PM Vidyalaxmi Scheme: ഉന്നതവിദ്യാഭ്യാസത്തിന് ഈടില്ലാതെ വായ്പ, 22 ലക്ഷം വിദ്യാർഥികൾക്ക് ​ഗുണകരം; എന്താണ് ‘പിഎം വിദ്യാലക്ഷ്മി’ പദ്ധതി?

PM Vidya Lakshmi Scheme 2024: ഉന്നത വിദ്യാഭ്യാസത്തിന് സാമ്പത്തിക ഞെരുക്കം നേരിടുന്ന വിദ്യാർത്ഥികൾക്ക് ഇനി ഈടില്ലാതെ 10 ലക്ഷം രൂപ വരെ ഈ പദ്ധതിയിലൂടെ ലഭിക്കും. 2024 മുതൽ 2031 വരെയുള്ള കാലയളവിൽ വിദ്യാലക്ഷ്മി പദ്ധതിക്കായി 3600 കോടി രൂപയോളം നീക്കിവെച്ചിട്ടുള്ളതായാണ് റിപ്പോർട്ടുകൾ.

PM Vidyalaxmi Scheme: ഉന്നതവിദ്യാഭ്യാസത്തിന് ഈടില്ലാതെ വായ്പ, 22 ലക്ഷം വിദ്യാർഥികൾക്ക് ​ഗുണകരം; എന്താണ് പിഎം വിദ്യാലക്ഷ്മി പദ്ധതി?
Published: 

08 Nov 2024 14:47 PM

ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിദ്യാർത്ഥികൾക്ക് ഏറെ ആശ്വാസമാണ് പ്രധാനമന്ത്രിയുടെ വിദ്യാ ലക്ഷ്മി പദ്ധതി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് ഈടില്ലാതെ വായ്പ ഉറപ്പാക്കുന്ന പ്രധാനമന്ത്രി വിദ്യാലക്ഷ്മി പദ്ധതിക്കാണ് കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. ട്യൂഷൻ ഫീസുൾപ്പെടെ കോഴ്സുമായി ബന്ധപ്പെട്ട മുഴുവൻ ചെലവുകൾക്കുമായാണ് വിദ്യാർത്ഥികൾക്ക് വായ്പ അനുവദിക്കുക. ഉന്നത വിദ്യാഭ്യാസത്തിന് സാമ്പത്തിക ഞെരുക്കം നേരിടുന്ന വിദ്യാർത്ഥികൾക്ക് ഇനി ഈടില്ലാതെ 10 ലക്ഷം രൂപ വരെ ഈ പദ്ധതിയിലൂടെ ലഭിക്കും.

ക്വാളിറ്റി ഹയർ എഡ്യൂക്കേഷൻ സ്ഥാപനങ്ങളിൽ (QHEIs) പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കാണ് ഈ ആനൂകൂല്യം ലഭിക്കുക. 2024 മുതൽ 2031 വരെയുള്ള കാലയളവിൽ വിദ്യാലക്ഷ്മി പദ്ധതിക്കായി 3600 കോടി രൂപയോളം നീക്കിവെച്ചിട്ടുള്ളതായാണ് റിപ്പോർട്ടുകൾ. ടെക്‌നിക്കൽ അല്ലെങ്കിൽ പ്രൊഫഷനൽ കോഴ്‌സുകൾ എന്നതിലുപരി എല്ലാ കോഴ്‌സിലും ചേരുന്ന വിദ്യാർത്ഥികൾക്കും ഈ പദ്ധതി ​ഗുണകരമാണ്. കൂടാതെ ഓരോ വർഷവും എൻഐആർഎഫിന്റെ റാങ്കിങ്ങും ഉണ്ടാവുന്നതാണ്. യുവശക്തിയെ ശാക്തീകരിക്കുന്നതിനും രാജ്യത്തിന്റെ ശോഭനമായ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണിതെന്നും നരേന്ദ്ര മോദി പദ്ധതിയെക്കുറിച്ച് പറഞ്ഞത്.

വിദ്യാലക്ഷ്മി പദ്ധതിക്ക് ആർക്കെല്ലാം അപേക്ഷിക്കാം?

എൻഐആർഎഫ് റാങ്കിംഗിനെ അടിസ്ഥാനമാക്കി ഇന്ത്യയിലെ ഉയർന്ന നിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ (HEIs) വിദ്യാഭ്യാസത്തിന് അർഹത നേടുന്ന വിദ്യാർത്ഥികൾക്കാണ് ഈ പദ്ധതി ലഭ്യമാകുക. എൻഐആർഎഫ് റാങ്കിംഗിൽ 100നുള്ളിൽ സ്ഥാനം നേടിയ എല്ലാ സർക്കാർ-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉൾപ്പെടുന്നു. 101 മുതൽ 200 വരെയുള്ള റാങ്കിങ്ങിൽ ഉൾപ്പെട്ട സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്കും ഇത് അർഹമാണ്. കൂടാതെ എല്ലാ കേന്ദ്ര സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതിൽ ഉൾപ്പെടും.

