ആനപാപ്പാനാവാൻ അവസരം; ഒറ്റദിവസത്തെ കോഴ്‌സിൽ യോഗ്യതാസർട്ടിഫിക്കറ്റ് | One Day Certificate Course to become Elephant Mahout, know How to Apply Malayalam news - Malayalam Tv9

Elephant Mahout: ആനപാപ്പാനാവാൻ അവസരം; ഒറ്റദിവസത്തെ കോഴ്‌സിൽ യോഗ്യതാസർട്ടിഫിക്കറ്റ്

Elephant Mahout Course: പാലക്കാട് ജില്ലയിലെ കോഴ്‌സ് ഒലവക്കോട് വനം ഡിവിഷൻ ആസ്ഥാനത്ത് 22-നും തൃശ്ശൂരിലേത് 23-നും നടത്തുമെന്നാണ് അറിയിപ്പ്. നിലവിൽ ആനകളുടെ കൈവശക്കാർക്കും പാപ്പാനായി പരിചയസമ്പത്തുണ്ടെന്നു നിശ്ചിതഫോറത്തിൽ സാക്ഷ്യപത്രം നൽകുന്നവർക്കും കോഴ്‌സിൽ പങ്കെടുക്കാനാകും.

Elephant Mahout: ആനപാപ്പാനാവാൻ അവസരം; ഒറ്റദിവസത്തെ കോഴ്‌സിൽ യോഗ്യതാസർട്ടിഫിക്കറ്റ്

Represental Image (Credits: Social Media)

Published: 

17 Oct 2024 10:29 AM

പാലക്കാട്: ആനപാപ്പാനാവാൻ ഇതാ സുവർണ്ണാവസരം. ആനയുടമസ്ഥൻ നൽകുന്ന സാക്ഷ്യപത്രവുമായി ഒറ്റദിവസത്തെ പരിശീലന കോഴ്‌സിൽ പങ്കെടുത്താൽ ആനപാപ്പാന്മാർക്ക് പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നിങ്ങളുടെ കൈയ്യിലെത്തും. വനംവകുപ്പിന്റെ സാമൂഹിക വനവത്കരണ വിഭാഗമാണ് ഈ കോഴ്‌സ് സംഘടിപ്പിക്കുന്നത്. ഇതിൽ പങ്കെടുക്കുന്നവർക്കാണ് പാപ്പാന്മാരാവുന്നതിനുള്ള സർട്ടിഫിക്കറ്റ് ലഭിക്കുന്നത്.

പാലക്കാട്, തൃശ്ശൂർ ജില്ലകളിലാണ് പാപ്പാന്മാർക്കായുള്ള ഏകദിന കോഴ്‌സ് നടക്കുക. പാലക്കാട് ജില്ലയിലെ കോഴ്‌സ് ഒലവക്കോട് വനം ഡിവിഷൻ ആസ്ഥാനത്ത് 22-നും തൃശ്ശൂരിലേത് 23-നും നടത്തുമെന്നാണ് അറിയിപ്പ്. നിലവിൽ ആനകളുടെ കൈവശക്കാർക്കും പാപ്പാനായി പരിചയസമ്പത്തുണ്ടെന്നു നിശ്ചിതഫോറത്തിൽ സാക്ഷ്യപത്രം നൽകുന്നവർക്കും കോഴ്‌സിൽ പങ്കെടുക്കാനാകും.

ഇതുകൂടാതെ ആധാർ കാർഡിന്റെ പകർപ്പ്, ഫോട്ടോ, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് എന്നിവയുമായെത്തി രജിസ്റ്റർ ചെയ്യുകയും വേണം. 2003-ലെ നാട്ടാനപരിപാലനചട്ടത്തിലെ വ്യവസ്ഥപ്രകാരം ആനയെ പരിപാലിക്കുന്നവർക്ക് വനംവകുപ്പിന്റെ യോഗ്യതാസർട്ടിഫിക്കറ്റ് നിർബന്ധമായ രേഖയാണ്.

