യുദ്ധമോ യുഎസ് തിരഞ്ഞെടുപ്പോ... സ്വർണവില വർധിക്കുന്നത് എന്തുകൊണ്ട്? | Why is Gold Rate Increasing Globally In 2024 Check Reasons From US Election To Israel-Iran War Malayalam news - Malayalam Tv9

Gold Rate Hike: യുദ്ധമോ യുഎസ് തിരഞ്ഞെടുപ്പോ… സ്വർണവില വർധിക്കുന്നത് എന്തുകൊണ്ട്?

Why Are Gold Prices On The Rise: ആറു മാസത്തെ സ്വർണ്ണവിലയിലെ കയറ്റം 19.04 ശതമാനം (438.59 ഡോളർ) ആണ്. ഒരു വർഷത്തിൽ ആഗോള സ്വർണ്ണവില 38.16 ശതമാനം (757.53 ഡോളർ) കൂടിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ആഗോള വിപണികളിലെ വില മാറ്റങ്ങൾ ഡോളറിൽ ആയതിനാൽ തന്നെ നേരിയ ചലനങ്ങൾ പ്രാദേശിക വിപണി വിലയെ ബാധിക്കുകയും ചെയ്യും.

Gold Rate Hike: യുദ്ധമോ യുഎസ് തിരഞ്ഞെടുപ്പോ... സ്വർണവില വർധിക്കുന്നത് എന്തുകൊണ്ട്?
Updated On: 

02 Nov 2024 16:31 PM

കുറച്ചു ദിവസമായി സ്വർണവിലയിൽ സ്ഥിരതയോടെയുള്ള വർധനവാണ് രേഖപ്പെടുത്തികൊണ്ടിരിക്കുന്നത്. പവന് 58,000 വും കടന്ന് സ്വർണവില കുതിക്കുന്നതാണ് കാണാൻ സാധിക്കുന്നത്. എന്നാൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും വൈകാതെ അറുപതിനായിരം പിന്നിടുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. 30 ദിവസത്തിനിടെ ആഗോള സ്വർണ്ണവിലയിൽ 3.27 ശതമാനം (86.72 ഡോളർ) വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ആറു മാസത്തെ സ്വർണ്ണവിലയിലെ കയറ്റം 19.04 ശതമാനം (438.59 ഡോളർ) ആണ്. ഒരു വർഷത്തിൽ ആഗോള സ്വർണ്ണവില 38.16 ശതമാനം (757.53 ഡോളർ) കൂടിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ആഗോള വിപണികളിലെ വില മാറ്റങ്ങൾ ഡോളറിൽ ആയതിനാൽ തന്നെ നേരിയ ചലനങ്ങൾ പ്രാദേശിക വിപണി വിലയെ ബാധിക്കുകയും ചെയ്യും. അതുപോലെ ഡോളർ- രൂപ വിനിമയ നിരക്കും ഇവിടെ പ്രധാനമായ ഒന്നാണ്.

സാധാരണനിലയിൽ ഓഹരി വിപണി ഇടിയുമ്പോഴാണ് സ്വർണവില കുതിക്കാറുള്ളത്. ഓഹരി, സ്വർണ വിപണികൾ തമ്മിൽ പ്രത്യക്ഷത്തിൽ ബന്ധമില്ലെങ്കിലും രണ്ടും പ്രധാനപ്പെട്ട നിക്ഷേപ മാർഗങ്ങളായാണ് കണക്കാക്കുന്നത്. ഓഹരി വിപണിയിലാകട്ടെ ലാഭനഷ്ട സാധ്യതകൾ വളരെ വലുതാണ്. അതുകൊണ്ടാണ് പലപ്പോഴും ഓഹരി വിപണിയിൽ കുതിച്ചുചാട്ടം ഉണ്ടാകുമ്പോൾ സ്വർണവില കുറയുകയും വിപണി താഴുമ്പോൾ സ്വർണവില കൂടുകയും ചെയ്യുന്നത്. നിലവിൽ ഓഹരി വിപണികളുടെ തളർച്ച നിക്ഷേപങ്ങൾ സ്വർണ്ണത്തിലേയ്ക്ക് ഒഴുകാൻ കാരണമായിട്ടുണ്ട്. ഒരുപരിധി വരെ അടുത്തകാലത്ത് സ്വർണ്ണവില പറന്നുയരാൻ ഇതും കാരണമായി പറയുന്നുണ്ട്.

ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ

ഇതെല്ലാം കൂടാതെ പശ്ചിമേഷ്യൻ സംഘർഷവും, മാന്ദ്യ ഭീതിയും, യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമെല്ലാം രാജ്യാന്തര സ്വർണ്ണവിലയിലെ കുതിപ്പിനെ സ്വാധീനിക്കുന്ന പ്രധാന ഘടങ്ങളാണ്. നിലവിൽ പശ്ചിമേഷ്യയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷം സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണത്തിന്റെ ഡിമാൻഡ് വർധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്. വിദഗ്ധരുടെ അഭിപ്രായത്തിൽ, സംഘർഷ സാഹചര്യം നിക്ഷേപകരെ സുരക്ഷിത നിക്ഷേപത്തിലേക്ക് നീങ്ങാൻ പ്രേരിപ്പിക്കുന്നുണ്ട്.

യുഎസ് ഫെഡ് പലിശ നിരക്കിലെ കുറവ്

ഇക്കഴിഞ്ഞ സെപ്റ്റംബറിൽ യുഎസ് ഫെഡ് പലിശ നിരക്കുകളിൽ 50 ബേസിസ് പോയിന്റുകളുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. നവംബറിലും ഫെഡ് നിരക്കുകൾ കുറയ്ക്കാൻ സാധ്യതയുണ്ടെന്നാണ് പല റിപ്പോർട്ടുകളും പറയുന്നത്. ഇതും ഒരു പരിധിവരെ സ്വർണ്ണത്തിന് കരുത്ത് പകർന്നു. നിലവിൽ, കഴിഞ്ഞ മാസം യുഎസ് ഫെഡ് പലിശ കുറയ്ക്കുമെന്ന പ്രതീക്ഷ സ്വർണ്ണവില വൻ തോതിൽ വർധിക്കാൻ കാരണമായിട്ടുണ്ടെന്നും സാമ്പത്തിക വി​ദ​ഗ്ധർ പറയുന്നു.

പലിശ കുറഞ്ഞാൽ ഡോളറിന് ആധിപത്യമുള്ള ബോണ്ട്, സേവിങ്സ് അക്കൗണ്ടുകൾ തുടങ്ങിയവയിലെ റിട്ടേണുകളിൽ കുറവ് രേഖപ്പെടുത്തും. ഇത് യുഎസ് ഡോളറിന്റെ മൂല്യത്തിലും വൻ തോതിൽ ഇടിവുണ്ടാക്കും. ആഗോള തലത്തിലാകട്ടെ സ്വർണ്ണവില കണക്കാക്കുന്നത് യുഎസ് ഡോളറിലാണ്. അതുകൊണ്ട് തന്നെ ഡോളറിന് മൂല്യ ശോഷണം സംഭവിച്ചാൽ മറ്റ് കറൻസികളിൽ നിക്ഷേപമുള്ളവരുടെ കയ്യിലെ സ്വർണ്ണം സ്വാഭാവികമായി കുറഞ്ഞ വിലയിലേക്കു മാറും. ഇത് സ്വർണ്ണത്തിന്റെ ഡിമാൻഡും അതുവഴി വിലയും വർധിപ്പിക്കുന്നു.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തു വരുന്നത് സ്വർണ വില ഉയരാനുള്ള മറ്റൊരു പ്രധാന കാരണമായി വി​ദ​ഗ്ധർ ചൂണ്ടികാണിക്കുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന നവംബർ അഞ്ചിന് മുമ്പ് രാജ്യാന്തര വില ഔൺസിന് 2,800 ഡോളർ നിലവാരത്തിലേക്കെത്തുമെന്നാണ് പല വിലയിരുത്തലുകളിലൂടെയും വ്യക്തമാകുന്നത്. ഇത്തരത്തിൽ സംഭവിച്ചാൽ സംസ്ഥാനത്തെ സ്വർണ്ണ വില പവന് 60,000 രൂപ എന്ന നിലവാരം മറികടക്കുമെന്ന കാര്യത്തിൽ സംശയമില്ല.

