അഞ്ച് ദിവസ ഷൂട്ടിനായി ഒന്നരമണിക്കൂര്‍ കഥ പറഞ്ഞു, മുഴുവന്‍ കേട്ടപ്പോള്‍ ആകാംക്ഷയായി: സഞ്ജു ശിവറാം | Actor Sanju Sivram 1000 Babies Star Exclusive Interview By Shiji MK he Shares How He Got Selected To Hotstar Specials Malayalam news - Malayalam Tv9

Sanju Sivram: അഞ്ച് ദിവസ ഷൂട്ടിനായി ഒന്നരമണിക്കൂര്‍ കഥ പറഞ്ഞു, മുഴുവന്‍ കേട്ടപ്പോള്‍ ആകാംക്ഷയായി: സഞ്ജു ശിവറാം

Sanju Sivram1000 Babies Actor Interview: സാറാമ്മച്ചി എന്ന കഥാപാത്രം തന്നെയായിരുന്നു എന്റെ ഏറ്റവും വലിയ റെഫറന്‍സ്, ആ കഥാപാത്രത്തെ പോലെ ആകാനാണ് ഞാന്‍ ശ്രമിച്ചത്. സാറാമ്മച്ചിയുടെ ചെറുപ്പം അവതരിപ്പിച്ച രാധ ചെയ്യുന്ന ചില ചേഷ്ടകളുണ്ട്, അതേ രീതിയില്‍ ബിബിനും ചെയ്തിട്ടുണ്ട്. അത്, കണ്ട് ചെയ്തത് അല്ല, സ്‌ക്രിപ്റ്റ് വായിച്ച് മാത്രം ചെയ്തതാണ്.

Sanju Sivram: അഞ്ച് ദിവസ ഷൂട്ടിനായി ഒന്നരമണിക്കൂര്‍ കഥ പറഞ്ഞു, മുഴുവന്‍ കേട്ടപ്പോള്‍ ആകാംക്ഷയായി: സഞ്ജു ശിവറാം
Updated On: 

03 Nov 2024 19:20 PM

സിനിമ ഒരു കാത്തിരിപ്പാണ് ഒരു ഭാഗ്യമാണ്. ചിലര്‍ക്ക് ആ ഭാഗ്യം പെട്ടെന്ന് തെളിയുകയും മറ്റ് ചിലര്‍ക്ക് ഒരുപാട് നാളുകള്‍ കാത്തിരിക്കേണ്ടതായും വരും. അങ്ങനെ കാത്തിരുന്ന് ലഭിച്ച കഥാപാത്രത്തിന്റെ സന്തോഷത്തിലാണ് നടന്‍ സഞ്ജു ശിവറാം. നജീം കോയയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘1000 ബേബീസ്’ എന്ന സിരീസിലെ മുഖ്യ കഥാപാത്രത്തെയാണ് സഞ്ജു അവതരിപ്പിച്ചത്. ബിബിന്‍ എന്ന കഥാപാത്രത്തിലേക്ക് എത്തിപ്പെട്ടതിനെ കുറിച്ചും ആ വേഷം അവതരിപ്പിച്ചതിനെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് സഞ്ജു ടിവി9 മലയാളം ഡയലോഗ് ബോക്‌സിലൂടെ.

എല്ലാത്തിനും അതിൻ്റേതായ സമയമുണ്ട്

ഒരുപാട് സന്തോഷത്തിലാണ് ഞാന്‍, പെട്ടെന്ന് ലഭിക്കുന്ന ഒന്നല്ല സിനിമ. സിനിമയില്‍ ഉള്ളവരേക്കാള്‍ കൂടുതലുള്ളത് സിനിമയില്‍ വരാന്‍ ആഗ്രഹിക്കുന്നവരാണ്. എല്ലാവരും സിനിമയില്‍ വലിയ വിജയം കൈവരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ആ ഒരു മേഖലയില്‍ വന്നത് തന്നെ വലിയ ഭാഗ്യം. പിന്നെ വളരാന്‍ അതിന്റേതായ സമയമെടുക്കും, ആ സമയവും ക്ഷമയും ഉണ്ടാകുക എന്നതാണ് കാര്യം. സംഭവിക്കേണ്ട സമയമാകുമ്പോള്‍ എല്ലാം സംഭവിക്കും, അതിനായി പ്രയത്‌നിക്കുക എന്നതാണ്. ഞാന്‍ ബാങ്കില്‍ ജോലി ചെയ്തിരുന്നയാളാണ്. എംബിഎ കഴിഞ്ഞതിന് ശേഷം രണ്ട് മൂന്ന് വര്‍ഷം ജോലി ചെയ്ത ശേഷമാണ് സിനിമയിലേക്ക് എത്തുന്നത്. നമുക്ക് കിട്ടുന്ന അംഗീകാരം തന്നെയാണ് മുന്നോട്ട് നയിക്കാന്‍ സഹായിക്കുന്നത്. ഏറ്റവും കൂടുതല്‍ അഭിപ്രായങ്ങള്‍ ലഭിച്ചത് ബിബിനാണ്.

