Jammu Kashmir Election Result 2024 : അഭ്യൂഹങ്ങൾക്ക് വിട; ജമ്മു കശ്മീരിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ഫാറൂഖ് അബ്ദുള്ള
Jammu Kashmir Election Result Next Chief Minister : ജമ്മു കശ്മീരിലെ അടുത്ത മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു. നാഷണൽ കോൺഫറൻസ് പാർട്ടി പ്രസിഡൻ്റ് ഫാറൂഖ് അബ്ദുള്ളയാണ് അഭ്യൂഹങ്ങൾ അവസാനിപ്പിച്ച് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്.
ജമ്മു കശ്മീരിലെ അടുത്ത മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് നാഷണൽ കോൺഫറൻസ് പ്രസിഡൻ്റ് ഫാറൂഖ് അബ്ദുള്ള. പാർട്ടി വൈസ് പ്രസിഡൻ്റ് ഒമർ അബ്ദുള്ള ഇത്തവണ മുഖ്യമന്ത്രിയാകുമെന്നാണ് ഫാറൂഖ് അബ്ദുള്ള അറിയിച്ചത്. വോട്ടെണ്ണൽ അവസാനത്തോടടുക്കവെയാണ് ഫാറൂഖ് അബ്ദുള്ളയുടെ പ്രഖ്യാപനം. തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിൽ മത്സരിക്കുന്ന ഒമർ അബ്ദുള്ള രണ്ടിലും മുന്നിലാണ്. 2009 മുതൽ 2015 വരെ മുഖ്യമന്ത്രിയായിരുന്ന ഒമർ അബ്ദുള്ള ജമ്മു കശ്മീരിൻ്റെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായിരുന്നു.
ബഡ്ഗാമിലും ഗന്ദെർബാലിലുമാണ് ഒമർ അബ്ദുള്ള മത്സരിക്കുന്നത്. രണ്ടിലും അദ്ദേഹത്തിന് വ്യക്തമായ ലീഡുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഒമർ അബ്ദുള്ളയെ അടുത്ത മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനസ്ഥാപിക്കുന്നത് വരെ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ഒമർ അബ്ദുള്ള ശപഥമെടുത്തിരുന്നു. ഇത് മാറ്റിവച്ചാണ് അദ്ദേഹം രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കാനിറങ്ങിയത്. ഇത് എതിരാളികളുടെ പരിഹാസത്തിന് കാരണമായി. അവസരം ലഭിക്കുമ്പോഴൊക്കെ തങ്ങളെ വിമർശിക്കുന്ന ഒമർ അബ്ദുള്ളയെ എന്ത് വില കൊടുത്തും പരാജയപ്പെടുത്താൻ ബിജെപി ശ്രമിച്ചിരുന്നു. എന്നാൽ, അതിനെയൊക്കെ അതിജീവിച്ച് മത്സരിച്ച രണ്ടിടത്തും വ്യക്തമായ ലീഡ് നിലനിർത്തിയ ഒമർ അബ്ദുള്ള പല ചോദ്യങ്ങൾക്കുമുള്ള മറുപടിയാണ് നൽകിയത്. ജമ്മു കശ്മീരിൻ്റെ പ്രത്യക പദവി റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ ഒമർ അബ്ദുള്ള മുഖ്യമന്ത്രിയാകുന്നത് ബിജെപിക്ക് കനത്ത തിരിച്ചടിയാണ്.
പോസ്റ്റൽ വോട്ടുകൾ എണ്ണുമ്പോൾ ബിജെപിക്ക് നേട്ടമുണ്ടായിരുന്നു. ബാലറ്റ് വോട്ടുകൾ എണ്ണാൻ തുടങ്ങിയപ്പോൾ ഇൻഡ്യാ സഖ്യം മുന്നിലെത്തി. പിന്നീട് ഒരിക്കൽ പോലും താഴെ പോകാതെ മുന്നേറാൻ ഇൻഡ്യാ സഖ്യത്തിന് സാധിച്ചു. ബിജെപിയെക്കാൾ ഇരട്ടിയോളം സീറ്റുകളിൽ കോൺഗ്രസ്- നാഷണൽ കോൺഫറൻസ് സഖ്യം മുന്നിലാണ്. ബിജെപി 28 സീറ്റുകളിലും ഇൻഡ്യാ സഖ്യം 49 സീറ്റുകളിലുമാണ് ലീഡിലുള്ളത്. 46 സീറ്റാണ് കേവല ഭൂരിപക്ഷം ലഭിക്കാൻ വേണ്ടത്.
