5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

State School Science Festival: സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം; നവംബർ 15 മുതൽ 18 വരെ

Kerala State School Science Festival: 180 ഓളം ഇനങ്ങളിലായി 5,000 ത്തോളം വിദ്യാർത്ഥികളാണ് സംസ്ഥാന സ്‌കൂൾ ശാസ്ത്രമേളയിൽ പങ്കെടുക്കുന്നത്. വിവിധ ജില്ലകളിൽ നിന്നും ശാസ്ത്രോത്സവത്തിൽ പങ്കെടുക്കാൻ എത്തുന്ന വിദ്യാർഥികളെയും അധ്യാപകരെയും സ്വീകരിക്കുന്നതിന് ട്രാൻസ്പോർട്ട് കമ്മറ്റിയുടെ കീഴിൽ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ പ്രത്യേകം സഹായകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതാണ്.

State School Science Festival: സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം; നവംബർ 15 മുതൽ 18 വരെ
Image Credits: Social Media
neethu-vijayan
Neethu Vijayan | Published: 09 Nov 2024 22:47 PM

ആലപ്പുഴ: കേരള സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം നവംബർ 15 മുതൽ 18 വരെ ആലപ്പുഴ ജില്ലയിൽ നടക്കും. സംഘാടക സമിതി ചെയർമാനും ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രിയുമായ സജി ചെറിയാനാണ് ഇക്കാര്യം അറിയിച്ചത്. നവംബർ 15ന് വൈകിട്ട് നാല് മണിക്ക് സെന്റ് ജോസഫ്സ് സ്‌കൂളിൽ ശാസ്ത്രോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ വി ശിവൻകുട്ടി, കെ എൻ ബാലഗോപാൽ, സംഘാടക സമിതി ചെയർമാൻ കൂടിയായ മന്ത്രി സജി ചെറിയാൻ, പി പ്രസാദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

ശാസ്ത്രോത്സവത്തിൽ നഗരത്തിലെ അഞ്ച് സ്‌കൂളുകളാണ് പ്രധാന വേദികളാവുക. ലിയോ തേർട്ടീന്ത് ഹൈസ്‌കൂൾ, ലജനത്തുൽ മുഹമ്മദീയ ഹയർ സെക്കന്ററി സ്‌കൂൾ, സെന്റ് ജോസഫ് ഹൈസ്‌കൂൾ, എസ്ഡിവി ബോയ്സ്, ഗേൾസ് എന്നീ സ്‌കൂളുകളിലെ പ്രത്യേകം സജ്ജമാക്കിയ വേദികളിലായാണ് മേള അരങ്ങേറുന്നത്. ശാസ്ത്രോത്സവത്തിന്റെ പ്രധാന വേദിയായ സെന്റ് ജോസഫ് ഹൈസ്‌കൂളിൽ സാമൂഹികശാസ്ത്ര, ഐടി മേളകളും, ലിയോ തേർട്ടീന്ത് സ്‌കൂളിൽ ശാസ്ത്രമേളയും, ലജ്ജനത്തുൽ മുഹമ്മദീയ ഹൈസ്‌കൂളിൽ ഗണിതശാസ്ത്രമേളയും, പ്രവർത്തി പരിചയമേള എസ്ഡിവി ബോയ്സ്, ഗേൾസ് സ്‌കൂളുകളിലും ആണ് നടക്കുന്നത്. ‌‌

കൂടാതെ കരിയർ സെമിനാർ, കരിയർ എക്സിബിഷൻ, നിരവധി കലാപരിപാടികൾ തുടങ്ങിയവും ലിയോ തേർട്ടീന്ത് സ്‌കൂൾ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ വേദികളിൽ നടക്കുന്നതാണ്. ഇത്തവണ സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് സംഘാടക സമിതിയുടെ നാമഥേയത്തിൽ എഡ്യുക്കേഷൻ മിനിസ്റ്റേഴ്സ് ട്രോഫി ഏർപ്പെടുത്തിയിട്ടുണ്ട്. 180 ഓളം ഇനങ്ങളിലായി 5,000 ത്തോളം വിദ്യാർത്ഥികളാണ് സംസ്ഥാന സ്‌കൂൾ ശാസ്ത്രമേളയിൽ പങ്കെടുക്കുന്നത്.

വിവിധ ജില്ലകളിൽ നിന്നും ശാസ്ത്രോത്സവത്തിൽ പങ്കെടുക്കാൻ എത്തുന്ന വിദ്യാർഥികളെയും അധ്യാപകരെയും സ്വീകരിക്കുന്നതിന് ട്രാൻസ്പോർട്ട് കമ്മറ്റിയുടെ കീഴിൽ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ പ്രത്യേകം സഹായകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതാണ്. പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും അനുഗമിക്കുന്ന അധ്യാപകർക്കും ചിക്കര കേന്ദ്രത്തിലും, ആലപ്പുഴ നഗരത്തിലെ ഹൈസ്‌കൂൾ, ഹയർ സെക്കന്ററി സ്‌കൂൾ എന്നിവിടങ്ങളിലുമായി താമസ സൗകര്യം ഒരുക്കുന്നതാണ്.

താമസ സ്ഥലത്ത് നിന്ന് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വേദികളിൽ എത്തിപ്പെടാൻ റൂട്ട് മാപ്പ് തയ്യാറാക്കി സ്‌കാൻ ചെയ്ത് പ്രത്യേകം നൽകും. ഒരു ദിവസം ശരാശരി 1500 വിദ്യാർത്ഥികൾക്കും അനുഗമർക്കും താമസ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. താമസ സ്ഥലത്തു നിന്ന് വേദികളിൽ എത്താൻ പ്രത്യേകം വാഹനവും സജ്ജമാക്കിയിട്ടുണ്ട്. ശാസ്ത്രമേളയിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് ഫുഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷണം സംഘാടക സമിതി ഒരുക്കും. ലജനത്തുൽ മുഹമ്മദീയ സ്‌കൂളിലെ പാചകപ്പുരയിൽ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് പാചകശാല നാല് ദിനം പ്രവർത്തിക്കുന്നത്.