ഉത്തരക്കടലാസ് മറ്റൊരുവിദ്യാർഥിയുടെ പേപ്പറിനൊപ്പം, കോപ്പിയടിക്കാരനായി ചിത്രീകരിക്കാനും ശ്രമം; ഒരു വർഷത്തെ പോരാട്ടം വിജയത്തിൽ ജോയൽ
ജോയൽ കോപ്പിയടിച്ചെന്നും പ്രചാരണമുണ്ടായി. ഇത് പഠനത്തിൽ മിടുക്കനായ ജോയലിന് ഏൽപ്പിച്ച മാനസികാഘാതം വളരെ വലുതായിരുന്നു.
സ്വന്തം പരീക്ഷാപേപ്പർ കണ്ടെത്തുന്നതിന് നിങ്ങൾക്ക് എപ്പോഴെങ്കിലും പരിശ്രമിക്കേണ്ടി വന്നിട്ടുണ്ടോ? എന്നാൽ ഇവിടെ ജോയൽ എന്ന വിദ്യാർത്ഥിയുടെ ഒരു വർഷത്തെ പരശ്രമ ഫലമാണ് വിജയിച്ചിരിക്കുന്നത്. എസ്എസ്എൽസി ഫിസിക്സ് പരീക്ഷാ പേപ്പർ കണ്ടെത്താനുള്ള കൊല്ലം ഗവ. മോഡൽ സ്കൂൾ വിദ്യാർത്ഥി ജോയലിന്റെ ഒരുവർഷമായുള്ള പോരാട്ടം ഫലംകണ്ടിരിക്കുന്നത്.
ജോയലിൻ്റെ കാണാതെ പോയ ഉത്തരക്കടലാസ് കണ്ടെത്തിയത് മറ്റൊരു വിദ്യാർത്ഥിയുടെ പേപ്പറിൻ്റെ കൂടെ കുത്തിക്കെട്ടിയ നിലയിൽ. പരീക്ഷാ കമ്മിഷണറുടെ ഓഫീസിൽ നിന്നാണ് ഇതുസബന്ധിച്ച് അറിയിപ്പെത്തിയത്. നഷ്ടമായ പേപ്പറിൽ 13 മാർക്കിനുള്ള ഉത്തരങ്ങളാണ് ഉണ്ടായിരുന്നത്.
2023 മാർച്ച് 24-നായിരുന്നു പത്താംക്ലാസിൻ്റെ ഫിസിക്സ് പരീക്ഷ. നാല് ഷീറ്റുകളിലായാണ് ജോയൽ പരീക്ഷയെഴുതിയത്. എന്നാൽ അപ്രതീക്ഷിതമായി വീശിയ കാറ്റിൽ രണ്ട് ഷീറ്റ് പറന്ന്, വീണത് അടുത്തിരുന്ന കുട്ടിയുടെ അരികിൽ. പീന്നീട് ജോയലിൻ്റെ ശ്രദ്ധയിൽപ്പെട്ട പേപ്പറെടുത്ത് ക്ലാസിലുണ്ടായിരുന്ന അധ്യാപികയെ ഏൽപ്പിച്ചു.
അവർ അതുമായി പ്രധാന അധ്യാപികയെ കാണുകയും പരീക്ഷാപേപ്പർ എല്ലാം ഭദ്രമായി ഏൽപ്പിച്ചിട്ടുണ്ടെന്ന് പിന്നീട് ജോയലിെന അറിയിക്കുകയും ചെയ്തു. ഫിസിക്സിന് ഉയർന്ന മാർക്ക് പ്രതീക്ഷിച്ചിരുന്ന ജോയലിനാകടെ ഫലം വന്നപ്പോൾ ആകെ ലഭിച്ചത് 22 മാർക്ക്.
ALSO READ: നീറ്റ് അത്ര നീറ്റായില്ല; വോട്ടെണ്ണലില്‍ ഒളിച്ച് കടത്തിയത് എന്തിന്?
മോഡൽ സ്കൂളിൽ തന്നെ തുടർപഠനം ആഗ്രഹിച്ചെങ്കിലും അവിടെ പ്രവേശനം ലഭിച്ചില്ല. ഇതിനിടെ ജോയൽ കോപ്പിയടിച്ചെന്നും പ്രചാരണമുണ്ടായി. ഇത് പഠനത്തിൽ മിടുക്കനായ ജോയലിന് ഏൽപ്പിച്ച മാനസികാഘാതം വളരെ വലുതായിരുന്നു. ഇനി പഠിക്കാൻ പോകുന്നില്ലെന്ന് വരെ തീരുമാനിക്കേണ്ട അവസ്ഥയിലെത്തി.
കൗൺസലിങ്ങും രക്ഷിതാക്കളുടെ നിർബന്ധവുംകൊണ്ട് അവസാനം ജോയൽ നീരാവിൽ സ്കൂളിൽ പ്ലസ് വൺ ക്ലാസിന് പോയിത്തുടങ്ങി. ജോയലിന്റെ പരീക്ഷാപേപ്പർ നഷ്ടമായെന്ന തിരിച്ചറിഞ്ഞ അച്ഛൻ ആന്റണി വിദ്യാഭ്യാസമന്ത്രിക്കും ഉദ്യോഗസ്ഥർക്കും പലതവണ പരാതി നൽകുകയും ചെയ്തു. ബാലാവകാശ കമ്മിഷനിലും ശിശുക്ഷേമസമിതിയിലും ഹിയറിങ്ങുകൾ പലതും നടന്നു.
ഇതിൻ്റെ എല്ലാം ഫലമായി പരീക്ഷാപേപ്പറിന്റെയും മറ്റും പകർപ്പെടുത്തപ്പോൾ അഡീഷണൽ ഷീറ്റ് നഷ്ടമായതായി അധികൃതർ കണ്ടെത്തി. പിന്നീട് നടത്തിയ പരിശോധനയിലാണ് പരീക്ഷാപേപ്പർ മറ്റൊരു കുട്ടിയുടെ പേപ്പറിനൊപ്പം കണ്ടെത്തിയത്. അങ്ങനെ വിടാൻ ജോയലിൻ്റെ അച്ഛൻ ആൻ്റണി തയ്യാറല്ല. ഉത്തരവാദികൾക്കെതിരേ നിയമനടപടി സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം.
അതേസമയം ജോയലിന് ഫിസിക്സിന് ഇത്രയും മാർക്കുകൂടി നൽകാനും നിർദേശമുണ്ട്. മാർക്ക് കുറഞ്ഞതിനെതിരേ പരാതിപ്പെട്ട ജോയലിനെ കോപ്പിയടിക്കാരനായി ചിത്രീകരിക്കാനും ശ്രമമുണ്ടായിരുന്നു. ഉത്തരക്കടലാസ് അശ്രദ്ധമായി കൈകാര്യം ചെയ്തതിന് ഇൻവിജിലേറ്റർ, ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് എന്നിവർക്കെതിരേ നടപടിയെടുക്കണമെന്നും പരീക്ഷാ കമ്മിഷണർ പറഞ്ഞു.