P Sarin: ആദ്യ ശ്രമത്തിൽ തന്നെ സിവില്‍ സര്‍വ്വീസ്; 8 വര്‍ഷത്തെ സേവനം; പിന്നാലെ രാജിവച്ച് രാഷ്ട്രീയത്തിലേക്ക്; ആരാണ് ഡോ. പി സരിൻ
Dr. P. Sarin: സ്ഥാനാര്‍ഥികളെ ഒരുമുഴം മുമ്പേ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നീക്കത്തിനേറ്റ കനത്ത തിരിച്ചടിയാണ് സരിന്റെ വിമത നീക്കം.
പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനത്തിൽ അതൃപ്തി രേഖപ്പെടുത്തിയ പി സരിൻ കോൺഗ്രസ് പാർട്ടിയിൽ നിന്ന് രാജിവെക്കുകയായിരുന്നു. ഇതോടെ സരിന്റെ പശ്ചാത്തലമാണ് മലയാളികളുടെ ചർച്ചവിഷയം. തുടർന്ന് പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാർത്ഥിയായി പി സരിനെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രഖ്യാപിക്കുകയായിരുന്നു.
എം.ബി.ബി.എസ്. പഠനം പൂര്‍ത്തിയാക്കിയതിനു ശേഷം സിവില്‍ സര്‍വ്വീസിലേക്ക് കടക്കുകയായിരുന്നു. തുടർന്ന് ആദ്യ ശ്രമത്തില്‍ തന്നെ 555-ാം റാങ്ക് നേടി സിവിൽ സർവീസ് സ്വന്തമാക്കി. തുടർന്ന് എട്ട് വര്‍ഷം സേവനം അനുഷ്ടിച്ചു. ഇവിടെ നിന്ന് രാജിവെച്ച സരിൻ പിന്നീട് സജീവ രാഷ്ട്രീയത്തിലേക്ക് കടക്കുകയായിരുന്നു. കോൺഗ്രസ് പാർട്ടിയോടൊപ്പം എട്ട് വര്‍ഷം പ്രവർത്തിച്ചു. എന്നാൽ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വിട്ട് ഇടതുപാളയത്തിലേക്ക് കടക്കുകയായിരുന്നു. ഡോ. പി സരിന്റെ അപ്രതീക്ഷിത കടന്നുവരവോടെ പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് ചിത്രം പാടെ മാറിമറിയുകയാണ്. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ സരിന്റെ പേരും ഉണ്ടായിരുന്നു. രാഹുലിനെക്കാൾ സ്ഥാനാര്‍ഥിയായി ജില്ലാ നേതൃത്വത്തിന് താത്പര്യവും സരിനെയായിരുന്നു. എന്നാല്‍, ഇതൊക്കെ മറികടന്നായിരുന്നു രാഹുലിന്റെ വരവ്.
മുൻ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായിരുന്നു. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ സരിന്‍. 2007-ൽ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്ന് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി. അവിടെ കോളേജ് യൂണിയന്‍ ചെയര്‍മാനുമായിരുന്നു. ഇതിനു ശേഷം 2008-ല്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയെഴുതി. ആദ്യ ശ്രമത്തില്‍ തന്നെ റാങ്ക് പട്ടികയിലും ഇടംനേടി. 555-ാം റാങ്കായിരുന്നു സരിന്. തിരുവനന്തപുരത്തായിരുന്നു ആദ്യ പോസ്റ്റിങ്. പിന്നീട് കര്‍ണ്ണാടകയിലും പ്രവര്‍ത്തിച്ചു.
തുടർന്ന് 2016-ൽ ജോലി രാജിവെച്ച് രാഷ്ട്രീയ പ്രവേശനത്തിലേക്ക് കടക്കുകയായിരുന്നു. എന്നാൽ രക്ഷിതാക്കള്‍ക്ക് ഇതിൽ ഭിന്നാഭിപ്രായമായിരുന്നു. യൂത്ത് കോണ്‍ഗ്രസിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശനം. പിന്നീട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. രാഹുല്‍ ഗാന്ധി ബ്രിഗേഡില്‍ അംഗമായിരുന്ന സരിന്‍ 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിന്റെ ഗവേഷണ വിഭാഗത്തിലും ഐടി സെല്ലിലും പ്രവര്‍ത്തിച്ചു. പിന്നാലെ തിരഞ്ഞെടുപ്പ് മത്സരരംഗത്തേക്കും വന്നു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റപ്പാലം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും സിപിഎമ്മിലെ കെ പ്രേംകുമാറിനോട് പരാജയപ്പെടാനായിരുന്നു. പിന്നീട് 2023-ല്‍ ബിബിസി ഡോക്യുമെന്ററി വിവാദവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് വിട്ട അനില്‍ ആന്റണിക്ക് പകരക്കാരനായി കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായി.