Jammu Kashmir Exits Poll 2024: ബിജെപിക്കും പിഡിപിക്കും അടിപതറും? ജമ്മുകശ്മീരിൽ കോൺഗ്രസ് തരംഗമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ
Jammu Kashmir Exits Polls: കേവലഭൂരിപക്ഷത്തിന് 46 സീറ്റുകളാണ് ജമ്മു കശ്മീരില്‍ വേണ്ടത്. കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിന് 35-40 സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനങ്ങള്‍. ബിജെപിയ്ക്ക് 20-25 വരെ സീറ്റുകളും എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നുണ്ട്.
ശ്രീനഗർ: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിൽ ഇൻഡി മുന്നണി അധികാരത്തിൽ എത്തുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. 90 സീറ്റുകളിലേക്കാണ് ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് നടന്നത്. നാഷണല്‍ കോണ്‍ഫറന്‍സ് -കോണ്‍ഗ്രസ് സഖ്യം 50 സീറ്റുകൾ വരെ നേടി അധികാരത്തിലെത്തുമെന്നാണ് ഇന്ത്യാ ടുഡേ സീ വോട്ടർ ഉൾപ്പെടെയുള്ള പല സർവ്വേകളിലേയും പ്രവചനം.
കഴിഞ്ഞ തവണ സർക്കാരുണ്ടാക്കിയ പിഡിപിയുടെ സീറ്റ് നില രണ്ടക്കം കടക്കില്ലെന്നും സർവ്വേകൾ ചൂണ്ടിക്കാട്ടുന്നു. ജമ്മു കശ്മീരിൽ തുക്കൂ മന്ത്രിസഭയ്ക്കുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. റിപ്പബ്ലിക്- ഗുലിസ്ഥാൻ എക്സിറ്റ് പോൾ പ്രകാരം ബിജെപിയും എൻസിയും 28 വരെ 30 സീറ്റുകൾ നേടുമെന്നാണ് പ്രവചനം. ജമ്മു മേഖലയില്‍ ബിജെപിയുടെ സീറ്റുകൾ വർദ്ധിക്കുമെന്നും കശ്മീരിൽ തിരിച്ചടി നേരിടുമെന്നുമാണ് സർവേകൾ പ്രവചിക്കുന്നത്.
ദെെനിക് ഭാസ്കറിന്റെ എക്സിറ്റ് പോൾ ഫലമനുസരിച്ച് 35 മുതൽ 40 വരെ സീറ്റുകൾ നേടി കോൺഗ്രസ്- നാഷണൽ കോണ്‍ഫറന്‍സ് സഖ്യം ഭരണം പിടിക്കും. ബിജെപി 20 മുതൽ 25 സീറ്റുകൾ വരെ നേടും. സംസ്ഥാനത്തെ നിർണായക ശക്തിയായ പിഡിപി നാല് മുതൽ ആറ് സീറ്റുകളിലേക്ക് ചുരുങ്ങും. മറ്റുള്ളവർ 12 മുതൽ 18 വരെ സീറ്റുകൾ നേടുമെന്നും എക്സിറ്റ് പോളിൽ ചൂണ്ടിക്കാട്ടുന്നു.
ആക്സിസ് മെെ ഇന്ത്യയുടെ സർവ്വേ ഫലം അനുസരിച്ച് 35 മുതൽ 45 വരെ സീറ്റുകൾ നേടി നാഷണല്‍ കോണ്‍ഫറന്‍സ് -കോണ്‍ഗ്രസ് സഖ്യം അധികാരത്തിലേറും. ബിജെപി 24 മുതൽ 34 വരെ സീറ്റുകൾ നേടുമെന്നും പ്രവചനമുണ്ട്. പിഡിപിക്ക് നാല് മുതൽ ആറ് വരെ സീറ്റുകളും മറ്റുള്ളവർക്ക് 8 മുതൽ 23 വരെ സീറ്റുകളുമാണ് ആക്സിസ് മെെ ഇന്ത്യയുടെ സർവേ ഫലത്തിൽ പ്രവചിക്കുന്നത്.
ഇന്ത്യാ ടുഡേ സീ വോട്ടർ സർവ്വേ പ്രകാരം 40 മുതൽ 48 വരെ സീറ്റുകളാണ് കോൺഗ്രസ്- എൻസി സഖ്യത്തിന് ലഭിക്കുക. ബിജെപിയും 27 മുതൽ 32 വരെ സീറ്റുകൾ നേടി കരുത്തുകാട്ടും. പിഡിപി ആറ് മുതൽ 12 വരെ സീറ്റുകളും മറ്റുള്ളവർ ആറ് മുതൽ 11 സീറ്റുകളും സംസ്ഥാനത്ത് നേടും. എൻഡിടിവിയുടെ റിപ്പോർട്ട് അനുസരിച്ച് കോൺഗ്രസ് -നാഷണൽ കോണ്‍ഫറന്‍സ് സഖ്യം 41 സീറ്റുകൾ നേടി അധികാരത്തിലെത്തും. ബിജെപി 27 സീറ്റും നേടും. പിഡിപി 7, മറ്റുള്ളവർ 15 എന്നിങ്ങനെയാണ് എൻഡിടിവിയുടെ എക്സിറ്റ് പോൾ പ്രവചനം.
എന്നാൽ കോൺഗ്രസ് ഏറ്റവും കൂടുതൽ സീറ്റുകൾ നേടുമെന്ന് പ്രവചിച്ചിരിക്കുന്ന സർവേയാണ് പീപ്പിൾസ് പൾസിന്റേത്. 46 മുതൽ 50 വരെ സീറ്റുകളാണ് പ്രവചിച്ചിരിക്കുന്നത്. 23 മുതൽ 27 വരെ സീറ്റുകൾ ബിജെപിക്ക് ലഭിക്കുമെന്നും പീപ്പിൾസ് പൾസിന്റെ സർവേയിൽ പറയുന്നു. പിഡിപിയ്ക്ക് 11 സീറ്റുകൾ വരെ ലഭിക്കാനുള്ള സാധ്യതയും എക്സിറ്റ് പോൾ ചൂണ്ടിക്കാട്ടുന്നു. മറ്റുള്ളവർ 4 മുതൽ 6 വരെ സീറ്റും നേടും.
അതേസമയം, തൂക്കുമന്ത്രി സഭ പ്രവചിക്കുന്ന എക്സിറ്റ് പോൾ ഫലമാണ് റിപ്പബ്ലിക് ഗുലിസ്ഥാൻ ന്യൂസിന്റേത്. ബിജെപിയും നാഷണൽ കോണ്‍ഫറന്‍സ് 28 മുതൽ 30 വരെ സീറ്റുകൾ നേടുമെന്ന് എക്സിറ്റ് പോൾ പ്രവചിക്കുന്നു. പിഡിപി 5 മുതൽ 7 സീറ്റുകൾ വരെ നേടുമ്പോൾ കോൺഗ്രസ് 3 മുതൽ 6 സീറ്റ് വരെ നേടും. മറ്റുള്ളവർക്ക് 8 മുതൽ 16 സീറ്റ് വരെ ലഭിച്ചേക്കാമെന്നും റിപ്പബ്ലിക് ഗുലിസ്ഥാന്റെ എക്സിറ്റ് പോൾ പ്രവചിക്കുന്നു.