അതേസമയം ഏറ്റവും പുതിയ എൻഐആർഎഫ് റാങ്കിംഗുകൾ അനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക വർഷം തോറും പുതുക്കുന്നതാണ്. എൻഐആർഎഫ് ‘ഓവറോൾ’ പട്ടികയ്ക്കു പുറമേ വിഭാഗം തിരിച്ചും (ഉദാ: കോളജ്, സർവകലാശാല) മേഖല തിരിച്ചുമുള്ള (ഉദാ: എൻജിനീയറിങ്, മെഡിക്കൽ) റാങ്കിങ്ങും ഇതിനായി പരിഗണിക്കുന്നതാണ്. ഇത്തരത്തിൽ ഇക്കൊല്ലം 860 സ്ഥാപനങ്ങളാണ് പദ്ധതിയുടെ പരിധിയിൽ വരുക. ഇതിൽ 657 എണ്ണം സർക്കാർ സ്ഥാപനങ്ങളും 203 എണ്ണം സ്വകാര്യ സ്ഥാപനങ്ങളുമാണ്. അതിനാൽ 22 ലക്ഷം വിദ്യാർഥികൾ പദ്ധതിയുടെ പരിധിയിൽ വന്നേക്കും.

ഈ പദ്ധതിക്ക് അർഹമായിട്ടുള്ള വിദ്യാർത്ഥികളുടെ കുടുംബത്തിൻ്റെ വാർഷിക വരുമാനം എട്ടു ലക്ഷം രൂപ വരെയായിരിക്കണം. 10 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് പദ്ധതിക്ക് കീഴിൽ മൂന്ന് ശതമാനം പലിശ ഇളവാണ് ലഭിക്കുക. പദ്ധതിക്കു കീഴിൽ 7.5 ലക്ഷം രൂപ വരെ വായ്പയെടുക്കുന്ന വിദ്യാർഥികൾക്ക് 75 ശതമാനം വരെ ക്രെഡിറ്റ് ഗ്യാരന്റി ലഭ്യമാകുന്നതാണ്. അതേസമയം മികച്ച വിദ്യാർത്ഥികൾക്കാണ് പദ്ധതിക്ക് കീഴിൽ സാമ്പത്തിക സഹായം ലഭിക്കുക.

അപേക്ഷിക്കേണ്ടത് എങ്ങനെ?

മാസങ്ങൾക്കകം തന്നെ പോർട്ടൽ നിലവിൽ വരുന്നതാണ്. എന്നാൽ, അതിനു മുൻപു തന്നെ ഇതിന്റെ ഗുണഫലം വായ്പ തേടുന്നവർക്ക് ലഭിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിലെ വൃത്തങ്ങൾ പറയുന്നത്. ഇതിനായി ഒരു സ്ട്രീംലൈൻ ആപ്ലിക്കേഷൻ പ്രക്രിയയിലൂടെ അപേക്ഷിക്കാവുന്നതാണ്. അർഹമായ വിദ്യാർത്ഥികൾക്ക് പലിശ ഇളവിനു തുല്യമായ തുക ഇ–വൗച്ചർ അല്ലെങ്കിൽ റിസർവ് ബാങ്ക് ഡിജിറ്റൽ കറൻസി ആയിട്ടായിരിക്കും നൽകുക.

  • അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ ആദ്യം വിദ്യാ ലക്ഷ്മി പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും ലോഗിൻ ചെയ്യുകയും വേണം.
  • ആവശ്യമായ എല്ലാ വിശദാംശങ്ങളും നൽകി കോമൺ എജ്യുക്കേഷൻ ലോൺ അപേക്ഷാ ഫോം (CELAF) പൂരിപ്പിക്കുക.
  • ഫോം പൂരിപ്പിച്ചതിന് ശേഷം, വിദ്യാഭ്യാസ ലോൺ തിരഞ്ഞെടുക്കാം. കൂടാതെ അതിനായി യോഗ്യതയും സൗകര്യവും അനുസരിച്ച് അപേക്ഷിക്കുകയും ചെയ്യാം.

പിഎം വിദ്യാലക്ഷ്മി എന്ന പോർട്ടലിലൂടെ മാത്രമെ വിദ്യാർത്ഥികൾക്ക് വായ്പയ്ക്കും പലിശ ഇളവിനും അപേക്ഷിക്കാൻ സാധിക്കൂ. പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്ന സർക്കാർ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് മുൻഗണന നൽകുന്ന പദ്ധതി പ്രതിവർഷം ഒരു ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിശദവിവരങ്ങൾക്ക് https://www.vidyalakshmi.co.in/Students/index എന്ന വൈബ്സൈറ്റ് സന്ദർശിക്കുക.

 

 

ദിവസവും ഓരോ ആപ്പിൾ കഴിക്കാം; ഗുണങ്ങൾ ഏറെ
മുഖക്കുരു മാറാൻ ഐസ് മാത്രം മതി
സർവ്വനാശം ഫലം; വീട്ടിൽ കസേര ഇടുമ്പോൾ എണ്ണം കൃത്യമാക്കാം
വ്യായാമമില്ലെങ്കിലും തടികുറയും, ചെയ്യേണ്ടത് ഇത്രമാത്രം