തിരഞ്ഞെടുപ്പിൽ യുഎസ് പ്രസിഡന്റായി ഡൊണാൾഡ് ട്രംപാണ് വിജയിക്കുന്നതെങ്കിൽ സ്വർണ്ണ വില വീണ്ടും പുതിയ ഉയരങ്ങൾ തൊട്ടേക്കുമെന്ന് നിരീക്ഷണങ്ങളും പുറത്തുവരുന്നുണ്ട്. യുഎസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായ ഡോണൾഡ് ട്രംപും കമല ഹാരിസും തമ്മിലെ മത്സരം വളരെ ശക്തമാണ്. ഇതിൽ ആര് ജയിക്കുമെന്ന് സൂചന കിട്ടിയാൽ മാത്രമേ യുഎസിന്റെ തുടർ സാമ്പത്തിക നയങ്ങളെപ്പറ്റി അനുമാനിക്കാനെങ്കിലും കഴിയൂ എന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.

ഈ അനിശ്ചിതത്വമാകട്ടെ യുഎസ് ഡോളർ, യുഎസ് സർക്കാരിന്റെ കടപ്പത്രം എന്നിവയെയും ഓഹരി വിപണിയെയും വലിയതോതിൽ സമ്മർദ്ദത്തിലാഴ്ത്തിയിട്ടുണ്ട്. ഇതോടെ, നിക്ഷേപകർ ഇവയെ കൈവിട്ട് സ്വർണം ഇടിഎഫ് പോലുള്ള സുരക്ഷിത നിക്ഷേപത്തെ ആശ്രയിക്കുന്നതാണ് ഇപ്പോഴത്തെ വിലക്കയറ്റം സൃഷ്ടിക്കുന്നത്.

ഇന്ത്യയിലെ ഉത്സവകാലം

രാജ്യത്ത് ഇപ്പോൾ ഉത്സവകാലമാണ്. ഇന്ത്യയിൽ സ്വർണാഭരണങ്ങൾക്ക് ഉത്സവകാല വിൽപന വർധിച്ചതും വിലക്കയറ്റത്തിന് ആക്കംകൂടുന്നതായി വിദഗ്ധർ ചൂണ്ടികാണിക്കുന്നു. ‍ഡോളറിനെ ഒഴിവാക്കി ഇന്ത്യയുടെ റിസർവ് ബാങ്ക് അടക്കമുള്ള ലോകത്തെ പ്രമുഖ കേന്ദ്രബാങ്കുകൾ വിദേശനാണയ ശേഖരത്തിലേക്ക് സ്വർണം വൻതോതിൽ കൂട്ടിച്ചേർക്കുന്നതും വില വർദ്ധനവിന് മറ്റൊരു കാരണമാണ്. കൂടാതെ ഡോളറിനെതിരായ രൂപയുടെ മൂല്യയിടിവ് മൂലം സ്വർണം ഇറക്കുമതിച്ചെലവ് വർധിച്ചതും വില വർധിക്കാനുള്ള കാരണങ്ങളായി കണക്കാക്കുന്നു. നടപ്പുവർഷം ഏപ്രിൽ-സെപ്റ്റംബറിൽ മാത്രം 102 ടൺ സ്വർണമാണ് റിസർവ് ബാങ്ക് വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

റാഹയ്‌ക്കൊപ്പം ദീപാവലി ആഘോഷിച്ച് ആലിയയും രൺബീറും
കാമുകിക്ക് പിറന്നാള്‍ ആശംസകളുമായി ഹൃത്വിക് റോഷന്‍
ലണ്ടനില്‍ ദീപാവലി ആഘോഷത്തിൽ തിളങ്ങി പ്രിയങ്കയും കുടുംബവും
ആരോഗ്യമുള്ള ചർമ്മത്തിന് ആര്യവേപ്പ് ഫേസ്പാക്ക്