UPSC IFS Mains 2024: യുപിഎസ്‍സി ഇന്ത്യൻ ഫോറസ്റ്റ് സർവീസ് മെയിൻ പരീക്ഷ തിയതി എത്തി
UPSC IFS Mains 2024: ആദ്യ ഷിഫ്റ്റായ മോർണിങ് സെഷൻ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും ഷിഫ്റ്റ് 2 അല്ലെങ്കിൽ ഉച്ചകഴിഞ്ഞുള്ള സെഷൻ 2:30 മുതൽ 5:30 വരെയും നടക്കും
ന്യൂഡൽഹി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (IFS) മെയിൻ പരീക്ഷയുടെ തീയതികൾ പ്രഖ്യാപിച്ചു. പരീക്ഷാ ഷെഡ്യൂൾ UPSC യുടെ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in വഴി പരിശോധിക്കാം. നവംബർ 24, 25, 26, 27, 28, 29, 30, ഡിസംബർ 1, തീയതികളിലാണ് ഐഎഫ്എസ് മെയിൻ പരീക്ഷ നടക്കുക. എല്ലാ ദിവസവും രണ്ട് ഷിഫ്റ്റുകളിലായി നടത്തുന്ന രീതിയിലാണ് ഷെഡ്യൂൾ വന്നിട്ടുള്ളത്.
ആദ്യ ഷിഫ്റ്റായ മോർണിങ് സെഷൻ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും ഷിഫ്റ്റ് 2 അല്ലെങ്കിൽ ഉച്ചകഴിഞ്ഞുള്ള സെഷൻ 2:30 മുതൽ 5:30 വരെയും നടക്കും എന്നാണ് വിവരം. രാജ്യത്തെ വനങ്ങളുടെ ചിട്ടയായ പരിപാലനത്തിനായി ഇന്ത്യയിലെ ഫോറസ്റ്റ് സർവീസിലേക്ക് ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിനാണ് UPSC IFS പരീക്ഷ നടത്തുന്നത്.
ഇതിന്റെ ഭാഗമായി മൂന്ന് ഘട്ടങ്ങൾ ഉൾപ്പെടുന്നുണ്ട്- പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ, ഒരു അഭിമുഖ റൗണ്ട് എന്നിങ്ങനെയാണ് അത്. ജോലിയ്ക്കായി തിരഞ്ഞെടുക്കപ്പെടുന്നതിന് ഓരോ ഘട്ടത്തിലേക്കും യോഗ്യത നേടേണ്ടത് നിർബന്ധമാണ്. അതായത് പ്രിലിമിനറി പരീക്ഷ പാസായവർക്കാണ് മെയിൻസ് എഴുതാനാകൂ. ഇതിൽ വിജയിക്കുന്നവരെ അഭിമുഖത്തിലേക്ക് തിരഞ്ഞെടുക്കും. അഭിമുഖത്തിലും വിജയിക്കുന്നതിന്റെ അടിസ്ഥാനത്തിലാകും അന്തിമ യോഗ്യതാ ലിസ്റ്റ് പുറത്തിറക്കുക.
മെയിൻ പരീക്ഷയ്ക്ക് ആകെ ആറ് പേപ്പറുകളാണ് ഉള്ളത്. ഒന്നാം പേപ്പറിൽ ജനറൽ ഇംഗ്ലീഷിലും പേപ്പറിൽ രണ്ടിൽ പൊതുവിജ്ഞാന ചോദ്യങ്ങളുമുണ്ടാകും. അതേസമയം, 3, 4, 5, 6 എന്നീ പേപ്പറുകളിൽ രണ്ട് ഓപ്ഷണൽ വിഷയങ്ങളുടെ ചോദ്യങ്ങളാണ് ഉണ്ടാവുക. യുപിഎസ്‌സി ഐഎഫ്എസ് പേപ്പറുകളിൽ ഓരോന്നിനും 200 മാർക്ക് ആണ് ഉള്ളത്.
അഗ്രികൾച്ചർ, അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ്, മൃഗസംരക്ഷണം, വെറ്ററിനറി സയൻസ്, ബോട്ടണി, കെമിക്കൽ എഞ്ചിനീയറിംഗ്, സിവിൽ എഞ്ചിനീയറിംഗ്, ഫോറസ്ട്രി, മാത്തമാറ്റിക്സ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി, ജിയോളജി, കെമിസ്ട്രി എന്നിവയാണ് ഐഎഫ്എസ് മെയിൻ പരീക്ഷയ്ക്ക് ലഭ്യമായ ഓപ്ഷണൽ വിഷയങ്ങൾ.