Kerala Teacher Post: 4000 അധ്യാപക തസ്തിക കുറയും, 3400 ഡിവിഷനുകൾ ഇല്ലാതാവും; കാരണം കുട്ടികളുടെ കുറവ്
Kerala Teacher Post Eliminated: ഒന്നാംക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻവർഷത്തെക്കാൾ 7163 പേരുടെ കുറവാണ് രേഖപ്പെടുത്തിയത്. 2023-24-ൽ 2,58,149 കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിൽ ചേർന്നിരുന്നെങ്കിൽ അത് ഈ വർഷം 2,50,986 പേരായി കുറഞ്ഞു.
തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിൽ വിദ്യാർഥികളുടെ എണ്ണം വൻ തോതിൽ കുറഞ്ഞതായി റിപ്പോർട്ട്. അതിനാൽ ഈ അധ്യയനവർഷം ഇല്ലാതാവുന്നത് നാലായിരത്തിലേറെ അധ്യാപക തസ്തികകളാകും. ഇത്തവണ മുൻവർഷത്തെക്കാൾ ഒന്നേകാൽ ലക്ഷത്തിലേറെ കുട്ടികളുടെ കുറവാണ് അധ്യയനവർഷാരംഭത്തിലെ ആറാം പ്രവൃത്തിദിനത്തിൽ കുട്ടികളുടെ കണക്കെടുത്തപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ തസ്തിക നിർണയ റിപ്പോർട്ട് ഔദ്യോഗികമായി ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഈ വർഷം ഒന്നുമുതൽ 10 വരെയുള്ള ക്ലാസുകളിൽ 3400 ഡിവിഷനുകൾ ഇല്ലാതാവുമെന്നാണ് വിദ്യാഭ്യാസവകുപ്പ് തയ്യാറാക്കിയ കണക്കനുസരിച്ച് വ്യക്തമാകുന്നത്. സർക്കാർ പ്രൈമറി സ്കൂളുകളിൽ മാത്രം 715 തസ്തികകൾ നഷ്ടപ്പെട്ടേക്കും.
അതേസമയം ഹൈക്കോടതി ഉത്തരവിട്ടതനുസരിച്ചുള്ള ഇംഗ്ലീഷ് അധ്യാപകരെ ഹൈസ്കൂളിൽ പ്രത്യേകം നിയമിക്കാനുള്ള ഡിവിഷൻ നിർണയം പുരോഗമിക്കുകയാണ്. അതിനാൽ അന്തിമ റിപ്പോർട്ടിന്റെ ഭാഗമായി കുട്ടികളുടെ എണ്ണത്തിലും അധ്യാപക തസ്തികകളിലും ഏറ്റക്കുറച്ചിലുകൾ വന്നേക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് അധികൃതർ വ്യക്തമാക്കി.
ഒന്നാംക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻവർഷത്തെക്കാൾ 7163 പേരുടെ കുറവാണ് രേഖപ്പെടുത്തിയത്. 2023-24-ൽ 2,58,149 കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിൽ ചേർന്നിരുന്നെങ്കിൽ അത് ഈ വർഷം 2,50,986 പേരായി കുറഞ്ഞു.
രണ്ടുമുതലുള്ള ക്ലാസുകളിൽ പുതുതായി ചേരുന്ന കുട്ടികളുടെ എണ്ണവും കുറഞ്ഞതോടെ, പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണം മുൻവർഷത്തെക്കാൾ വളരെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരെ മറ്റു സ്‌കൂളുകളിലേക്ക് പുനർവിന്യസിക്കാമെങ്കിലും സർക്കാർ സ്കൂളുകളിൽ തസ്തിക നഷ്ടപ്പെടുന്നവരെ സംരക്ഷിച്ചുനിർത്തേണ്ടിവരുമെന്നത് വലിയ വെല്ലുവിളിയാണ്.
സർക്കാർ സ്കൂളിൽ കഴിഞ്ഞവർഷം ഒന്നുമുതൽ 10 വരെയുള്ള ക്ലാസുകളിൽ 12.23 ലക്ഷം കുട്ടികണ് ഉണ്ടായിരുന്നത്. ഈ വർഷമുള്ളത് 11.60 ലക്ഷമാണ്. എയ്ഡഡ് സ്കൂളിൽ കഴിഞ്ഞവർഷം 21.81 ലക്ഷമായിരുന്നത് ഈ വർഷം 21.27 ലക്ഷമായി കുറഞ്ഞു. എയ്ഡഡിനെ അപേക്ഷിച്ച് സർക്കാർ സ്കൂളിൽ കുട്ടികളുടെ എണ്ണം കുറയുമ്പോൾ ആനുപാതികമായി അധ്യാപക തസ്തികകളിൽ വലിയ നഷ്ടമുണ്ടാവും.
എന്നാൽ ഹയർസെക്കൻഡറി സ്കൂളുകളിൽ സർക്കാർ തസ്തികനിർണയം നടത്തിയപ്പോൾ ഭീഷണി നേരിടുന്നത് 350 അധ്യാപകരാണ്. 2023-24 അധ്യയനവർഷത്തെ തസ്തികനിർണയമാണ് പൂർത്തീകരിച്ചിരിക്കുന്നത്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ കുട്ടികൾ കുറഞ്ഞെന്നാണ് കണക്കുകൾ. ഇവിടങ്ങളിൽ 25 കുട്ടികൾപോലുമില്ലാത്ത ഒട്ടേറെ ബാച്ചുകളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ ജില്ലകളിലെ സ്കൂളുകളിൽ 350 അധ്യാപകർ തസ്തികപ്രശ്നം നേരിടുന്നുണ്ടെന്നാണ് വിലയിരുത്തൽ.