സഞ്ജു ശിവറാം (Image Credits: Instagram)

സുനീറില്‍ നിന്ന് ബിബിനിലേക്ക്

നജീമിക്കയാണ് എന്നെ 1000 ബേബീസിലേക്ക് വിളിക്കുന്നത്. അദ്ദേഹത്തെ എനിക്ക് വര്‍ഷങ്ങളായിട്ട് അറിയാം, എന്നാല്‍ ഞങ്ങള്‍ ഇതുവരെ ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടില്ല. നജീമിക്ക വേറെ സിനിമ ചെയ്യുന്ന സമയത്ത് അതില്‍ ഞാനില്ലല്ലോ എന്ന് തോന്നിയിട്ടുണ്ട്. പക്ഷെ അദ്ദേഹം ഇതുവരെ ചെയ്തതില്‍ ഏറ്റവും നല്ല കഥാപാത്രം എനിക്ക് തന്നു. കാത്തിരിപ്പ് തന്നെയാണ് എന്നെ ബിബിനിലേക്ക് എത്തിച്ചത്.

Also Read: Bougainvillea : ‘സാരിയുടുത്താൽ പ്രായം തോന്നുമെന്ന് അങ്ങോട്ട് പറഞ്ഞ് വാങ്ങിയെടുത്ത റോളാണ്; നാടകം കരിയറിൽ സഹായിച്ചു’; നവീന വിഎം സംസാരിക്കുന്നു

ബിബിന്‍ അത്ര നിസാരമല്ല, അതുകൊണ്ട് തന്നെ അത് ചെയ്യുന്നതിനായിട്ടുള്ള വെല്ലുവിളികള്‍ ഉണ്ടായിട്ടുണ്ട്. സംവിധായകന്‍ എന്നോട് ആദ്യം കഥ പറയുന്ന സമയത്ത് എനിക്ക് വേറൊരു കഥാപാത്രമായിരുന്നു തന്നിരുന്നത്. ഒന്നര മണിക്കൂര്‍ സമയമെടുത്താണ് അദ്ദേഹം ആ കഥാപാത്രത്തെ കുറിച്ച് എന്നോട് സംസാരിക്കുന്നത്. അഞ്ച് ദിവസം ഷൂട്ട് ഉണ്ടാകുമെന്നാണ് പറഞ്ഞത്, അപ്പോള്‍ ഞാന്‍ ചിന്തിച്ചത് അഞ്ച് ദിവസത്തെ കഥാപാത്രത്തിന് വേണ്ടിയാണോ അദ്ദേഹം എന്നോട് ഒന്നര മണിക്കൂര്‍ സംസാരിച്ചതെന്നാണ്. വേറെ വല്ല സിനിമയുമാണെങ്കില്‍ ഇത്ര ചെറിയ കഥാപാത്രം ചെയ്യണോ വേണ്ടയോ എന്ന് നമ്മള്‍ ആലോചിക്കും. എന്നാല്‍ അദ്ദേഹം അതിന് കൊടുക്കുന്ന ഡീറ്റെയിലിങ് ഗംഭീരമാണ്. അത് കേട്ടിട്ട് മുഴുവന്‍ കഥയും എന്താണെന്ന് ഞാന്‍ ചോദിച്ചു.