എന്നാൽ കേന്ദ്രസർക്കാർ പുറത്തിറക്കിയ മാനദണ്ഡം അനുസരിച്ച് അഞ്ചുവർഷം ആനപരിപാലനരംഗത്തുള്ളവർക്കു മാത്രമേ പാപ്പാന്മാർക്കുള്ള കോഴ്‌സിൽ പങ്കെടുക്കാനാവൂ. കോട്ടൂർ, കോടനാട്, കോന്നി എന്നീ നാട്ടാന പരിശീലനകേന്ദ്രങ്ങളിൽ മൂന്നുവർഷം ആനപരിപാലനരംഗത്തുള്ളവർക്കും പങ്കെടുക്കാവുന്നതാണ്. ഇക്കാലയളവിൽ ആറുദിവസം വീതമുള്ള മൂന്നു പരിശീലനപരിപാടികളിൽ പങ്കെടുത്തിരിക്കണമെന്നതാണ് വ്യവസ്ഥ.

ഏകദിന സർട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്ന വിവരം ആനയുടമസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും അവരുടെ സാക്ഷ്യപത്രം അടിസ്ഥാനമാക്കിയാണ് പ്രവേശനമെന്നും വനംവകുപ്പ് സാമൂഹിക വനവത്കരണവിഭാഗം അധികൃതർ അറിയിച്ചു. പാപ്പാന്മാരുടെ യോഗ്യതാസർട്ടിഫിക്കറ്റ് ലഭിക്കുന്നവർക്ക് സർക്കാരിലും ദേവസ്വം ബോർഡുകളിലും ഒഴിവു വരുന്ന തസ്തികകളിലേക്ക് അപേക്ഷിക്കുകയും ചെയ്യാം. പാപ്പാന്മാർക്ക് സർക്കാർ ഇൻഷുറൻസ് പരിരക്ഷയുമുണ്ട്.

എന്നാൽ പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ ഏകദിന കോഴ്‌സ് നടക്കാനിരിക്കേ മൃഗാവകാശസംഘടനയുടെ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ശാസ്ത്രീയ പരിശീലനം ലഭിച്ചെന്ന് ഉറപ്പാക്കാതെ ആനകളെ നിയന്ത്രിക്കുന്നതിനുള്ള യോഗ്യതാസർട്ടിഫിക്കറ്റ് നൽകുന്നത് ആനയ്ക്കുപുറമേ പാപ്പാന്മാർക്കും ജനങ്ങൾക്കും സുരക്ഷാഭീഷണി ഉയർത്തുന്നതാണെന്നാണ് പരാതിയിൽ പറയുന്നത്.

ഇതു സംബന്ധിച്ച് ഹെറിറ്റേജ് ആനിമൽ ടാസ്‌ക് ഫോഴ്‌സ് സെക്രട്ടറി വി കെ വെങ്കിടാചലത്തിന്റെ നേതൃത്വത്തിൽ വനംവകുപ്പിന് പരാതി നൽകിയിട്ടുണ്ട്. ആനപാപ്പാൻ യോഗ്യതാ സർട്ടിഫിക്കറ്റ് നൽകുന്നതിനു വനംവകുപ്പ് വ്യക്തമായ മാനദണ്ഡമിറക്കുകയും പൊതുജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തുകയും ചെയ്യണമെന്നുമാണ് ആവശ്യങ്ങൾ ഉയരുന്നത്.

 

പീനട്ട് ബട്ടർ കഴിക്കുന്നത് നല്ലതോ? ഗുണങ്ങൾ അറിഞ്ഞിരിക്കണം
സ്കിൻ വെട്ടിത്തിളങ്ങാൻ ഈ ജ്യൂസുകൾ ശീലമാക്കൂ
ഇനി ചർമം കണ്ടാൽ പ്രായം തോന്നില്ല; ഈ രീതികൾ പിന്തുടരാം
14 വർഷത്തെ ഓസീസ് കുതിപ്പ് അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