GATE Exam 2025: ഗേറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നവർ ശ്രദ്ധിക്കുക; അപേക്ഷ തിരുത്താനുള്ള അവസരം ഇന്നു കൂടി
GATE 2025 exam application correction: ഫോമിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നതിന് ഗേറ്റ് അപേക്ഷാ ഫോം തിരുത്തൽ ഫീസ് നിർബന്ധമാണ്.
ന്യൂഡൽഹി: ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എഞ്ചിനീയറിംഗ് (ഗേറ്റ്) പരീക്ഷയ്ക്കുള്ള അപേക്ഷാ ഫോം തിരുത്തൽ പ്രക്രിയ ഇന്ന് അവസാനിപ്പിക്കും. ഔദ്യോഗിക വെബ്‌സൈറ്റായ gate2025.iitr വഴി ഗേറ്റ് 2025 അപേക്ഷാ ഫോം തിരുത്തൽ നടത്താം. അപേക്ഷാ ഫോറം തിരുത്താനുളള സൗകര്യം വഴി ഉദ്യോഗാർത്ഥികൾക്ക് വിഭാഗം, പേപ്പർ, പരീക്ഷാ നഗരം, മറ്റ് വിശദാംശങ്ങൾ എന്നിവയിൽ മാറ്റങ്ങൾ വരുത്താം.
ഫോമിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നതിന് ഗേറ്റ് അപേക്ഷാ ഫോം തിരുത്തൽ ഫീസ് നിർബന്ധമാണ്. ഐ ഐ ടി റൂർക്കി 2025 ഫെബ്രുവരി 1, 2, 15, 16 തീയതികളിൽ ഗേറ്റ് 2025 പരീക്ഷ നടത്താൻ ഒരുങ്ങുന്നതായാണ് വിവരം. ലേറ്റ് ഫീസുള്ള ഗേറ്റ് 2025 രജിസ്ട്രേഷൻ ഒക്ടോബർ 11-ന് അവസാനിച്ചിരുന്നു. നേരത്തെ തിരഞ്ഞെടുത്ത ഗേറ്റ് പരീക്ഷാ കേന്ദ്രങ്ങളിലും പേപ്പറുകളിലും മാറ്റങ്ങൾ വരുത്താൻ, ഉദ്യോഗാർത്ഥികൾ അധിക ഫീസ് അടയ്‌ക്കേണ്ടതുണ്ട്.
ഉദ്യോഗാർത്ഥികൾക്ക് ഏതെങ്കിലും മൂന്ന് ഗേറ്റ് പരീക്ഷാ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാനാണ് അവസരം ഉള്ളത്. എന്നാലും, മുൻഗണന ഒരേ സോണിൽ നിന്നായിരിക്കണം. ഉദ്യോഗാർത്ഥികൾക്ക് സോൺ തിരിച്ചുള്ള കേന്ദ്രത്തിൻ്റെ പേര് അറിയാൻ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമായ പരീക്ഷാ കേന്ദ്ര ലിസ്റ്റ് പരിശോധിക്കാവുന്നതാണ്.
മാറ്റങ്ങൾ വരുത്താനുള്ള നടപടികൾ
അവസാന തീയതിക്ക് ശേഷം മാറ്റങ്ങളൊന്നും സ്വീകരിക്കപ്പെടാത്തതിനാൽ ഉദ്യോഗാർത്ഥികൾ ഗേറ്റ് 2025 അപേക്ഷയിൽ ഇന്നു തന്നെ തിരുത്തലുകൾ വരുത്തേണ്ടതുണ്ട്.
- ഔദ്യോഗിക GOAPS വെബ്സൈറ്റ് സന്ദർശിക്കുക
- എൻറോൾമെൻ്റ് നമ്പറോ ഇമെയിൽ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക
- അപേക്ഷാ ഫോം തിരുത്തൽ ലിങ്ക് ദൃശ്യമാകുന്ന പേജിലെത്തും
- ഫോമിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി സബ്മിറ്റ് ക്ലിക്കുചെയ്യുക.
- പേജിൻ്റെ പ്രിൻ്റൗട്ട് ഡൗൺലോഡ് ചെയ്ത് എടുക്കുക.
ഉദ്യോഗാർത്ഥിയുടെ ലിംഗം, വിഭാഗം, വൈകല്യമുള്ള വ്യക്തി (PwD) സ്റ്റാറ്റസ്, ഡിസ്‌ലെക്സിയയും മറ്റ് സമാന പഠന വൈകല്യങ്ങളും, മാതാപിതാക്കളുടെ വിശദാംശങ്ങൾ, രക്ഷിതാവ് അല്ലെങ്കിൽ കറസ്പോണ്ടൻസ് വിലാസം, കോളേജിൻ്റെ പേരും സ്ഥലവും, റോൾ നമ്പർ, രജിസ്ട്രേഷൻ നമ്പർ, പരീക്ഷയുടെ പേപ്പറും കേന്ദ്രവും എന്നിവയിൽ തിരുത്തൽ വരുത്താം.