Hema Committee Report : ഹേമ കമ്മിറ്റി റിപ്പോർട്ട് അംഗീകരിക്കുന്നു; മലയാള സിനിമയിൽ ലഹരി ഉപയോഗമുണ്ടെന്ന് നടൻ ഷൈൻ ടോം ചാക്കോ
Shine Tom Chacko On Hema Committee Report : മലയാള സിനിമയിലെ യുവതാരങ്ങളുടെ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ചുള്ള ഹേമ കമ്മിറ്റി പരാമർശത്തെ കുറിച്ച് ചോദിച്ചപ്പോൾ ഷൈ ടോം ചാക്കോ മാധ്യമപ്രവർത്തകരോട് കയർക്കുകയും ചെയ്തു.
കൊച്ചി : മലയാള സിനിമയെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് സർക്കാർ നിയോഗിച്ച് ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ (Hema Committee Report) പുറംലോകം അറിയുന്നത്. സ്വന്തം ലൈംഗിക ഇച്ഛയ്ക്ക് വേണ്ടി സിനിമയിലെ ഉന്നത സ്ത്രീകളെ ഉപയോഗിക്കുന്നതും വഴങ്ങാത്തവരെ ഭീഷിണിപ്പെടുത്തുകയും തഴയുകയും ചെയ്യുന്ന തുടങ്ങിയ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് ഇന്ന് ഓഗസ്റ്റ് 19-ാം തീയതി പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നത്. അതേസമയം ഈ റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ മലയാള സിനിമയിൽ മാത്രമല്ല എല്ലായിടത്തും നടക്കുന്നതാണെന്നാണ് നടൻ ഷൈൻ ടോം ചാക്കോ (Shine Tom Chacko) മാധ്യമങ്ങളോടായി പറഞ്ഞത്.
“മലയാള സിനിമയിൽ മാത്രമല്ല എല്ലാ മേഖലയിലും സ്ത്രീ-പുരുഷ വ്യത്യാസം നിലവിൽ ഉണ്ട്. പീഡനങ്ങൾ നേരിടുന്നുണ്ടെങ്കിൽ പീഡിപ്പിക്കുന്നവരോടാണ് ചോദിക്കേണ്ടത്. ഞാൻ പീഡിപ്പിച്ചിട്ടുമില്ല, പീഡിപ്പിക്കുന്നതായിട്ടും കണ്ടിട്ടുമില്ല. പീഡിപ്പക്കപ്പെട്ടൂ എന്ന് ഒരു സ്ത്രീ പറഞ്ഞാൽ, ആ സ്ത്രീയും ആരോപണവിധേയനുമായി ഇടപാട് ഉണ്ടാകുന്ന സമയത്ത് കർണം നോക്കി അടിക്കണം.
പുതുതായി വരുന്ന ഒരു പെൺകുട്ടിയെ ഇവിടെ ആരും പിടിച്ചുവെച്ച് ഒന്നും ചെയ്യുന്നില്ല. എന്നാൽ ഈ റിപ്പോർട്ടിൽ പറയുന്നത് ഞാൻ അംഗീകരിക്കുന്ന, പക്ഷെ ഇത് ഇവിടെ മാത്രം നടക്കുന്നതല്ല, ഇത് നമ്മുടെ ചുറ്റും നടക്കുന്ന കാര്യങ്ങളായിട്ടാണ്. ഞാൻ എല്ലാവർക്കുമൊപ്പമാണ്, പീഡിപ്പിക്കപ്പെട്ടുയെന്ന് പറയുന്ന ഇരയ്ക്കൊപ്പവും ആരോപണവിധേയനൊപ്പവുമാണ്. കാരണം രണ്ടും എൻ്റെ സഹപ്രവർത്തകരാണ് കൂടാതെ ഞാൻ അത് കണ്ടിട്ടുമില്ല” ഷൈൻ ടോം ചാക്കോ മാധ്യമങ്ങളോടായി പറഞ്ഞു.
അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിനെ ഉദ്ദരിച്ചുകൊണ്ട് മലയാള സിനിമയിലെ യുവതാരങ്ങളുടെ ലഹരി ഉപയോഗത്തെ കുറിച്ച് മാധ്യമപ്രവർത്തകർ ഷൈനോട് ചോദിച്ചപ്പോൾ നടൻ കയർക്കുകയും ചെയ്തു. സിനിമ മേഖലയിൽ മദ്യവും പുകുവലിയും പോലെയുള്ള ലഹരി ഉത്പനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് നടൻ പറഞ്ഞു. എന്നാൽ നിയമവിരുദ്ധമായ മയക്കുമരുന്നുകളുടെ ഉപയോഗത്തെ കുറിച്ച് ചോദിച്ചപ്പോൾ മാധ്യമപ്രവർത്തകരോട് കയർത്തു കയറുകയായിരുന്നു ഷൈൻ ടോം ചാക്കോ.