കഥ കേട്ട് കഴിഞ്ഞപ്പോള്‍ ആരാ ബിബിന്‍ ചെയ്യുന്നതെന്ന് ഞാന്‍ ചോദിച്ചു.  മലയാള സിനിമയിലെ ഏത് നടനും ആ കഥാപാത്രം ചെയ്യാന്‍ തയാറാകും. രണ്ട് ദിവസം കഴിഞ്ഞ് അദ്ദേഹം എന്നെ തിരിച്ച് വിളിച്ച് ബിബിന്‍ നീ ചെയ്യുന്നോ എന്ന് ചോദിച്ചു. ഇക്ക ഓക്കെ ആണെങ്കില്‍ എനിക്ക് ഓക്കെയാണെന്ന് പറഞ്ഞു. അങ്ങനെയാണ് ഞാന്‍ ബിബിനെ അവതരിപ്പിക്കുന്നത്. ആദ്യം എനിക്ക് തന്നത് ഡെയ്ന്‍ ഡേവിസ് ചെയ്ത സുനീര്‍ എന്ന കഥാപാത്രമായിരുന്നു. ബിബിനോട് എനിക്ക് വലിയ ഇഷ്ടം തോന്നി, അതുകൊണ്ടാണ് വളരെ ആകാംക്ഷയോടെ ആരാണ് ബിബിന്‍ ചെയ്യുന്നതെന്ന് ചോദിച്ചത്.

1000 ബേബീസ്‌ (Image Credits: Disney Plus Hotstar Malayalam)

വലിയ ഭാഗ്യം

മുതിര്‍ന്ന താരങ്ങളോടൊപ്പം അഭിനയിക്കുന്നത് നമുക്ക് ഒരുപാട് അനുഭവങ്ങള്‍ സമ്മാനിക്കും. ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിക്കും. അതുമാത്രമല്ല, സീനിയറായിട്ടുള്ള ആളുകളാണ് എതിരെ നില്‍ക്കുന്നത് എങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കും. ഇത്രേം നല്ല അഭിനേതാക്കളോടൊപ്പം അഭിനയിക്കുക എന്ന് പറയുന്നത് തന്നെ ഭാഗ്യമാണ്. നീന ഗുപ്ത ഒരു ഗംഭീര അഭിനേത്രിയാണ്. അവരുടെ മകനായി അഭിനയിക്കാന്‍ സാധിച്ചു. ഒരുപാട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അവര്‍ മലയാളത്തിലേക്കെത്തുന്നത്. എനിക്ക് അവരെ ഒരുപാട് ഇഷ്ടമാണ്, അവരുടെ ജീവിതവും അവരുടെ സിനിമകളുമെല്ലാം എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്.

റഹ്‌മാന്‍ സാറിനും എനിക്കും ഒരുമിച്ച് ഷൂട്ട് ഉള്ളത് കുറവായിരുന്നു. എന്നാല്‍ ഷൂട്ടില്ലാത്ത ദിവസവും ഞാന്‍ സെറ്റില്‍ പോകാറുണ്ടായിരുന്നു. അദ്ദേഹത്തെ കാണാന്‍ പോകുന്നതാണ്. അദ്ദേഹത്തോടൊപ്പം ഇടപഴകാനുള്ള ആഗ്രഹം കൊണ്ടാണ് ഞാന്‍ പോയിരുന്നത്. പക്ഷെ വളരെ പെട്ടെന്ന് തന്നെ അദ്ദേഹത്തോട് അടുക്കാന്‍ സാധിച്ചു. റഹ്‌മാനൊപ്പം വര്‍ക്ക് ചെയ്യുന്നത് വളരെ സന്തോഷം നല്‍കുന്ന കാര്യമാണ്. പണ്ട് മുതല്‍ നമ്മള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന, ആരാധിച്ചിരുന്ന ആളുകള്‍ വലിയ സ്‌നേഹത്തോടെ പെരുമാറുന്നത് തന്നെ വലിയ ഭാഗ്യം.

ബുദ്ധിമുട്ട് തോന്നിയില്ല

ബിബിന്റെ ഇന്‍ട്രോ സീന്‍ ബാത്ത്‌റൂമില്‍ നിന്നുള്ളതാണ്. ശരീരം വളര്‍ന്നെങ്കിലും ആളുടെ മനസ് ഒരു കൊച്ചുകുട്ടിയുടേതാണ്, അത് ആ സീനില്‍ നിന്നും വ്യക്തമാണ്. അങ്ങനെ ന്യൂഡ് ആയിട്ടായിരിക്കും ആ സീന്‍ എടുക്കുന്നതെന്ന് ഷൂട്ടിന് അഞ്ച് മിനിറ്റ് മുമ്പ് മാത്രമാണ് ഡയറക്ടര്‍ എന്നോട് പറഞ്ഞത്. പക്ഷെ എനിക്ക് അത് ചെയ്യാന്‍ വലിയ ബുദ്ധിമുട്ടുകളൊന്നും നേരിടേണ്ടതായി വന്നിട്ടില്ല. ഡയറക്ടറുടെ വിഷന്‍ മാത്രമാണ് ഞാന്‍ നോക്കിയത്. ചിലപ്പോള്‍ മറ്റ് പല താരങ്ങള്‍ക്കും അങ്ങനെയൊരു സീന്‍ ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാകും. പക്ഷെ അങ്ങനെ ഒരു എതിര്‍പ്പ് തോന്നേണ്ട കാര്യമല്ല, അതില്‍ വലിയ ചര്‍ച്ചകളും നടത്തേണ്ടതില്ല.

