PM Internship Scheme: കാലം മാറി, ജോലി വേണോ? എങ്കിൽ ‘സ്കിൽ’ മുഖ്യം ബിഗിലേ; അവസരവുമായി പിഎം ഇന്റേൺഷിപ്പ് പദ്ധതി
PM Internship Scheme 2024: അപേക്ഷകരുടെ പ്രൊഫൈൽ, താത്പര്യം, യോഗ്യത എന്നിവ അടിസ്ഥാനമാക്കി ഓരോ ഇന്റേണ്‍ഷിപ്പ് സ്ഥാനത്തേക്കുമുള്ളവരുടെ പട്ടിക തയ്യാറാക്കും. ഈ പട്ടികയില്‍ നിന്ന് കമ്പനികള്‍ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുത്ത് ഓഫര്‍ ലെറ്റര്‍ നല്‍കുകയാണ് ചെയ്യുന്നത്.
ന്യൂഡൽഹി: യുവജനങ്ങളുടെ നെെപുണ്യം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ അവതിരിപ്പിച്ച പ്രധാനമന്ത്രി ഇന്റേൺഷിപ്പ് പദ്ധതിക്ക് മികച്ച പ്രതികരണം. വിപ്രോ, അദാനി ഗ്രൂപ്പ്, പെപ്സികോ, സാംസംഗ്, ഹിന്ദുസ്ഥാൻ യൂണിലിവർ ഉൾപ്പെടെ രാജ്യത്തെ മുൻനിര കമ്പനികൾ ഏകദേശം 13,000 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ ബജറ്റിലാണ് 5 വർഷത്തിനുള്ളിൽ 10 ദശലക്ഷം യുവജനങ്ങളെ രാജ്യത്തെ മുൻനിര കമ്പനികളിൽ വൈദഗ്ധ്യം നേടാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതി പ്രഖ്യാപിച്ചത്.
എണ്ണ, ഊർജ്ജം, ബാങ്കിംഗ്, ബിസിനസ്, ഹോസ്പ്പിറ്റാലിറ്റി തുടങ്ങിയ വിവിധ മേഖലകളിൽ ഇന്റേൺഷിപ്പിനായി യുവാക്കൾക്ക് അപേക്ഷിക്കാം. pminternship.mca.gov.in വെബ്സെെറ്റ് വഴി യുവാക്കൾക്ക് ഇന്റേൺഷിപ്പിനായി ആപ്ലിക്കേഷൻ നൽകാം. കമ്പനികൾ നിശ്ചയിച്ചിട്ടുള്ള യോഗ്യതാ മാനദണ്ഡം പ്രകാരം ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്ന പ്രക്രിയ ഒക്ടോബർ 27 മുതൽ നവംബർ 7 വരെ നീണ്ടുനിൽക്കും. നവംബർ 8 നും 15 നും ഇടയിൽ കമ്പനികൾ ഇന്റേൺഷിപ്പിനായുള്ള ഓഫർ ലെറ്ററുകൾ അയക്കും. ഡിസംബർ 2-നാണ് ആദ്യ ബാച്ച് ഇന്റേണുകളായി രാജ്യത്തെ മുൻനിര കമ്പനികളിൽ ജോലിയിൽ പ്രവേശിക്കുക. കമ്പനികൾ നേരിട്ടല്ല ഉദ്യോഗാർത്ഥികളെ ഇന്റേൺഷിപ്പിനായി തിരഞ്ഞെടുക്കുന്നത്. കേന്ദ്രസർക്കാറിന്റെ പാനലായിരിക്കും കമ്പനികൾക്ക് അപേക്ഷകൾ കെെമാറുന്നത്.
പിഎം ഇൻ്റേൺഷിപ്പ് സ്കീം 2024
യുവാക്കൾക്ക് 12 മാസത്തേക്ക് മികച്ച തൊഴിൽ നെെപുണ്യം ഉറപ്പുവരുത്താൻ രാജ്യത്തെ മികച്ച 500 കമ്പനികളാണ് ഇന്റേൺഷിപ്പിനുള്ള അവസരം ഒരുക്കുന്നത്.
അപേക്ഷകർ അവരുടെ ബാങ്ക് അക്കൗണ്ടുമായി ആധാർ കാർഡ് ബന്ധിപ്പിച്ചിരിക്കണം.
ഇന്റേൺഷിപ്പ് കാലയളവിൽ കമ്പനികൾ 5000 രൂപ സ്റ്റെെപ്പന്റായി നൽകും. ഒറ്റത്തവണ ഗ്രാന്റായി കേന്ദ്രസർക്കാരും 6,000 രൂപ നൽകും.
പരിശീലന കാലാവധി പൂർത്തിയാക്കുന്നവർക്ക് കമ്പനികൾ സർട്ടിഫിക്കറ്റുകൾ നൽകും.
ഇന്റേൺഷിപ്പ് പൂർത്തിയാക്കുന്നവർക്ക് കമ്പനികൾ യോഗ്യതയുടെ അടിസ്ഥാനത്തിൽ ജോലിയിലേക്ക് തിരഞ്ഞെടുക്കും.
യോഗ്യതാ മാനദണ്ഡം
- 21 വയസ് പൂർത്തിയായ ഇന്ത്യൻ പൗരന് ഇന്റേൺഷിപ്പിനായി അപേക്ഷിക്കാം.പ്രായപരിധി 24 വയസ്
- ബിരുദമോ ഡിപ്ലോമയോ നിർബന്ധം
- കുടുംബത്തിന്റെ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കവിഴയരുത്.
- അപേക്ഷകൻ തൊഴിൽരഹിതനായിരിക്കണം. ഫുൾടെെം/ പാർട്ട്ടെെം ജോലി ചെയ്യാൻ പാടില്ല.
- ഐഐടി, ഐഐഎം, നുവാൽസ് മുതലായ സ്ഥാപനങ്ങളിൽ പഠിച്ചവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല.
ആവശ്യമായ സർട്ടിഫിക്കറ്റുകൾ
ആധാർ കാർഡ്
ഡൊമിസൈൽ സർട്ടിഫിക്കറ്റ്
ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന മൊബെെൽ നമ്പർ
പാസ്പോർട്ട് സൈസ് ഫോട്ടോ
വിദ്യാഭ്യാസ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ
ഇമെയിൽ ഐഡി
വിലാസം തെളിയിക്കുന്ന രേഖ
എങ്ങനെ അപേക്ഷിക്കാം
https://pminternship.mca.gov.in എന്ന വെബ്സെെറ്റിലെ രജിസ്റ്റർ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഓപ്പണായി വരുന്ന ടാബിൽ ആവശ്യപ്പെട്ടിക്കുന്ന വിശദാംശങ്ങൾ ഉൾപ്പെടുത്തി ഫോം ഫിൽ ചെയ്യുക. ആവശ്യമായ രേഖകൾ സഹിതം അപ്ലോഡ് ചെയ്തതിന് ശേഷം രജിസ്റ്റർ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
എങ്ങനെ ലോഗിൻ ചെയ്യാം
https://pminternship.mca.gov.in വെബ്സൈറ്റിലെ ലോഗിൻ ഓപ്ഷൻ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ യൂസർ നെയിമും പാസ്‌വേഡും നൽകിയതിന് ശേഷം ലോഗിൻ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക്
ഹെൽപ്പ് ലൈൻ നമ്പർ: 1800 11 6090
ഇമെയിൽ: pminternship[at]mca.gov.in