ഇൻഡ്യാ മുന്നണി ആഘോഷം ആരംഭിച്ച് കഴിഞ്ഞു. ശ്രീനഗറിലെ കോൺഗ്രസ് പാർട്ടി ഓഫീസിൽ പ്രവർത്തകർ വിജയമാഘോഷിച്ചു. ലഡുവിന് പകരം കശ്മീരി ആപ്പിൾ വിതരണം ചെയ്താണ് ട്രിച്ചിയിലെ കോൺഗ്രസ് പ്രസിഡൻ്റ് എൽ റെക്സ് പ്രവർത്തകർക്കൊപ്പം കശ്മീർ തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചത്.
2014ലാണ് അവസാനമായി ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. അന്ന് കോൺഗ്രസ് 12 സീറ്റുകളിലും നാഷണൽ കോൺഫറൻസ് 15 സീറ്റുകളിലും മാത്രമാണ് വിജയിച്ചത്. 28 സീറ്റുകളിൽ വിജയിച്ച പിഡിപിയും 25 സീറ്റുകളിൽ വിജയിച്ച ബിജെപിയും ചേർന്ന് സഖ്യമുണ്ടാക്കിയാണ് സംസ്ഥാനം ഭരിച്ചത്. 2019ൽ ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി, ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ഇതാദ്യമായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണിത്. 2014നെ അപേക്ഷിച്ച് ബിജെപിക്ക് കാര്യമായ നഷ്ടമുണ്ടായില്ല. എന്നാൽ, പിഡിപിയ്ക്ക് കനത്ത തിരിച്ചടി ലഭിച്ചു. കഴിഞ്ഞ തവണ ഏറ്റവുമധികം സീറ്റുകളിൽ വിജയിച്ച പിഡിപിക്ക് ഇത്തവണ അഞ്ച് സീറ്റ് പോലും ലഭിച്ചേക്കില്ല എന്നാണ് നിലവിലെ ഫലസൂചനകൾ തെളിയിക്കുന്നത്. കഴിഞ്ഞ തവണ 25 സീറ്റുകളിൽ വിജയിച്ച ബിജെപി ഇത്തവണ 27/28 സീറ്റുകളിൽ വിജയിക്കാൻ സാധ്യതയുണ്ട്.
Also Read : Haryana Election Result 2024: ‘തണ്ടൊടിയാതെ താമര’: ഹരിയാനയിൽ ബിജെപി 3.0
കഴിഞ്ഞ തവണ വളരെ കുറച്ച് സീറ്റുകളിൽ ഒതുങ്ങിയ കോൺഗ്രസും നാഷണൽ കോൺഫറൻസും ചേർന്ന് സഖ്യമുണ്ടാക്കിയത് അവർക്ക് ഗുണം ചെയ്തു. കഴിഞ്ഞ തവണ ഏറ്റവും കൂടുതൽ സീറ്റ് നേടിയ പിഡിപി ബിജെപിയുമായി ചേർന്ന് സഖ്യമുണ്ടാക്കിയെന്നത് ജനങ്ങൾക്കിടയിൽ അത്ര നല്ല അഭിപ്രായമല്ല ഉണ്ടാക്കിയത് എന്ന് വ്യക്തം. കഴിഞ്ഞ തവണത്തെ പിഡിപിയുടെ നിലപാട് ജനങ്ങൾ ഇത്തവണ കണക്കിലെടുത്തിട്ടുണ്ടെന്ന് കരുതാം. അതുകൊണ്ട് തന്നെ പിഡിപിയെ ജനം കൈവിട്ടു. പിഡിപിയിൽ നിന്ന് ചോർന്ന വോട്ടുകൾ കോൺഗ്രസിനും നാഷണൽ കോൺഫറൻസിനുമായി ലഭിക്കുകയും ചെയ്തു. മെഹബൂബ മുഫ്തിയ്ക്ക് ശേഷം കരുത്തയായ ഒരു നേതാവ് ഇല്ലാത്തതടക്കം പിഡിപിയ്ക്ക് തിരിച്ചടിയായിട്ടുണ്ട് എന്നാണ് കണക്കുകൂട്ടൽ.