത്ത് ഓരോ പ്രോബ്ലംസ് ഉന്നയിക്കുമ്പോള്‍ അത് വിട് പാര്‍വതി, നമ്മളൊരു കുടുംബമല്ലേ, നമുക്ക് ഓണമൊക്കെ ആഘോഷിച്ച് നല്ല ഡ്രസൊക്കെയിട്ട് സദ്യയൊക്കെ കഴിച്ച് പോകാം, എന്ന മറുപടിയാണ് ലഭിച്ചിരുന്നത്.
പഞ്ചായത്തിലൊക്കെ പണ്ടുകാലത്ത് കണ്ടിരുന്ന വോട്ടെടുപ്പാണ്, ആരൊക്കെയാണ് നേതൃനിരയിലേക്ക് വരേണ്ടതെന്ന് കണ്ടുവെക്കും എന്നിട്ട് കൈപ്പൊക്കി കാണിക്കാന്‍ പറയും. ഭക്ഷണം കഴിക്കാന്‍ ആളുകള്‍ പോകുന്ന സമയത്താണ് ഇത് നടത്തുന്നതും, അപ്പോള്‍ വളരെ കുറച്ച് ആളുകള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ.
ഒരു ഘട്ടം കഴിയുമ്പോള്‍ ഇതൊരു പ്രഹസനമാണെന്ന് മനസിലാക്കും, ആ സമയത്ത് നമുക്ക് തന്നെ സെല്‍ഫ് റെസ്‌പെക്ട് തോന്നുന്നുണ്ടെങ്കില്‍ അതില്‍ നിന്ന് ഇറങ്ങാന്‍ തോന്നും. അതാണ് ഞാന്‍ ചെയ്തത്,” പാര്‍വതി പറയുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ പുരുഷ വിഗ്രഹങ്ങള്‍ ഉടഞ്ഞപ്പോള്‍ വേദന തോന്നിയിരുന്നു. നടിയെ ആക്രമിച്ച സംഭവം വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. 16 പേരടങ്ങുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി സങ്കടം പങ്കുവെക്കുകയായിരുന്നു ആദ്യം തന്നെ ചെയ്തത്. പിന്നീട് അവിടെ നിന്നാണ് ഒരു കൂട്ടായ്മ ആരംഭിച്ചതെന്നും പാര്‍വതി പറഞ്ഞു.
ആദ്യത്തെ പത്ത് വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ അഭിനയിച്ച് തീര്‍ക്കണമെന്നും വയസ് കൂടുംതോറും സിനിമയില്‍ അവസരം കുറയുമെന്നുമാണ് സിനിമാ മേഖലയിലേക്ക് കടന്നുവരുമ്പോള്‍ തന്നെ സ്ത്രീകള്‍ക്ക് കിട്ടുന്ന ഉപദേശം. പ്രതിരോധിക്കാന്‍ തുടങ്ങുന്ന നിമിഷം മുതല്‍ ജനസമൂഹം കൂടെയുണ്ടാകുമെന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ഡബ്ല്യൂസിസിയും അവരുടെ പ്രവര്‍ത്തനങ്ങളെന്നും അവര്‍ പറഞ്ഞു.