AK Shanib: സരിന്റെ പുറകെ ഷാനിബും; പാലക്കാട് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറിയും സിപിഎമ്മിലേക്ക്
AK Shanib left Congress:പാര്‍ട്ടിക്കകത്ത് നടക്കുന്ന തെറ്റായ സമീപനങ്ങളില്‍ സഹികെട്ടാണ് പാര്‍ട്ടി വിടുന്നതെന്ന് ഷാനിബ് പ്രതികരിച്ചു. അതിവൈകാരികമായിട്ടാണ് ഷാനിബിൻ്റെ പാര്‍ട്ടിയില്‍ നിന്നുള്ള പടിയിറക്കം.
പാലക്കാട്: പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി. വരാനിരിക്കുന്ന നിയമസഭ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിന്റെ പേരിൽ ആരംഭിച്ച തർക്കം രൂക്ഷമാകുന്നു. കെപിസിസി മുൻ ഡിജിറ്റൽ സെൽ അധ്യക്ഷൻ പി.സരിനു പിന്നാലെ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബും പാർട്ടി വിട്ടു. പാര്‍ട്ടിക്കകത്ത് നടക്കുന്ന തെറ്റായ സമീപനങ്ങളില്‍ സഹികെട്ടാണ് പാര്‍ട്ടി വിടുന്നതെന്ന് ഷാനിബ് പ്രതികരിച്ചു. അതിവൈകാരികമായിട്ടാണ് ഷാനിബിൻ്റെ പാര്‍ട്ടിയില്‍ നിന്നുള്ള പടിയിറക്കം. അതേസമയം കൂടുതൽ കോൺഗ്രസ് നേതാക്കൾ പാർട്ടി വിടുമെന്ന് സൂചനയുണ്ട്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പാര്‍ട്ടിയെടുത്ത പല തീരുമാനങ്ങളും തെറ്റാണെന്നും രാഷ്ട്രീയവഞ്ചനയുടെ കഥകളാണ് ഷാഫി പറമ്പിലിൻ്റേയും വി ഡി സതീശന്‍റെയും നേതൃത്വത്തില്‍ പാര്‍ട്ടിയില്‍ നടക്കുന്നതെന്നും ഷാനിബ് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു. വടകര-പാലക്കാട്-ആറന്മുള കരാറിൻ്റെ ഭാഗമായാണ് ഷാഫി പറമ്പില്‍ വടകര ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ചത്. കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിന്‍ സരിന്‍ പറഞ്ഞത് കൃത്യമായ ബോധ്യത്തോടെയുള്ള കാര്യങ്ങളാണ്. അതിന് സാധൂകരിക്കുന്ന കാര്യങ്ങളാണ് തനിക്കും പറയാനുള്ളത്. പ്രതീക്ഷിക്കാത്ത തീരുമാനങ്ങള്‍ പാര്‍ട്ടിയുടെ ഭാഗത്ത് നിന്നുണ്ടായെന്നും ഷാനിബ് പറഞ്ഞു.
തനിക്ക് ഇതുപോലെ വന്നിരിക്കേണ്ടി വരുമെന്ന് വിചാരിച്ചില്ലെന്നും ഇത് തന്നെ സംബന്ധിച്ച് സന്തോഷകരമായ ദിവസമല്ലെന്നും ഷാനിബ് പറഞ്ഞു. ഇത്തരമൊരു തീരുമാനം ആരും പ്രതീക്ഷിച്ചതല്ല. 15 ാം വയസ്സില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആയതാണ്. തൻ്റെ നാട്ടിലെ സാധാരണ കോണ്‍ഗ്രസുകാരോട് ക്ഷമ ചോദിക്കുന്നു. ഇങ്ങനെ പോയാല്‍ കേരളത്തില്‍ പാര്‍ട്ടിയുടെ അവസ്ഥ പരിതാപകരം. തുടര്‍ച്ചയായി പ്രതിപക്ഷത്തിരുന്നിട്ടും തിരുത്താന്‍ പാര്‍ട്ടി തയ്യാറായില്ലെന്നും ഷാനിബ് വിമര്‍ശിച്ചു.
പാലക്കാട് മത്സരിക്കാന്‍ കോണ്‍ഗ്രസിന് നിരവധി പേര്‍ ഉണ്ടായിരുന്നില്ലേ. വി ടി ബല്‍റാം, സരിന്‍, കെ മുരളീരന്‍ എന്നിവരെ എന്തുകൊണ്ട് ഒഴിവാക്കി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പിന്നില്‍ അജണ്ടയുണ്ടെന്നും ചിലരുടെ തെറ്റായ സമീപനങ്ങളും നീക്കങ്ങളുമാണ് ഇപ്പോഴത്തെ സാഹചര്യം ഉണ്ടാക്കിയതെന്നും ഷാനിബ് പറഞ്ഞു. ചിലർ ഉമ്മൻചാണ്ടിയുടെ കല്ലറിയിൽ പോയി നാടകം കളിക്കുന്നുവെന്നും ഒരാള്‍ മാത്രമായി പാലക്കാട്ടെ കോണ്‍ഗ്രസ് മാറിയെന്നും ഷാനിബ് വിമർശിച്ചു. സരിന്‍ എട്ട് വര്‍ഷമാണെങ്കില്‍ താന്‍ 22 വര്‍ഷം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു. തങ്ങള്‍ നടത്തിയ പോരാട്ടത്തിന്‍റെ സമ്പാദ്യമാണ് ഈ ഫയല്‍ എന്നും പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ രേഖകള്‍ സൂക്ഷിച്ച ഫയല്‍ ഉയര്‍ത്തി ഷാനിബ് പറഞ്ഞു.