Haryana Exit Polls 2024: താമര വാടും, ഹരിയാനയിൽ ‘കെെ’ കരുത്ത്; എക്സിറ്റ് പോൾ ഫലം പുറത്ത്
Haryana Exit Polls: ഹരിയാനയിൽ സർവ്വാധിപത്യം നേടി കോൺഗ്രസ് അധികാരത്തിലേറുമെന്ന് എക്സിറ്റ് പോൾ റിപ്പോർട്ട്. പീപ്പിൾസ് പൾസ്, ദൈനിക് ഭാസ്കർ, റിപ്പബ്ലിക്, എൻഡിടിവി, ഇന്ത്യാ ടുഡേ സീവോട്ടർ സർവേകളാണ് കോൺഗ്രസിന്റെ തിരിച്ച് വരവ് പ്രവചിക്കുന്നത്. 55 മുതൽ 62 വരെ സീറ്റുകൾ കോൺഗ്രസ് നേടുമെന്നാണ് പ്രവചനം.
ന്യൂഡൽഹി: ഹരിയാനയിൽ ജനങ്ങൾ വിധിയെഴുതി. വിധിയുടെ ഫലസൂചനയുമായി എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്. ഹരിയാനയിൽ മൂന്നാം ഉൗഴം ലക്ഷ്യമിട്ട ബിജെപിയ്ക്ക് അടിപതറിയെന്ന സൂചനയുമായി എക്സിറ്റ് പോൾ. ഒരു പതിറ്റാണ്ടിന് ശേഷം കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് എക്സിറ്റ് പോൾ ഫലം. 90 സീറ്റുകളിലേക്കാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടന്നത്. 44 മുതൽ 54 വരെ സീറ്റുകൾ നേടി കോൺഗ്രസ് അധികാരത്തിൽ എത്തുമെന്നാണ് ദൈനിക് ഭാസ്കറിന്റെ സർവ്വേ ഫലം പറയുന്നത്. ഹരിയാനയിൽ കേവല ഭൂരിപക്ഷത്തിന് 46 സീറ്റുകളാണ് വേണ്ടത്. കഴിഞ്ഞ 10 വർഷമായി ഹരിയാനയിൽ അധികാരത്തിലിരുന്ന ബിജെപി 15 മുതൽ 29 വരെ സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും എക്സിറ്റ് പോൾ പറയുന്നു.
കഴിഞ്ഞ തവണ നിർണ്ണായക ശക്തികളായി മാറിയ ജെജപിക്കും ഇത്തവണ കനത്ത തിരിച്ചടി നേരിടേണ്ടി വരും. ചന്ദ്രശേഖർ ആസാദിന്റെ എ എസ് പിയുവുമായി മത്സരിച്ച പാർട്ടിക്ക് ഒരു സീറ്റിൽ കൂടുതൽ ലഭിക്കില്ലെന്നാണ് സർവ്വേ ഫലം. ഐഎന്‍എല്‍ഡി – ബിഎസ്പി സഖ്യത്തിന് അഞ്ച് വരെ സീറ്റുകളും സംസ്ഥാനത്ത് കന്നി തെരഞ്ഞെടുപ്പിന് ഇറങ്ങിയ ആം ആദ്മി പാർട്ടിക്ക് ഒരു സീറ്റും ലഭിച്ചേക്കുമെന്നും ദെെനിക് ഭാസ്കറിന്റെ സർവ്വേ ഫലം പറയുന്നു. മറ്റുള്ളവർക്ക് നാല് മുതല്‍ 9 സീറ്റുകള്‍ ലഭിച്ചേക്കാമെന്നും സർവ്വേ വ്യക്തമാക്കുന്നു.
