UK Nursing Recruitment: അധികം പണം മുടക്കാതെ യു കെയിൽ രജിസ്ട്രേഡ് നേഴ്സ് ആകാം… വഴി എളുപ്പം
Job and study in the UK: രണ്ടു പരീക്ഷകളാണ് ഇതിനുള്ളത്. ഈ പരീക്ഷകൾ വിജയിക്കുന്നവർക്കാണ് ജോലി ലഭിക്കുക.
ന്യൂഡൽഹി: വിദേശത്ത് ജോലിയാണോ സ്വപ്നം. എങ്കിൽ കുറഞ്ഞ ചിലവിൽ പഠനവും ജോലിയും യു കെയിൽ നേടാൻ അവസരം. ജനറൽ നഴ്സിങ് പാസ്സായ വിദ്യാർത്ഥികൾക്ക് വലിയ തുക മുടക്കാതെ തന്നെ യു.കെ യിൽ രജിസ്ട്രേഡ് നഴ്സാകാനുള്ള അവസരമാണ് ഇപ്പോൾ ഉള്ളത്. ഒരു വർഷം കൊണ്ട് ബി.എസ്.സി ഓണേഴ്സ് ബിരുദം നേടാനുള്ള കോഴ്സാണ് ഇത്. യു.കെ യിലെ പബ്ലിക് യൂണിവേഴ്സിറ്റിയായ യൂണിവേഴ്സിറ്റി ഓഫ് സഫോക്കിന്റെ കീഴിലുള്ള കോളേജുകളിലാണ് ഇതിനുള്ള അവസരം.
ബി.എസ്.സി ഓണേഴ്സ് നഴ്സിങ് ടോപ് അപ്, ബി.എസ്.സി ഓണേഴ്സ് മിഡ് വൈഫറി പ്രൊഫഷണൽ ടോപ് അപ്, ബി.എസ്.സി ഓണേഴ്സ് എൻഹാൻസ്ഡ് മെന്റൽ ഹെൽത് നഴ്സിങ് ടോപ് അപ് എന്നിവയാണ് കോഴ്സുകൾ എന്നാണ് വിവരം. കോഴ്സ് ഫീസ് 7500 പൗണ്ടാണ് എന്നും അധികൃതർ വ്യക്തമാക്കുന്നു. ഈ മൂന്നു കോഴ്സുകൾ പാസ്സാകുന്ന വിദ്യാർത്ഥികൾക്ക് യു.കെയിൽ രജിസ്ട്രേഡ് നഴ്സാകാനുള്ള പരീക്ഷ എഴുതാം.
രണ്ടു പരീക്ഷകളാണ് ഇതിനുള്ളത്. ഈ പരീക്ഷകൾ വിജയിക്കുന്നവർക്കാണ് ജോലി ലഭിക്കുക. മൊത്തം 70 സീറ്റുകളാണ് ഈ പ്രോഗ്രാമിനായി ഉള്ളത്. ഒരു വർഷത്തെ കോഴ്സാണ് ഇത്. രണ്ടു വർഷം സ്റ്റേ ബാക്കും ലഭിക്കും എന്നാണ് വിവരം. രജിസ്ട്രേഡ് നഴ്സാകുന്നതിനുള്ള പരീക്ഷ പാസ്സാകുന്നത് വരെ നഴ്സിങ് അസിസ്റ്റന്റ് ആകാനുള്ള യോഗ്യത ഈ കോഴ്സുകൾ നൽകുന്നു. ഐ.ഇ.എൽ.റ്റി.എസ് 6, 5.5 അല്ലെങ്കിൽ ഒ.ഇ.റ്റി സ്കോർ സി, അല്ലെങ്കിൽ പി.റ്റി.ഇ 59 സ്കോർ ഉള്ളവർക്കാണ് അപേക്ഷിക്കാൻ കഴിയുക.
സെപ്റ്റംബറിലാണ് അഡ്മിഷൻ പൂർത്തിയാകുന്നത്. ബി.എസ്.സി നഴ്സിങ് കഴിഞ്ഞവർക്കും അപേക്ഷിക്കാൻ കഴിയുമെന്ന പ്രത്യേകത ഉണ്ട്. ബി.എസ്.സി ഓണേഴ്സ് മിഡ് വൈഫറി പ്രൊഫഷണൽ ടോപ് അപ്, ബി.എസ്.സി ഓണേഴ്സ് എൻഹാൻസ്ഡ് മെന്റൽ ഹെൽത് നഴ്സിങ് ടോപ് അപ് കോഴ്സുകൾ ബി.എസ്.സി നഴ്സിങ് കഴിഞ്ഞവർക്ക് തെരഞ്ഞെടുക്കാം. കോഴ്സുകൾക്കൊപ്പം യു.കെയിൽ പാർട്ട് ടൈം ജോലി ചെയ്യാനും കഴിയും. നഴ്സിങ് മേഖലയിൽ പാർട്ട് ടൈം ചെയ്യുന്നവർക്ക് അത് വർക് എക്സ്പീരിയൻസായി ചേർക്കാനുമാകും എന്നതാണ് മറ്റൊരു പ്രത്യേകത.