Mukesh: നടിയെ പീഡിപ്പിച്ച കേസിൽ മുകേഷ് അറസ്റ്റിൽ; ജാമ്യത്തിൽ വിട്ടു
Mukesh: കൊച്ചിയിൽ മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിനു പിന്നാലെ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ നടനും എംഎൽഎയുമായ എം മുകേഷിന്‍റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയിൽ മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിനു പിന്നാലെ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. രാവിലെ 9.45 നാണ് മുകേഷ് ചോദ്യം ചെയ്യലിന് ഹാജരായത്. കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുകേഷിന് മുൻകൂർ ജാമ്യം നൽകിയിരുന്നു.
ഇന്നു രാവിലെ തീരദേശ പോലീസിന്റെ ആസ്ഥാന ഓഫിസില്‍ വെച്ച് മുകേഷിനെ ചോദ്യം ചെയ്ത് വരികയായിരുന്നു. അഭിഭാഷകർക്കൊപ്പമായിരുന്നു മുകേഷ് ചോദ്യം ചെയ്യലിനായി ഹാജരായത്. ജി പൂങ്കുഴലിയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഇതിനു ശേഷം വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.
താരസംഘടനയായ അമ്മയില്‍ അംഗത്വം വാഗ്ദാനം ചെയ്തും സിനിമയിൽ അവസരം വാഗ്ദാനം ചെയ്തുമാണ് യുവതിയെ പീഡിപ്പിച്ചത്. മരട് പൊലീസാണ് നടനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആലുവ സ്വദേശിയായ നടിയാണ് മുകേഷിനെതിരെ പരാതി നൽകിയത്. മരടിലെ ഫ്ലാറ്റില്‍ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പ്രധാനമായും പറയുന്നത്. ഒറ്റപ്പാലത്ത് ഷൂട്ടിങ് സ്ഥലത്ത് കാറിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയുമുണ്ട്. പീഡനക്കുറ്റം, സ്ത്രീത്വത്തെ അപമാനിക്കൽ, ആക്രമിക്കണമെന്ന ഉദ്ദേശ്യത്തോടെ അതിക്രമിച്ച് കടക്കൽ, സ്ത്രീത്വത്തെ അപമാനിക്കുന്ന ആംഗ്യം കാണിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്.
ലൈംഗികാരോപണം ഉയർന്നതോടെ മുകേഷിന്റെ രാജി സിപിഐ അടക്കം ആവശ്യപ്പെട്ടിരുന്നു. മുന്നണിക്കുള്ളിലെ അഭിപ്രായ ഭിന്നത പോലും വകവയ്ക്കാതെ മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിരുന്നു. അതേസമയം യുവനടിയുടെ പീഡനപരാതിയിൽ നടൻ സിദ്ദീഖ് നൽകിയ മുൻക്കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഇതോടെ നടനെ അറസ്റ്റ ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. എന്നാൽ നടൻ ഒളിവിലാണ്. ഇതോടെ സിദ്ദിഖിന്റെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. സിദ്ദിഖ് വിദേശത്തേക്ക് പോകാതിരിക്കാനാണ് നീക്കം. സിദ്ദിഖിന്റെ എല്ലാ ഫോണ്‍ നമ്പരുകളും സ്വിച്ച് ഓഫ് ആണ്. കൊച്ചിയിലെ രണ്ട് വീട്ടിലും സിദ്ദിഖ് ഇല്ല. പോലീസ് കൊച്ചിയിലെ വിവിധ ഹോട്ടലുകളില്‍ പരിശോധനയും ആരംഭിച്ചുകഴിഞ്ഞു.