Health Department Jobs : ആരോഗ്യവകുപ്പില്‍ 44 തസ്തികകള്‍ സൃഷ്ടിക്കും, തീരുമാനിച്ച് സര്‍ക്കാര്‍; ഉദ്യോഗാര്‍ത്ഥികള്‍ക്ക് സന്തോഷവാര്‍ത്ത
Kerla Government Jobs : ആരോഗ്യവകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളില്‍ വിവിധ ജില്ലകളിലായി 30 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2 തസ്തികകളും, ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിനു കീഴിലെ കോന്നി ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയില്‍ 14 അധിക തസ്തികകളും സൃഷ്ടിക്കും
തിരുവനന്തപുരം: ആരോഗ്യ വകുപ്പിൽ 44 തസ്തികകൾ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. ആരോഗ്യവകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളില്‍ വിവിധ ജില്ലകളിലായി 30 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2 തസ്തികകളും, ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിനു കീഴിലെ കോന്നി ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയില്‍ 14 അധിക തസ്തികകളും സൃഷ്ടിക്കും.
ഏരിയാ ഇന്‍സെന്റീവ് പ്രോഗ്രാം പ്രകാരം ആരംഭിച്ച വയനാട്, പനമരം, ക്രസന്റ് പബ്ലിക്ക് സ്‌കൂളില്‍ രണ്ട് എല്‍.പി. സ്‌കൂള്‍ അസിസ്റ്റന്റ് തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനമായി.
കഴിഞ്ഞ മന്ത്രിസഭായോഗത്തിലും ഉദ്യോഗാര്‍ത്ഥികളെ സംബന്ധിച്ച് സുപ്രധാന പ്രഖ്യാപനം ഉണ്ടായിരുന്നു. നാലാം ഭരണപരിഷ്ക്കാര കമ്മീഷന്‍റെ ശുപാര്‍ശകള്‍ പരിശോധിക്കാന്‍ നിയോഗിച്ച ചീഫ് സെക്രട്ടറി അധ്യക്ഷയായ സെക്രട്ടറിതല സമിതിയുടെ ശുപാര്‍ശകള്‍ ഭേദഗതികളോടെ കഴിഞ്ഞ മന്ത്രിസഭായോഗം അംഗീകരിച്ചിരുന്നു. പെന്‍ഷന്‍ പ്രായം 60 ആയി ഉയര്‍ത്തണമെന്ന ശുപാര്‍ശ അംഗീകരിക്കേണ്ടതില്ലെന്ന തീരുമാനമായിരുന്നു ഉദ്യോഗാര്‍ത്ഥികളെ സംബന്ധിച്ച് ഇതില്‍ ഏറെ പ്രധാനപ്പെട്ടത്.
നിയമനാധികാരികള്‍ എല്ലാ വര്‍ഷവും ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നതായിരുന്നു മറ്റൊരു പ്രധാന നിര്‍ദ്ദേശം. റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകള്‍ റദ്ദു ചെയ്യാന്‍ പാടില്ല. തസ്തികകള്‍ ഒഴിവു വരുന്ന ദിവസം പ്രധാനമായി പരിഗണിക്കണം. റാങ്ക് ലിസ്റ്റ് നിലവിലുള്ള തസ്തികകളില്‍ എംപ്ലോയ്മെന്‍റ് നിയമനം പാടില്ലെന്നും മന്ത്രിസഭ വ്യക്തമാക്കിയിരുന്നു.
ALSO READ: കേരള പോലീസിൽ കോൺസ്റ്റബിൾ ഡ്രൈവർ വിജ്ഞ്യാപനം; അപേക്ഷിക്കേണ്ടത് ഇങ്ങനെ
ഓരോ തസ്തികകളിലെയും ഒഴിവുകള്‍ സ്പാര്‍ക്ക് മുഖേന ലഭ്യമാക്കണം. പെന്‍ഷന്‍ പറ്റുന്ന ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ ലഘൂകരിക്കാനും തീരുമാനമായിരുന്നു. ബൈ ട്രാന്‍സ്ഫര്‍ മുഖേനയുള്ള എല്ലാ നിയമനങ്ങളും പിഎസ്സി നടത്തുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു.
ഈ റാങ്ക് ലിസ്റ്റിന്‍റെ കാലാവധി, തസ്തികയിലേക്കുള്ള മുഖ്യ ലിസ്റ്റിന്‍റെ കാലാവധി കഴിയുമ്പോള്‍ അവസാനിക്കണം. ഭിന്നശേഷിക്കാര്‍ക്കായി സംവരണം ചെയ്തിട്ടുള്ള തസ്തികകളില്‍ നിയമനം വേഗത്തിലാക്കാന്‍ അംഗപരിമിതര്‍ക്കനുസൃതമായി അനുയോജ്യമായ തസ്തികകളെയും യോഗ്യതകളെയും സംബന്ധിച്ച് വ്യക്തത വരുത്തണമെന്നും മന്ത്രിസഭ വ്യക്തമാക്കി.
പിഎസ്‌സി വിജ്ഞാപനം
അതേസമയം, കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ സീനിയർ മാനേജർ (മാർക്കറ്റിങ്), സീനിയർ മാനേജർ (പ്രോജക്ട്‌സ്), സീനിയർ മാനേജർ (എച്ച് ആർ.ഡി.),ഭൂജല വകുപ്പിൽ അസിസ്റ്റൻ്റ് എഞ്ചിനീയർ, ജൂനിയർ ജിയോഫിസിസിസ്റ്റ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് ഗ്രേഡ് 2, ഫയർ ആൻഡ് റെസ്ക്യൂ സർവീസസിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ , ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ-ട്രെയിനി), ഓയിൽപാം ഇന്ത്യ ലിമിറ്റഡിൽ ഫീൽഡ് അസിസ്റ്റന്റ് ഉള്‍പ്പെടെ 40 തസ്തികകളിലേക്ക് പുതിയ വിജ്ഞാപനം പ്രസിദ്ധീകരിക്കാന്‍ പിഎസ്‌സി യോഗം അനുമതി നല്‍കിയിരുന്നു.