1000 ബേബീസ്‌ (Image Credits: Disney Plus Hotstar Malayalam)

സാറാമ്മച്ചി എന്ന കഥാപാത്രം തന്നെയായിരുന്നു എന്റെ ഏറ്റവും വലിയ റെഫറന്‍സ്, ആ കഥാപാത്രത്തെ പോലെ ആകാനാണ് ഞാന്‍ ശ്രമിച്ചത്. സാറാമ്മച്ചിയുടെ ചെറുപ്പം അവതരിപ്പിച്ച രാധ ചെയ്യുന്ന ചില ചേഷ്ടകളുണ്ട്, അതേ രീതിയില്‍ ബിബിനും ചെയ്തിട്ടുണ്ട്. അത്, കണ്ട് ചെയ്തത് അല്ല, സ്‌ക്രിപ്റ്റ് വായിച്ച് മാത്രം ചെയ്തതാണ്. ഹര്‍ഷനിലാണ് ഇത്തരം ചിരിയും മറ്റ് ഭാഗങ്ങളും കൂടുതലായി വന്നത്. സ്‌ക്രിപ്റ്റില്‍ നിന്ന് തന്നെ ഒരുപാട് കാര്യങ്ങള്‍ കിട്ടി.

Also Read: Actor Anu Mohan: ‘സിപിഒ സുജിത്ത് ചെയ്യുന്നത് വരെ പലരും എന്നെ തിരിച്ചറിഞ്ഞിരുന്നില്ല’; വിശേഷങ്ങള്‍ പങ്കുവെച്ച് അനു മോഹന്‍

നീ കൊ ഞ ച മുതല്‍ 1000 ബേബീസ് വരെ

ഒരുപാട് മാറ്റങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. നല്ലതും ചീത്തയുമായ ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. സിനിമ എന്താണെന്ന് മനസിലായി സിനിമയ്ക്കുള്ളിലെ ബുദ്ധിമുട്ടുകള്‍ മനസിലായി. ഇത്രയും വര്‍ഷങ്ങള്‍ കൊണ്ട് ഒരുപാട് പരീക്ഷണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. അതെല്ലാം തരണം ചെയ്ത് ഇവിടെ എത്തി നില്‍ക്കുമ്പോള്‍ സന്തോഷമാണ്. ഒരു നടന്‍ എന്ന നിലയില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. 35 ഓളം സിനിമകളെടുത്തു ഇങ്ങനെയൊരു കഥാപാത്രം സംഭവിക്കാന്‍. എല്ലാ സിനിമകളും ഓരോരോ പടികളായിരുന്നു, അവ ഓരോന്നിനും പ്രാധാന്യമുണ്ട്. ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്.

സംഭവ വിവരണം നാലര സംഘം എന്ന സീരീസാണ് അടുത്തതായി പുറത്തിറങ്ങാനുള്ളത്. സോണി ലിവിലൂടെയായിരിക്കും സംപ്രേഷണം. ആവാസവ്യൂഹം, പുരുഷ പ്രേതമെല്ലാം സംവിധാനം ചെയ്ത കൃഷാന്ത് ആണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

കടുകിന്റെ ഈ ആരോഗ്യ ഗുണങ്ങൾ അറിയാമോ?
വണ്ണം കുറയ്ക്കാൻ ഇതാ എളുപ്പഴി... മല്ലിവെള്ളം പതിവാക്കൂ
ഒടിടിയിൽ എത്തിയതും ഉടൻ വരാൻ പോകുന്നതുമായ മലയാളം ചിത്രങ്ങൾ
പ്രമേഹമുള്ളവർക്ക് പപ്പായ കഴിക്കാമോ?