Actor Jayaram: “ഞാൻ ജീവിതത്തിലെ ജയ- പരാജയങ്ങൾ തുറന്നുപറയുന്ന ഏകവ്യക്തി മമ്മൂക്കയാണ്”: ജയറാം
Actor Jayaram About Mammootty: ജീവിതത്തിൽ നല്ല ഗുരുക്കന്മാരെ കിട്ടുക എന്നതും പ്രധാനപ്പെട്ട കാര്യമാണ്. ജീവിതത്തിലുടനീളം എനിക്ക് നല്ല ഗുരുക്കന്മാരെ കിട്ടിയിട്ടുണ്ടെന്നും ജയറാം പറഞ്ഞു.
കൊച്ചി: മലയാള സിനിമയിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് ജയറാം. 1988-ൽ അപരൻ എന്ന സിനിമയിലൂടെയാണ് ജയറാം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 30 വർഷത്തിലധികമായി മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി ഉൾപ്പെടെയുള്ള നടന്മാരുമായുള്ള നടന്റെ സൗഹൃദവും ആരാധകർക്കെന്നും ആവേശമാണ്. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച് ജയറാം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വെെറലായത്. തന്റെ വിജയവും പരാജയവും താൻ പങ്കുവയ്ക്കുന്ന ഏക വ്യക്തി മമ്മൂട്ടി ആണെന്നാണ് ജയറാം പറഞ്ഞത്. സില്ലിമോങ്ക്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം.
ജീവിതത്തിലെ എന്റെ എല്ലാ നല്ല മുഹൂർത്തങ്ങളും നല്ല കാര്യങ്ങളും വിജയങ്ങളും തോൽവികളും എല്ലാം ഞാൻ ഷെയർ ചെയ്യുന്ന വല്ല്യേട്ടനാണ് മമ്മൂട്ടി. വർഷങ്ങളായി അത് അതുപോലെ തന്നെയാണ്. തിരിച്ച് മമ്മൂക്കയും അതുപോലെയാണ്. മദ്രാസിൽ നടന്ന ഒരു ഓഡിയോ ലോഞ്ചിൽ ഞാൻ പശിക്കത് മണി എന്ന മിമിക്രി ചെയ്തിരുന്നു. മമ്മൂക്ക അദ്ദേഹത്തിൽ റൂമിൽ ഏകദേശം 50 തവണയാണ് ഇത് റിപ്പീറ്റ് അടിച്ച് കണ്ടത്. എന്നെ റൂമിലേക്ക് വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. അഭിനന്ദിക്കാൻ കാണിച്ച ആ മനസാണ് അംഗീകരിക്കേണ്ടതെന്നും അഭിമുഖത്തിൽ ജയറാം പറഞ്ഞു.
“മലയാളത്തിൽ നല്ല റോളുകൾ മാത്രം ചെയ്യുമെന്ന തീരുമാനത്തിലാണ് ഞാൻ. 35 വർഷമായി എനിക്ക് ഒരു മാനേജറോ ഡയറിയോ ഒന്നും ഇല്ല. എന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് ഞാൻ തന്നെയാണ്. സിനിമയിൽ നിന്ന് ഒരു ഇടവേള എടുക്കാൻ മകളും മകനും തന്നെയാണ് പറഞ്ഞത്. മലയാള സിനിമ എന്ന് പറയുന്നത് അമ്മ വീട് പോലെയാണ്. നല്ല റോളുകളുമായി വന്നാൽ അവർ ഇരുകെെകളും നീട്ടി സ്വീകരിക്കും”. -ജയറാം പറഞ്ഞു.
ജീവിതത്തിൽ നല്ല ഗുരുക്കന്മാരെ കിട്ടുക എന്നതും പ്രധാനപ്പെട്ട കാര്യമാണ്. ജീവിതത്തിലുടനീളം എനിക്ക് നല്ല ഗുരുക്കന്മാരെ കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മിമിക്രിയുമായി നടന്നപ്പോൾ കിട്ടിയ ഗുരുനാഥനാണ് ആബേൽ അച്ചൻ. അവിടെ നിന്ന് സിനിമയിൽ കിട്ടിയ ഗുരുനാഥനായിരുന്നു പദ്മരാജൻ സാർ. ചെണ്ട ആദ്യം പഠിപ്പിച്ച മാർഗി കൃഷ്ണദാസ് പല്ലശന നന്ദകുമാർ ഇവരെല്ലാം ദെെവം അനുഗ്രഹിച്ച എന്റെ ഗുരുക്കന്മാരാണ്. ഇന്നത്തെ പോലെ അതിമനോഹരമായി പഞ്ചാരിയും പാണ്ടിയും കോട്ടാൻ എന്നെ പ്രേരിപ്പിച്ചത് ഗുരുനാഥനായിട്ടുള്ള മട്ടന്നൂർ ശങ്കരൻകുട്ടി മാരാരാണ്. ഇത്തരത്തിൽ നല്ല ഗുരുക്കന്മാരെ കിട്ടിയതാണ് ജീവിതത്തിലെ ഏറ്റവും നല്ല ഭാഗ്യമെന്നും ജയറാം പറഞ്ഞു.
മുഖത്ത് മേക്കപ്പ് ഇടുന്നതിന് മുമ്പും ചെണ്ടയിൽ കോലുവയ്ക്കുന്നതിന് മുമ്പും ഈ ഗുരുക്കന്മാരെ മനസിൽ നന്നായി പ്രാർത്ഥിച്ചിട്ടാണ് എന്റെ ഓരോ ദിവസവും ആരംഭിക്കുന്നത്. ജീവിതത്തിൽ ഓരോ വീഴ്ചയുണ്ടാകുമ്പോഴും ഒരു വെെക്കോൽ തുരുമ്പ് പോലെ ദെെവം ഓരോ അവസരങ്ങൾ ഇട്ട് തരുന്നത് ഗുരുത്വം എന്ന വാക്ക് അതുപോലെ കാത്ത് സൂക്ഷിക്കുന്നത് കൊണ്ടാണെന്നും ജയറാം വ്യക്തമാക്കി.