ഹേമ കമ്മിറ്റി റിപ്പോർട്ട്
നാലര വർഷത്തോളം സർക്കാരിൻ്റെ മേശയ്ക്കുള്ളിൽ പൂഴ്ത്തിവെച്ച ഹേമ കമ്മിറ്റി റിപ്പോർട്ടാണ് ഇന്ന് ഓഗസ്റ്റ് 19-ാം തീയതി പുറത്ത് വിട്ടത്. വിവരവകാശ കമ്മീഷ്ണറുടെ ഉത്തരവ് പ്രകാരം ജൂലൈ 25ന് മുമ്പ് പുറത്ത് വിടേണ്ട റിപ്പോർട്ട് കോടതി നടപടികളെ തുടർന്ന് വൈകുകയായിരുന്നു. റിപ്പോർട്ട് പുറത്ത് വിടുന്നതിനെതിരെ നടൻ രഞ്ജിനി ഉൾപ്പെടെയുള്ളവരുടെ ഭാഗത്ത് നിന്നും അവസാന നിമിഷവും നിയമപോരാട്ടം ഉണ്ടായിരുന്നെങ്കിലും സമയം അതിക്രമിച്ചതിനാൽ അത് സാധ്യമായില്ല. ചിലരുടെ സ്വകാര്യതയെ മാനിച്ച് ചില പേജുകൾ ഒഴിവാക്കി 233 പേജുകൾ ഉള്ള റിപ്പോർട്ടാണ് ഇന്ന് പുറത്ത് വിട്ടിരിക്കുന്നത്. 300 പേജുള്ള റിപ്പോർട്ട് 2019 ഡിസംബർ 31ന് ഹേമ കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിക്കുന്നത്.
റിപ്പോർട്ടിൽ പരാമർശിക്കുന്ന ചില വിവരങ്ങൾ
- ഒരു ചിത്രത്തിൻ്റെ ഷൂട്ടിൽ ഇത്തരത്തിൽ അഭിനയിക്കാൻ വിസമ്മതിച്ച ജൂനിയർ ആർിട്ടിസ്റ്റിനോട് തന്നെ പേഴ്സണലായി കാണണം എന്ന് പറഞ്ഞ സംവിധായകൻ.
- വളരെ കുറച്ച് ശരീര ഭാഗങ്ങൾ മാത്രമെ കാണിക്കുകയുള്ളു എന്ന് പറഞ്ഞ് തുടങ്ങിയ ഷൂട്ടിങ്ങിൽ നഗ്നത കൂടുതൽ കാണിക്കണം എന്ന് ആവശ്യപ്പെട്ടെന്നും ലിപ്പ്ലോക്ക് സീനുകൾ വേണമെന്ന് നിർബന്ധിക്കുകയും ചെയ്തെന്ന് റിപ്പോർട്ടിൽ ഒരു നടിയുടെ മൊഴി. ഒടുവിൽ നടി ഷൂട്ടിങ്ങ് അവസാനിപ്പിച്ച് സെറ്റിൽ നിന്നു തന്നെ പോവേണ്ടി വന്നു.
- മറ്റൊരു മൊഴിയിൽ തലേന്ന് അതിക്രമം നേരിട്ട നടിക്ക് പിറ്റേന്ന് അഭിനയിക്കേണ്ടി വന്നത് അതേ ആളുടെ ഭാര്യയായി. ഒാരോ തവണയും അഭിനയിക്കുമ്പോഴുമുള്ള ബുദ്ധിമുട്ട് മൂലം 17 തവണ വരെ ആ സിനിമിയുടെ ഷോട്ട് എടുക്കേണ്ടി വന്നു
- അവസരങ്ങൾ കിട്ടാൻ വഴങ്ങി കൊടുക്കണമെന്നും അതല്ലെങ്കിൽ അവരെ സിനിമയിൽ നിന്ന് തന്നെ പുറത്താക്കുമെന്നും റിപ്പോർട്ടിൽ. ഇത്തരത്തിൽ വഴങ്ങി കൊടുക്കേണ്ടി വരുന്നവർക്ക് പ്രത്യേകം കോഡുകൾ നൽകും
- തനിയെ ഏതെങ്കിലും ഷൂട്ടിങ്ങ് സെറ്റിൽ പോയാൽ രാത്രിയിൽ താമസ സ്ഥലത്ത് വാതിലിൽ മുട്ട് ഉറപ്പാണെന്നും മൊഴികളുണ്ട്.
- ഏതെങ്കിലും തരത്തിൽ ഇത്തരത്തിൽ വഴങ്ങാത്തവർക്ക് സെറ്റിൽ ഭക്ഷണം നൽകാതിരിക്കുന്നതും, അല്ലാത്തവർക്ക് മികച്ച ഭക്ഷണം നൽകും
- പല സെറ്റുകളിലും മൂത്രമൊഴിക്കാൻ പോലും താരങ്ങൾക്ക് (ജൂനിയർ ആർട്ടിസ്റ്റുകൾക്ക് കൂടുതൽ) സംവിധാനമില്ലെന്നും ഇതു കൊണ്ട് പലരും വെള്ളം കുടിക്കാതെയാണ് ഷൂട്ടിങ്ങിന് എത്തുന്നത്
- അതിക്രമങ്ങൾക്കെതിരെ പ്രതികരിച്ച ചില യുവ നടൻമാർക്കും സിനിമിയിൽ വിലക്ക് നേരിടുന്നുണ്ട്
- ആർത്തവ കാലത്താണ് നടിമാർക്ക് ഏറെ ബുദ്ധിമുട്ട അനുഭവിക്കേണ്ടി വരുന്നത്. പാഡ് മാറ്റാൻ പോലും പല സെറ്റുകളിലും സംവിധാനമോ വേണ്ട ശുചിമുറികളോ ഇല്ല.