5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Wise Kiran Internship: മാസം 40,000 രൂപ വരെ നേടാം; വനിതകള്‍ക്കായി ഇതാ മികച്ച അവസരം

Wise Kiran Internship Application: കമ്പ്യൂട്ടറൈസ്ഡ് ഡേറ്റാബേസ് കൈകാര്യം ചെയ്യല്‍, കളക്ഷന്‍, കൊളേഷന്‍, അനാലിസിസ്, റിപ്പോര്‍ട്ട് പ്രിപ്പറേഷന്‍ തുടങ്ങിയവയിലുള്ള മികവ്, റിസര്‍ച്ച്, പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കല്‍ തുടങ്ങിയവയിലുള്ള പരിചയം, ഐപിആര്‍ സംബന്ധിച്ച അറിവ് തുടങ്ങിയവയും അപേക്ഷകര്‍ക്ക് ഉണ്ടായിരിക്കണം.

Wise Kiran Internship: മാസം 40,000 രൂപ വരെ നേടാം; വനിതകള്‍ക്കായി ഇതാ മികച്ച അവസരം
വൈസ് കിരണ്‍ ഇന്റേണ്‍ഷിപ്പ് പദ്ധതി Image Credit source: Social Media
shiji-mk
Shiji M K | Updated On: 30 Dec 2024 21:36 PM

കേന്ദ്ര ശാസ്ത്ര സാങ്കേതികവകുപ്പിന്റെ കീഴിലുള്ള വിമന്‍ ഇന്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ് നോളജ് ഇന്‍വോള്‍മെന്റ് ഇന്‍ റിസര്‍ച്ച് അഡ്വാന്‍സ്‌മെന്റ് ത്രൂ നര്‍ച്ചറിങ് വൈസ് കിരണ്‍വിഷന്‍; ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്‌സ് ഇന്റേണ്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്റേണ്‍ഷിപ്പ് പദ്ധതിക്കായി വനിതകള്‍ക്കാണ് അപേക്ഷിക്കാന്‍ സാധിക്കുക.

യോഗ്യത

സയന്‍സ്/എഞ്ചിനീയറിങ്/മെഡിസിന്‍/അനുബന്ധമേഖലകളില്‍ യോഗ്യതയുള്ളവരായിരിക്കണം അപേക്ഷകര്‍. അനുവദനീയമായ യോഗ്യതകളില്‍, ബേസിക്/അപ്ലൈഡ് സയന്‍സസില്‍ എംഎസ് സി/ബിടെക്/എംബിബിഎസ്/എംഫില്‍/എംടെക്/എംഫാര്‍മ/എംവിഎസ്സി/അല്ലെങ്കില്‍ ബേസിക്/അപ്ലൈഡ് സയന്‍സസില്‍ പിഎച്ച്.ഡി./തത്തുല്യയോഗ്യത തുടങ്ങിയവയും ഉള്‍പ്പെടുന്നതാണ്.

കമ്പ്യൂട്ടറൈസ്ഡ് ഡേറ്റാബേസ് കൈകാര്യം ചെയ്യല്‍, കളക്ഷന്‍, കൊളേഷന്‍, അനാലിസിസ്, റിപ്പോര്‍ട്ട് പ്രിപ്പറേഷന്‍ തുടങ്ങിയവയിലുള്ള മികവ്, റിസര്‍ച്ച്, പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കല്‍ തുടങ്ങിയവയിലുള്ള പരിചയം, ഐപിആര്‍ സംബന്ധിച്ച അറിവ് തുടങ്ങിയവയും അപേക്ഷകര്‍ക്ക് ഉണ്ടായിരിക്കണം.

സ്റ്റൈപ്പന്റ്

പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അവരുടെ യോഗ്യതയ്ക്ക് അനുസരിച്ചാണ് സ്‌റ്റൈപ്പന്റ് നല്‍കുക. ബേസിക്/അപ്ലൈഡ് സയന്‍സസില്‍ എംഎസ്സി, ബിടെക്/എംബിബിഎസ്/തത്തുല്യ ബിരുദം ഉള്ളവര്‍ക്ക് 30,000 രൂപയാണ് ലഭിക്കുക.

എംഫില്‍/എംടെക്/എം ഫാര്‍മ/എംവിഎസ്സി/തത്തുല്യ ബിരുദമുള്ളവര്‍ക്ക് 35,000 രൂപയും, ബേസിക്/അപ്ലൈഡ് സയന്‍സസില്‍ പിഎച്ച്ഡി/തത്തുല്യബിരുദം ഉള്ളവര്‍ക്ക് 40,000 രൂപയുമാണ് പ്രതിമാസം ലഭിക്കുക.

Also Read: New India Assurance Recruitment : ന്യൂ ഇന്ത്യ അഷ്വറന്‍സില്‍ അസിസ്റ്റന്റാകാം; സമയപരിധി അവസാനിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം; ബിരുദധാരികളെ സമയം കളയല്ലേ

തിരഞ്ഞെടുക്കല്‍ എങ്ങനെ?

രാജ്യമൊട്ടാകെ നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന അപേക്ഷകരെ ഓണ്‍ലൈന്‍ ടെസ്റ്റിന് വിളിക്കുന്നതാണ്. അനലറ്റിക്, സയന്റിഫിക്, ടെക്നിക്കല്‍ അഭിരുചികള്‍ വിലയിരുത്തുന്നതാണ് പരീക്ഷ. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമാണ് ഉണ്ടാവുക. ആകെ 120 മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍ ഉണ്ടായിരിക്കും.

എ സെക്ഷന്‍ ജനറലും ബി സെക്ഷന്‍ ടെക്നിക്കല്‍ സബ്ജക്ട് സെക്ഷനുമായിരിക്കും. എയില്‍ ജനറല്‍ ആപ്റ്റിറ്റിയൂഡ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, മെന്റല്‍ എബിലിറ്റി, ജനറല്‍ സയന്‍സ് ആന്‍ഡ് ജനറല്‍ അവേര്‍നസ്, ഐ.പി.ആര്‍., ഇംഗ്ലീഷ് ഭാഷ എന്നിവയിലെ ചോദ്യങ്ങള്‍ ഉണ്ടാകാനും, സെക്ഷന്‍ ബിയില്‍ ഏഴ് വ്യത്യസ്ത ടെക്നിക്കല്‍ സബ്ജക്ട് ഡൊമൈനുകളിലെ ചോദ്യങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.

അപേക്ഷ

പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള അവസരം ജനുവരി 15 വരെയാണ്. ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും www.tifac.org.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.