ഇന്ത്യാ ടുഡേയുടെ സി വോട്ടർ സർവ്വേ ഫല പ്രകാരം, കോൺഗ്രസ് 50 മുതൽ 58 സീറ്റുകൾ നേടി അധികാരത്തിലെത്തും. ബിജെപി 20 മുതൽ 28 സീറ്റുകൾ വരെയും ജെജെപി രണ്ടും മറ്റുള്ളവർ 10 മുതൽ 14 വരെ സീറ്റുകളും ഹരിയാനയിൽ നേടുമെന്നാണ് ഇന്ത്യാ ടുഡേയുടെ എക്സിറ്റ് പോൾ പ്രവചിക്കുന്നത്. എൻഡിടിവിയുടെ എക്സിറ്റ് പോളിലും ബിജെപിയേക്കാൾ ഇരട്ടി സീറ്റുകൾ നേടി കോൺഗ്രസ് അധികാരത്തിലെത്തുമെന്നാണ് പ്രവചനം. കോൺഗ്രസ് ഹരിയാന 54 സീറ്റുകൾ നേടുമ്പോൾ ബിജെപി പരമാവധി 27 സീറ്റിൽ ഒതുങ്ങും. ജെജപി -1, ഐഎന്‍എല്‍ഡി-2, എഎപി-0, മറ്റുള്ളവർ 6 എന്നിങ്ങനെ സീറ്റുകൾ നേടുമെന്നാണ് വിലയിരുത്തൽ.
റിപ്പബ്ലിക് മാട്രിക്സിന്റെ ഫല സൂചനയനുസരിച്ച് ബിജെപിക്ക് ഭരണം നഷ്ടമാകും. തുടർച്ചയായ 10 വർഷം ഭരിക്കുന്ന പാർട്ടിക്ക് 18 മുതൽ 24 വരെ സീറ്റുകളാണ് നേടാൻ കഴിയുക. കോൺഗ്രസ് 55 മുതൽ 62 വരെ സീറ്റുകൾ നേടി അധികാരത്തിലേറും. ഐഎന്‍എല്‍ഡി 6 സീറ്റുകൾ വരെയും ജെജെപി 3 സീറ്റും മറ്റുള്ളവർ 2 മുതൽ 5 വരെ സീറ്റുകളും നേടാനാണ് സാധ്യത.
റിപ്പബ്ലിക് ടിവി പി മാർക് സർവ്വേ പ്രകാരം കോൺഗ്രസ് സംസ്ഥാനത്ത് 51 മുതൽ 61 വരെ സീറ്റുകൾ നേടുമെന്നാണ് പ്രവചനം. 25 മതൽ 37 വരെ സീറ്റുകൾ ബിജെപി നേടുമെന്നും എക്സിറ്റ് പോൾ പറയുന്നു. ജെജെപി ഒരു സീറ്റ് പോലും നേടാൻ സാധിക്കില്ല. ഐഎന്‍എല്‍ഡി മൂന്ന് മുതൽ ആറ് സീറ്റുകൾ നേടുമ്പോൾ മറ്റുള്ളവർ ഒരു സീറ്റ് പോലും നേടില്ലെന്നും റിപ്പബ്ലിക് ടിവി പി മാർക് സർവ്വേയുടെ എക്സിറ്റ് പോൾ പറയുന്നു.
മറ്റ് എക്സിറ്റ് പോൾ ഫലങ്ങൾ
ധ്രുവ് റിസർച്ച്/ Jist- TIF Research
- കോൺഗ്രസ്: 50-64, ബിജെപി: 22-32, ജെജെപി: 0, ഐഎന്‍എല്‍ഡി: 0, എഎപി: 0, മറ്റുള്ളവർ: 2-8
ജിസ്റ്റ് – ടിഫ് റിസർച്ച് Jist – TIF Research
- കോൺഗ്രസ്: 45-53, ബിജെപി: 29-37, ജെജെപി: 0, ഐഎന്‍എല്‍ഡി: 0-2, എഎപി: 0, മറ്റുള്ളവർ: 4-6
പീപ്പിൾസ് പൾസ്/ Peoples Pulse
- കോൺഗ്രസ്: 49-61, ബിജെപി: 20-32, ജെജെപി: 0-1, ഐഎന്‍എല്‍ഡി: 2-3, എഎപി: 0, മറ്റുള്ളവർ: 4-6
ഹരിയാനയില്‍ കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമായി സിപിഎമ്മും ഇത്തവണ ഒരു സീറ്റില്‍ മത്സരിച്ചിട്ടുണ്ട്. 89 സീറ്റുകളിലാണ് ബിജെപി സ്ഥാനാർത്ഥികൾ മത്സരിച്ചത്. ജെജെപി 66 സീറ്റിലും എഎസ്പി 12 സീറ്റിലും മത്സരിച്ചു. കഴിഞ്ഞ തവണ 40 സീറ്റ് നേടിയ ബിജെപി ജെജെപിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കുകയായിരുന്നു.