UGC NET December 2024: യുജിസി നെറ്റ് പരീക്ഷ; എക്സാം സിറ്റി സ്ലിപ് പ്രസിദ്ധീകരിച്ചു, എങ്ങനെ ഡൗൺലോഡ് ചെയ്യാം?
UGC NET December 2024 Exam City Slip: യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് എൻടിഎയുടെ ഔദ്യോഗിക വെബ്‍സൈറ്റ് വഴി സിറ്റി ഇൻറ്റിമേഷൻ സ്ലിപ്പുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
യുജിസി നെറ്റ് ഡിസംബർ 2024 സെഷൻ പരീക്ഷയുടെ (UGC നേടി December 2024) എക്‌സാം സിറ്റി ഇന്റിമേഷൻ സ്ലിപ്പ് (exam city slips) പ്രസിദ്ധീകരിച്ചു. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ആണ് സ്ലിപ്പ് പുറത്തുവിട്ടത്. 2025 ജനുവരി 3 മുതൽ 16 വരെ നടക്കുന്ന പരീക്ഷകളുടെ സ്ലിപ്പാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. പരീക്ഷയ്ക്ക് അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് എൻടിഎയുടെ ഔദ്യോഗിക വെബ്‍സൈറ്റ് വഴി സിറ്റി ഇൻറ്റിമേഷൻ സ്ലിപ്പുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
സിറ്റി സ്ലിപ്പ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
- യുജിസി നെറ്റിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.ac.in സന്ദർശിക്കുക.
- ഹോം പേജിൽ കാണുന്ന ‘യുജിസി നെറ്റ് ഡിസംബർ 2024: സിറ്റി ഇൻറ്റിമേഷൻ സ്ലിപ്പ് ഔട്ട്’ എന്ന ലിങ്ക് തിരഞ്ഞെടുക്കുക.
- പുതിയൊരു പേജ് തുറന്നു വരും. തുടർന്ന്, യൂസർ ഐഡി, പാസ്‌വേഡ് എന്നിവ നൽകി ലോഗിൻ ചെയ്യാം.
- നിങ്ങളുടെ പരീക്ഷയുടെ സിറ്റി സ്ലിപ്പ് സ്ക്രീനിൽ ദൃശ്യമാകും.
- സ്ലിപ്പിൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ പരിശോധിച്ച ശേഷം, ഇത് ഡൗൺലോഡ് ചെയ്യാം.
വിദ്യാർഥികൾ സ്ലിപ്പിലെ എല്ലാ വിശദാംശങ്ങളും പരിശോധിച്ച ശേഷം, എന്തെങ്കിലും പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ പരീക്ഷാ അധികാരികളെ ഉടൻ തന്നെ അറിയിക്കണം. കൂടാതെ, സ്ലിപ്പ് ഡൗൺലോഡ് ചെയ്യുമ്പോൾ വിദ്യാർഥികൾ എന്തെങ്കിലും തടസ്സങ്ങൾ നേരിടുകയാണെങ്കിൽ, 011-40759000 എന്ന നമ്പറിലൂടെയോ ugcnet@nta.ac.in എന്ന ഇ-മെയിൽ വഴിയോ എൻടിഎയുമായി ബന്ധപ്പെടാം.
ALSO READ: യുജിസി നെറ്റ് ആണോ ലക്ഷ്യം? എങ്കിൽ ഈ മാർഗങ്ങൾ ഒന്ന് പ്രയോഗിച്ച് നോക്കൂ, വിജയം ഉറപ്പ്
യുജിസി നെറ്റ് ഡിസംബർ പരീക്ഷ
യുജിസി നെറ്റ് ഡിസംബർ 2024 പരീക്ഷ, ആദ്യം ജനുവരി ഒന്ന് മുതൽ 19 വരെയാണ് നടത്താൻ തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് മാറ്റിവയ്ക്കകുയായിരുന്നു. നിലവിൽ ജനുവരി മൂന്ന് മുതൽ 16 വരെയാണ് പരീക്ഷ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ആണ് ഇക്കാര്യം ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടത്.
85 വിഷയങ്ങളിൽ കമ്പ്യൂട്ടർ അധിഷ്‌ഠിത ടെസ്റ്റ് (CBT) ഫോർമാറ്റിൽ ആണ് പരീക്ഷ നടക്കുക. മൂന്ന് മണിക്കൂർ ദൈർഖ്യമുള്ള പരീക്ഷയിൽ രണ്ടു പേപ്പറുകളാണ് ഉണ്ടാവുക. ആദ്യത്തേതിൽ 100 മാർക്കിന്റെ 50 ചോദ്യങ്ങളും, രണ്ടമത്തേതിൽ 200 മാർക്കിന്റെ 100 ചോദ്യങ്ങളും ഉണ്ടാകും. ആപ്റ്റിട്യൂഡ്, ലോജിക്കൽ തിങ്കിങ്, റീസണിങ്, പൊതു അവബോധം തുടങ്ങിയ വിഷയങ്ങളാണ് പേപ്പർ ഒന്നിൽ ഉൾപ്പെടുന്നത്. വിദ്യാർഥികൾ തിരഞ്ഞെടുത്ത വിഷയത്തെ കുറിച്ചുള്ള ആഴത്തിലുള്ള അറിവ് പരിശോധിക്കുന്നതാണ് രണ്ടാമത്തെ പേപ്പർ.
പരീക്ഷ രണ്ടു ഷിഫ്റ്റുകളായാണ് നടക്കുക. ആദ്യ ഷിഫ്റ്റ് രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയും, രണ്ടാമത്തെ ഷിഫ്റ്റ് ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതൽ വൈകിട്ട് ആറ് മണി വരെയുമാണ്. മലയാളം, ഇംഗ്ലീഷ്, തമിഴ്, തെലുഗു, ഹിന്ദി, സംസ്‌കൃതം, എക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഫിലോസഫി, സൈക്കോളജി, സോഷ്യോളജി, മ്യൂസിക്, ആന്ത്രോപോളജി, കോമേഴ്‌സ്, ഫിസിക്കൽ എഡ്യൂക്കേഷൻ, സോഷ്യൽ വർക്ക്, പബ്ലിക് അഡ്മിനിസ്ട്രേഷൻ തുടങ്ങിയ വിഷയങ്ങളിൽ എൻടിഎ നെറ്റ് പരീക്ഷ നടത്തുന്നു.
നിശ്ചിത വിഷയങ്ങളിൽ ജെആർഎഫ് (ജൂനിയർ റിസർച്ച് ഫെലോഷിപ്പ്) ലഭിക്കാനും അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനും പിഎച്ച്ഡി പ്രവേശനത്തിനും അപേക്ഷിക്കാനുള്ള അർഹത നിർണയ പരീക്ഷയാണ് യുജിസി നെറ്റ്. യുജിസി നെറ്റ് ഡിസംബർ 2024 സെഷൻ പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഇതുവരെ എൻടിഎ പുറത്തു വിട്ടിട്ടില്ല.