Actor Siddique Case : WCC-AMMA തർക്കത്തിൻറെ ഇര, ബലാത്സംഗക്കേസിൽ പ്രതിയാക്കിയത് അന്വേഷണം നടത്താതെ; ആരോപണവുമായി സിദ്ദിഖ്
Actor Siddique Case: അമ്മയും ഡബ്യൂസിസിയും തമ്മിലുള്ള പ്രശ്നമാണ് സിദ്ധിഖിനെതിരായ കേസിന് പിന്നിലെന്ന് നടന്റെ അഭിഭാഷകൻ മുകുൾ റോത്തഗി സുപ്രീംകോടതിയിൽ വാദിക്കും.
തിരുവനന്തപുരം: ബലാത്സംഗ കേസിൽ ഡബ്യൂസിസിയെ പഴിച്ച് നടൻ സിദ്ദിഖ് സുപ്രീംകോടതിയിൽ. താര സംഘടനയായ അമ്മയും ഡബ്യൂസിസിയും തമ്മിൽ നടക്കുന്ന തർക്കത്തിൽ തന്നെ ഇരയാക്കി. ശരിയായ അന്വേഷണം നടത്താതെ ബലാത്സംഗ കേസിൽ പ്രതിയാക്കിയെന്നും സുപ്രീംകോടതിയിൽ ഫയൽ ചെയ്ത മുൻകൂർ ജാമ്യപേക്ഷയിൽ സിദ്ധിഖ് ആരോപിക്കുന്നു. ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി രജിസ്ട്രാർക്ക് നടന്റെ അഭിഭാഷകൻ കത്ത് കെെമാറി. ബുധാനാഴ്ച രാത്രിയായിരുന്നു കത്ത് കെെമാറിയത്.
സിദ്ദിഖിനായി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയുടെ ജൂനിയറായ രഞ്ജീത റോത്തഗി മുൻകൂർ ജാമ്യാപേക്ഷ ഫയൽ ചെയ്തിരിക്കുന്നത്. ഈ അപേക്ഷയിലാണ് മലയാള ചലച്ചിത്ര മേഖലയിലെ രണ്ട് സംഘടനകൾ തമ്മിലുള്ള പ്രശ്നത്തിന്റെ ഇരയാണ് താനെന്ന് സിദ്ധിഖ് ആരോപിക്കുന്നത്.
കേസ് അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘത്തിനെതിരെയും ജാമ്യാപേക്ഷയിൽ ആരോപണം ഉന്നയിക്കുന്നുണ്ട്. ശരിയായ രീതിയിൽ അന്വേഷണം നടത്താതെ കേസിൽ പ്രതിയാക്കിയത്. പരാതി നൽകിയതിനും, കേസ് രജിസ്റ്റർ ചെയ്യുന്നതിനും എട്ട് വർഷത്തെ കാലതാമസമുണ്ടായെന്നും പരസ്പര വിരുദ്ധമായ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിക്കുന്നതെന്നും ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു.
പരാതിക്കാരിക്ക് എതിരായ ആരോപണങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ഹെെക്കോടതിയിൽ സിദ്ധിഖിന്റെ അഭിഭാഷകർ വാദിച്ചത്. എന്നാൽ സിനിമയിലെ സംഘടനകൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തിന്റെ ഇരയാണ് സിദ്ധിഖ് എന്ന വാദമാകും മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി സുപ്രീംകോടതിയിൽ നിരത്തുക. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉയർന്ന ആരോപണങ്ങൾ അമ്മയുമായി ബന്ധപ്പെട്ട് നിൽക്കുന്ന താരങ്ങൾക്ക് എതിരെയായിരുന്നു.
തിങ്കളാഴ്ച ജാമ്യാപേക്ഷ പരിഗണിക്കണമെന്ന സിദ്ധിഖിന്റെ ആവശ്യം ഇന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് സുപ്രീം കോടതി വൃത്തങ്ങൾ അറിയിച്ചു. കേസ് എന്ന് ലിസ്റ്റ് ചെയ്യണമെന്നും, ഏത് ബെഞ്ച് പരിഗണിക്കണമെന്നും തീരുമാനിക്കുന്നത് ചീഫ് ജസ്റ്റിസാണ്. ജാമ്യാപേക്ഷ പരിഗണിക്കാൻ നൽകിയിരിക്കുന്ന കത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത് ഇക്കാര്യങ്ങളാണ്.
ഏത് സമയത്തും അറസ്റ്റ് ഉണ്ടായേക്കാമെന്ന് ഭയപ്പെടുന്നു. 65-ന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരനാണ്. ഇതിന് മുമ്പ് മറ്റൊരു കേസിലും പ്രതിയായിട്ടില്ല. ക്രിമിനൽ പശ്ചാത്തലത്തിന് ഉടമയല്ല. സിനിമ മേഖലയിലെ സംഭവനകൾക്ക് അവാർഡുകൾക്കും അംഗീകാരങ്ങൾക്കും അർഹനായിട്ടുണ്ട്. സാക്ഷികളെ സ്വാധീനിക്കാനോ, തെളിവുകൾ ഇല്ലാതാകാനോ ശ്രമിക്കില്ല. മുൻകൂർ ജാമ്യത്തിന് കോടതി മുന്നോട്ട് വയ്ക്കുന്ന ഏതു വ്യവസ്ഥയും അംഗീകരിക്കാൻ തയ്യാറാണെന്നും കത്തിൽ പറയുന്നു.
പരാതിക്കാരിയ്ക്ക് വേണ്ടി സുപ്രീംകോടതിയിൽ മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിംഗ് ഹാജരായേക്കും. സർക്കാരിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകരുമായുള്ള ചർച്ചയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥർ ഡൽഹിയിലെത്തി. കൊച്ചിയിൽ തന്നെ സിദ്ധിഖ് ഉണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. വിമാനത്താവളങ്ങളിൽ ബ്ലൂ കോർണർ നോട്ടീസ് പതിപ്പിച്ച് വിദേശത്തേക്ക് കടക്കാതിരിക്കാനുള്ള മുൻകരുതൽ മാത്രമാണ് സ്വീകരിച്ചത്. സുപ്രീംകോടതി മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും മുമ്പ് സിദ്ധിഖിനെ അറസ്റ്റ് ചെയ്യാൻ തടസമില്ലെങ്കിലും പ്രത്യേക അന്വേഷണ സംഘം അതിന് മുതിരുന്നില്ലെന്നാണ് സൂചന. സുപ്രീംകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ സിദ്ധിഖ് സ്വാഭാവികമായും അന്വേഷണ ഉദ്യോഗസ്ഥർ മുന്നിൽ കീഴടങ്ങും.